പി.എസ്.സി അധികൃതർ ചോദ്യം ചെയ്യലിന് ഹാജരായേ പറ്റൂ
text_fieldsതിരുവനന്തപുരം: പരീക്ഷാക്രമക്കേടിൽ പി.എസ്.സി അധികൃതർ ചോദ്യം ചെയ്യലിന് ഹാജരായേ പറ്റൂയെന്ന നിലപാടിലുറച്ച് ക്രൈംബ്രാഞ്ച്. ഇതുസംബന്ധിച്ച് നിയമോപദേശം തേടിയശേഷം തുടർനടപടികളുമായി മുന്നോട്ടുപോകാനാണ്അന്വേഷണ സംഘത്തിന്റെ തീരുമാനം.
ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘത്തലവൻ ഐ.ജി അജീതാബീഗം പി.എസ്.സി അംഗങ്ങൾക്ക് നോട്ടീസ് നൽകും. അംഗങ്ങൾക്ക് പിന്നാലെ ചെയർമാൻ എം.ആർ. ബൈജുവിനെയും ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഭരണഘടനാ സ്ഥാപനമെന്ന പ്രത്യേക പരിഗണനയൊന്നും പി.എസ്.സിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് മുൻ കോടതി ഉത്തരവുകളെന്തെങ്കിലുമുണ്ടോയെന്ന് അറിയാനാണ് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയത്.
പി.എസ്.സി നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തിയത് അന്വേഷണസംഘത്തിന് കൂടുതൽ ഊർജം നൽകും. ക്രിമിനൽ ചട്ട പ്രകാരം കേസെടുത്തുള്ള നടപടികള് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അധികാരമായതിനാൽ പി.എസ്.സി നിലപാട് ക്രൈംബ്രാഞ്ച് നേരത്തെ നിരാകരിച്ചതാണ്. വിശദമായ നിയമപരിശോധനക്ക് ശേഷം പി.എസ്.സിക്ക് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മറുപടി നൽകാനാണ് തീരുമാനം.
ക്രൈംബ്രാഞ്ച്, പി.എസ്.സി ആസ്ഥാനങ്ങളിലല്ലാതെ അതിഥി മന്ദിരങ്ങളിൽ വെച്ച് മൊഴിയെടുക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് വിവരം. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന നിലപാടിൽ അന്വേഷണസംഘം ഉറച്ചുനിന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി പി.എസ്.സി ഹൈകോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
അതിനിടെ, പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് പി.എസ്.സി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. പരീക്ഷാമൂല്യനിർണയത്തിൽ രണ്ടു ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നും അവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ക്രൈംബ്രാഞ്ച് സർക്കാറിന് കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

