എൺപതിനായിരം വായ്പയെടുത്താൽ എട്ടുലക്ഷം കൂടെ പോരുന്ന 'വിദ്യയുമായി' കുഴൽമന്ദം ക്രെഡിറ്റ് സൊസൈറ്റി
text_fieldsപാലക്കാട് കണ്ണാടി സ്വദേശിയായ വീട്ടമ്മ 80,000 രൂപയുടെ വായ്പക്കാണ് കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സൊസൈറ്റിയെ സമീപിച്ചത്. വീടിന്റെ ആധാരം ഈടായി സ്വീകരിച്ച് 80,000 രൂപ വായ്പയും സംഘം അനുവദിച്ചു. പിന്നീടാണ് അറിയുന്നത് താൻ എടുത്ത വായ്പ എട്ട് ലക്ഷമാണെന്ന്.
80,000 എന്ന് എഴുതിയ സ്ഥലത്ത് യുവതി അറിയാതെ ഒരു പൂജ്യം കൂടി ചേർത്ത് എട്ട് ലക്ഷം രൂപയാക്കി മാറ്റുകയായിരുന്നു. പരാതിപ്പെട്ടപ്പോൾ 80,000 രൂപയും അതിന്റെ പലിശയും മാത്രം അടച്ചാൽ മതിയെന്നാണ് ഭരണസമിതി മറുപടി പറഞ്ഞത്.
എട്ടുലക്ഷത്തിലെ ബാക്കി 7.20 ലക്ഷം രൂപ ആരെടുത്തുവെന്ന് ആർക്കുമറിയില്ലത്രെ. 80000 രൂപ വായ്പയെടുത്ത വീട്ടമ്മ ആ തുക പലിശ സഹിതം അടച്ചാലും ഈടായി നൽകിയ വീടിന്റെ ആധാരം ബാങ്കിൽ നിന്ന് കിട്ടില്ല. അതിന് ആ 'അഞ്ജാതൻ' 7.20 ലക്ഷം രൂപ പലിശ സഹിതം തിരിച്ചടക്കുക കൂടി വേണം. ഇനി ആ 'അഞ്ജാതന്' തിരിച്ചടക്കാൻ മനസില്ലെങ്കിൽ അതുകൂടി വീട്ടമ്മ തന്നെ അടക്കേണ്ടിയും വരും.
കുഴൽമന്ദം ക്രെഡിറ്റ് സൊസൈറ്റിയിൽ ഇത്തരത്തിലുള്ള നിരവധി ക്രമക്കേടുകളുണ്ട്. കുത്തനൂർ സ്വദേശി ചിട്ടിയിൽ നിന്നും ലഭിച്ച 10 ലക്ഷം രൂപയാണ് കുഴൽമന്ദം ക്രെഡിറ്റ് സൊസൈറ്റിയിൽ നിക്ഷേപിച്ചത്. പണം തിരിച്ചുകിട്ടാൻ ഇദ്ദേഹത്തിന് ഏറെ പണിപ്പെടേണ്ടിവന്നു. അവസാനം സംഘം ഭാരവാഹികൾ ബിനാമിയായി വാങ്ങിയ ഭൂമി വിറ്റാണ് ആ പണം തിരികെ കൊടുത്തത്. വൻ വെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചുവിടപ്പെട്ട കുഴൽമന്ദം ബ്ലോക്ക് റൂറൽ ക്രെഡിറ്റ് സഹകരണ സംഘം ഭരണസമിതിയുടെ നേതൃത്വത്തിൽ അരങ്ങേറിയ കോടികളുടെ ക്രമക്കേടിൽ ചിലത് മാത്രമാണിത്. 4.85 കോടിയുടെ ക്രമക്കേടാണ് സംഘം വിവിധ സമയങ്ങളിലായി നടത്തിയത്.
നിരവധി ആളുകളുടെ പേരിൽ 1.21 കോടി രൂപയുടെ വായ്പയെടുത്തു. 12 ആധാരങ്ങള്‍ ഗഹാന് ചെയ്തില്ല. 119 ആധാരങ്ങളില്‍ നിയമവശം രേഖപ്പെടുത്തിയില്ല. പ്രസിഡൻറ് ഉള്‍പ്പെടെ ഏഴുപേര്‍ എടുത്ത വായ്പക്ക് ആധാരവും മറ്റ് രേഖകളുമില്ല തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബിനാമി പേരിൽ പ്രസിഡൻറും ഭരണസമിതി അംഗങ്ങളും വായ്പയെടുക്കുക, നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും തുക തിരിച്ചുനൽകാതെ വഞ്ചിക്കുക തുടങ്ങി നൂറിലേറെ പരാതികളാണ് സംഘത്തിനെതിരെ ലഭിച്ചത്.
പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടർന്ന് അന്നത്തെ ഭരണസമിതി പിരിച്ചുവിട്ടു. സംഘത്തിന്റെ നഷ്ടം 5.82 കോടി രൂപയാണ്. വായ്പ തിരിമറി, സ്ഥിരനിക്ഷേപം തിരിച്ചു നല്കാതിരിക്കല്, രേഖകളില്ലാതെ വായ്പ അനുവദിക്കല്‍, അപേക്ഷകര്‍ അറിയാതെ വായ്പ പുതുക്കല്‍ തുടങ്ങിയ പരാതികളിൽ ഇപ്പോൾ റവന്യൂ റിക്കവറി നടപടികൾ നടന്നുവരുകയാണ്.