കസേരപ്പോരിൽ ‘ക്രിയേറ്റീവ്’ ബദലുകൾ; ഉത്തരമില്ലാതെ കെ.പി.സി.സി
text_fieldsതിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ കസേരച്ചർച്ചകൾ പരസ്യപ്രതികരണങ്ങളിൽനിന്ന് ഫ്ലക്സും പുസ്തകവും ഫോക്കസ് ഫീച്ചറുമടക്കം ക്രിയാത്മക ബദലുകളിലേക്ക് വഴിമാറിയതോടെ ഇടപെടാനാകാത്ത പരിമിതിയിൽ നേതൃത്വവും.
പരസ്യപ്രതികരണം വിലക്കിയെങ്കിലും പരോക്ഷമായ ബദൽ നീക്കങ്ങളെ എങ്ങനെ തടയുമെന്നതുമാണ് കെ.പി.സി.സിക്ക് മുന്നിലെ ചോദ്യം. ‘ആവിഷ്കാരങ്ങളുടെ’യെല്ലാം ലക്ഷ്യം മുഖ്യമന്ത്രി കസേരക്കായുള്ള ഓട്ടത്തിൽ സാന്നിധ്യം സ്ഥാപിക്കലാണെന്നത് പകൽ പോലെ വ്യക്തമാണെങ്കിലും നേതൃത്വത്തിന് പിടികൊടുക്കാതെ വൈദഗ്ധ്യത്തോടെയാണ് ഓരോ ക്യാമ്പിന്റെയും നീക്കങ്ങൾ. ഇതേ കുറിച്ചുള്ള ചോദ്യത്തിന് കെ.പി.സി.സി പ്രസിഡന്റിനും ഉത്തരമില്ലായിരുന്നു.
ഇംഗ്ലീഷ് ദിനപത്രത്തിൽ മുഴുനീള പരസ്യം നൽകിയത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് താനത് കണ്ടിട്ടില്ലെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. ഫ്ലക്സിനെ കുറച്ച ചോദ്യത്തിന് അതൊക്കെ നേരത്തെ അടിച്ചതല്ലേ എന്നായി മറുപടി.
അച്ചടക്ക ലംഘനത്തിന് എന്തെല്ലാം നടപടികളെടുത്തുവെന്ന ചോദ്യത്തോട് പ്രതികരണത്തിനും തയാറായില്ല. മുഖ്യമന്ത്രി ചർച്ചയിൽ മാധ്യമങ്ങൾക്കാന് നിയന്ത്രണം ഏർപ്പെടുത്തേണ്ടതെന്ന വിചിത്ര നിർദേശവും കെ.പി.സി.സി പ്രസിഡന്റ് മുന്നോട്ടുവെക്കുന്നു.
മുഖ്യമന്ത്രി കസേരയിലേക്ക് തങ്ങളുടെ നേതാവിന്റെ യോഗ്യത അടിവരയിടുന്നതിനൊപ്പം എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമങ്ങളിലാണ് ഗ്രൂപ്പ് ക്യാമ്പുകൾ. ഓരോ നേതാക്കളുടെയുാ വിശ്വസ്തരായ അനുയായികളാണ് അണിയറനീക്കം നടത്തുന്നത്.
ഇതിനിടെ എം.എൽ.എമാരിൽ നിന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതാണ് രീതിയെന്നും ഇത്തരം സന്ദർഭങ്ങളെ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യാൻ നേതൃത്വത്തിന് അറിയാമെന്നും പ്രതികരിച്ച് മുതിർന്ന നേതാവ് വി.എം. സുധീരനും രംഗത്തെത്തി. ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ചുള്ള ഭരണസംവിധാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

