ചോദ്യംചെയ്യലിന് സമയം അറിയിക്കണം; പി.എസ്.സിക്ക് കത്തയച്ച് വീണ്ടും ക്രൈംബ്രാഞ്ച്
text_fieldsതിരുവനന്തപുരം: പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യലിന് ഹാജരാകാനുള്ള സമയവും സൗകര്യവും അറിയിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സിക്ക് ക്രൈംബ്രാഞ്ച് കത്ത് നൽകി. ഈമാസം 15 മുതൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നാല് പി.എസ്.സി അംഗങ്ങൾക്ക് അന്വേഷണസംഘം മുമ്പ് നോട്ടീസ് നൽകിയത് വിവാദമായിരുന്നു.
ഹാജരാകില്ലെന്ന് പി.എസ്.സി അധികൃതർ വ്യക്തമാക്കുകയും ക്രൈംബ്രാഞ്ച് നടപടിയെ ചോദ്യം ചെയ്ത് പി.എസ്.സി ഹൈകോടതിയെ സമീപിക്കുകയും ചെയ്തു. ആ സാഹചര്യത്തിലാണ് പി.എസ്.സി അംഗങ്ങളുടെ സമയവും സ്ഥലവും സൗകര്യവും അറിയിച്ചാൽ മൊഴിയെടുക്കൽ നടപടി അത്തരത്തിൽ ക്രമീകരിക്കാമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ.ജി അജീത ബീഗം പി.എസ്.സി സെക്രട്ടറിക്ക് കത്ത് നൽകിയത്. വിവിധ ജില്ലകളിലുള്ള അംഗങ്ങളുടെ സൗകര്യാർഥം ആ ജില്ലകളിൽ മൊഴിയെടുക്കാനുള്ള സൗകര്യം ഒരുക്കാമെന്ന് വ്യക്തമാക്കുന്ന കത്താണ് നൽകിയിട്ടുള്ളത്.
എന്നാൽ ഇക്കാര്യത്തിൽ പി.എസ്.സി അധികൃതർ തീരുമാനമെടുക്കുകയോ മറുപടി നൽകുകയോ ചെയ്തിട്ടില്ല. ഭരണഘടന സ്ഥാപനമെന്ന നിലക്ക് പി.എസ്.സിക്ക് പ്രത്യേക അധികാരമുണ്ടെന്നും അതിനാൽ ക്രൈംബ്രാഞ്ച് ആസ്ഥാനത്തോ ഓഫിസുകളിലോ ചോദ്യംചെയ്യലിന് ഹാജരാകേണ്ടതില്ലെന്നുമുള്ള നിലപാടിൽ പി.എസ്.സി ഉറച്ചുനിൽക്കുകയാണ്.
ഭരണഘടനാ സ്ഥാപനമെന്ന പ്രത്യേക പരിഗണനയൊന്നും പി.എസ്.സിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് മുൻ കോടതി ഉത്തരവുകളെന്തെങ്കിലുമുണ്ടോയെന്ന് അറിയാനാണ് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്.
പി.എസ്.സി നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തിയത് അന്വേഷണസംഘത്തിന് കൂടുതൽ ഊർജം നൽകും. ക്രിമിനൽ ചട്ട പ്രകാരം കേസെടുത്തുള്ള നടപടികള് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അധികാരമായതിനാൽ പി.എസ്.സി നിലപാട് ക്രൈംബ്രാഞ്ച് നേരത്തെ നിരാകരിച്ചതാണ്. വിശദമായ നിയമപരിശോധനക്ക് ശേഷം പി.എസ്.സിക്ക് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മറുപടി നൽകാൻ നേരത്തെ തീരുമാനമെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

