വീടുകളിൽ വിള്ളൽ എന്നത് പച്ചക്കള്ളം; ഗുണനിലവാരം നൂറുശതമാനം ഉറപ്പാക്കാതെ വീടുകൾ കൈമാറില്ലെന്നും മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. റവന്യൂ മന്ത്രി നേരിട്ട് അവിടെ പോയി കാര്യങ്ങൾ പരിശോധിച്ചതാണ്. വീടുകളിൽ വിള്ളൽ കണ്ടെത്തി എന്നതൊക്കെ വെറും പച്ചക്കള്ളമാണ്. വീടുകളുടെ 'വാട്ടർ പ്രൂഫിങ്' നടപടികൾ പൂർത്തിയായിട്ടില്ല. വെള്ളം കിനിഞ്ഞിറങ്ങുന്ന ഭാഗങ്ങളിൽ പെൻസിൽ കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ മാർക്കിങ്ങുകളെയാണ് വിള്ളലുകളായി ചിലർ തെറ്റായി ചിത്രീകരിക്കുന്നതെന്നും ശിവൻകുട്ടി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സർക്കാറിന് ഇക്കാര്യത്തിൽ വലിയ ജാഗ്രതയുണ്ട്. ഗുണനിലവാരം നൂറുശതമാനം ഉറപ്പാക്കാതെ ഒരു വീട് പോലും തങ്ങൾ ദുരന്തബാധിതർക്ക് കൈമാറില്ല. നിർമാണക്കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിക്കാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള അറ്റകുറ്റപ്പണികളുടെ ചുമതല. സുതാര്യത ഉറപ്പാക്കാൻ വേണ്ടി മൊത്തം തുകയുടെ ഒരു നിശ്ചിത ശതമാനം സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്. അഞ്ച് വർഷത്തിനിടയിൽ എന്തെങ്കിലും പരാതികൾ ഇല്ലെങ്കിൽ മാത്രമേ ഈ തുക അവർക്ക് വിട്ടുനൽകുകയുള്ളൂ. ഗുണഭോക്താക്കൾ നേരിട്ട് കണ്ട് തൃപ്തി രേഖപ്പെടുത്തിയശേഷം മാത്രമേ താക്കോൽ കൈമാറ്റം നടക്കുകയുള്ളൂ.
ഏപ്രിൽ 15ന് കൈമാറാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊഴിലാളികൾ നാട്ടിലേക്ക് പോയത് നിർമാണത്തെ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. എങ്കിലും 102 വീടുകൾ ഉടൻ പൂർത്തിയാക്കും. മെയ് ആദ്യവാരത്തോടെ 178 വീടുകൾ കൈമാറാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ വീടിനും ഫർണിച്ചർ വാങ്ങാനായി ഒരു ലക്ഷം രൂപ വരെ സർക്കാർ അനുവദിക്കുന്നുണ്ട്. കഴിഞ്ഞ 20 മാസമായി മുടങ്ങാതെ വാടകയും ആനുകൂല്യങ്ങളും നൽകുന്ന ഈ സർക്കാർ, ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ല.
ഇവിടെ വിള്ളൽ തിരഞ്ഞുനടക്കുന്ന കോൺഗ്രസിനോടും യൂത്ത് കോൺഗ്രസിനോടും എനിക്ക് ഒന്നുമാത്രമേ ചോദിക്കാനുള്ളൂ. ഒരു പ്ലാൻ പോലുമില്ലാതെ കല്ലിട്ട് പോയ ആ വീടുകൾ എവിടെ? വീട് നിർമിച്ചില്ല എന്ന് മാത്രമല്ല, ജനങ്ങളിൽ നിന്ന് പിരിച്ച പണം എവിടെപ്പോയി എന്ന് പറയാൻ പോലും നിങ്ങൾ തയാറായിട്ടില്ല. ഈ കാപട്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. പിരിച്ച പണത്തിന്റെ കണക്ക് പറയാത്തവർ സർക്കാറിന്റെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ നോക്കിയാൽ ജനങ്ങൾ തന്നെ നിങ്ങളെ ചോദ്യം ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ചു നൽകുന്ന ടൗൺഷിപ്പിലെ മറ്റൊരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി ഉയർന്നു. ഫെയ്സ് ഒന്നിലെ 87 നമ്പർ വീട്ടിലാണ് ചോർച്ചയുണ്ടായതായി പറയുന്നത്. സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകളിൽ ഒന്നാണിത്. ടൗൺഷിപ്പിൽ നിർമാണം പൂർത്തിയാക്കിയ വീടുകളിൽ ചോർച്ച കണ്ടെത്തുന്ന മൂന്നാമത്തെ വീടാണിത്. നിലവിൽ രണ്ടു വീടുകളിൽ ചോർച്ച കണ്ടെത്തിയിട്ടുണ്ട്. വെള്ളം ഇറങ്ങുന്നത് തടയാൻ നടപടികൾ തുടങ്ങിയെന്ന് ഊരാളുങ്കൽ അധികൃതർ അറിയിച്ചു. ചൂരല്‍മല സ്വദേശി നൗഫലിന്‍റെ വീട്ടിലെ മേല്‍ക്കൂരയിലാണ് വിള്ളല്‍ ആദ്യം കണ്ടെത്തിയത്.
വീട്ടിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് റവന്യൂ മന്ത്രി കെ. രാജൻ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. വിള്ളൽ രേഖപ്പെടുത്തിയ ഭാഗങ്ങളിൽ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധന നടത്തുകയും ചെയ്തു. വിള്ളലല്ല, വെള്ളം കിനിഞ്ഞിറങ്ങിയതാണെന്ന് പിന്നീട് മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങിൽവെച്ച് ഗുണഭോക്താക്കൾക്ക് കൈമാറിയത് പട്ടയം മാത്രമാണെന്നും വീട് ഇതുവരെ കൈമാറിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു. വീട് കൈമാറിയതിന് ശേഷമാണ് പ്രശ്‌നം വന്നിരുന്നതെങ്കിൽ അത് ഗൗരവമാകുമായിരുന്നു. വീട് കൈമാറിയതിന് ശേഷവും വെള്ളം ഇറങ്ങുന്ന സ്ഥിതിയുണ്ടായാൽ ഊരാളുങ്കൽ നടപടിയെടുക്കണമെന്നും അല്ലെങ്കിൽ കരാർ പ്രകാരമുള്ള പണം സർക്കാർ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

