ചിറ്റൂരിൽ കോൺഗ്രസ് എം.എൽ.എയുടെ സീറ്റിൽ സി.പി.എമ്മിന് അട്ടിമറി ജയം
text_fieldsസുമേഷ് അച്യുതൻ എം.എൽ.എ, വി. തുളസീധരൻ
പാലക്കാട്: നിയമസഭയിലേക്ക് മത്സരിക്കാൻ കോൺഗ്രസിലെ സുമേഷ് അച്യുതൻ രാജിവെച്ച ചിറ്റൂർ - തത്തമംഗലം നഗരസഭയിലെ വാർഡിൽ സി.പി.എമ്മിന് അട്ടിമറി ജയം. എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച വി. തുളസീധരനാണ് നറുക്കെടുപ്പിലൂടെ വിജയിച്ചത്.
ഇദ്ദേഹത്തിനും യുഡിഎഫിലെ കെ മധുവിനും 433 വീതം വോട്ടുകളാണ് ലഭിച്ചത്. നറുക്കെടുപ്പിൽ വി. തുളസീധരനെ ഭാഗ്യം തുണക്കുകയായിരുന്നു. ഇതോടെ നഗരസഭയിൽ ഇടതുപക്ഷ അംഗങ്ങളുടെ എണ്ണം 12 ആയി വർദ്ധിച്ചു.
കഴിഞ്ഞ വർഷം സുമേഷ് അച്യുതൻ 185 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് ചെയർമാനായ വാർഡിലാണ് യുഡിഎഫിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. നഗരസഭ മുൻ ചെയർമാൻ കെ അച്യൂതൻ്റെ സഹോദരനും സുമേഷ് അച്യൂതൻ എംഎൽഎയുടെ ചെറിയച്ഛനുമായ കെ മധുവായിരുന്നു യുഡിഎഫ് സ്ഥാനാർഥി. എംഎൽഎ, നഗരസഭ ചെയർമാൻ, കൗൺസിലർമാർ, ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഉമ്മൻ എന്നിങ്ങനെ നീണ്ടനിര പ്രചാരണത്തിൽ ഉണ്ടായിരുന്നു.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് അത്തിപ്പൊറ്റ വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും യുഡിഎഫ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ച സീറ്റാണ് എൽഡിഎഫ് തിരിച്ച് പിടിച്ചത്.
എൽഡിഎഫ് സ്ഥാനാർത്ഥി രേഖ സന്തോഷ് 790 വോട്ടുകൾക്ക് വിജയിച്ചു. ആകെ പോൾ ചെയ്ത 7387 വോട്ടുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥി രേഖ സന്തോഷ് 3638 വോട്ട് നേടി. യുഡിഎഫിലെ റൂബിയ അഷറഫ് 2748 വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥി വൃന്ദാ ഷൺമുഖൻ 1001 വോട്ടുകളും നേടി. കഴിഞ്ഞ തവണ 224 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച കെ എം ഷമീറ സർക്കാർ ജോലി ലഭിച്ച രാജി വച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

