എം.എൽ.എ സ്ഥാനമൊഴിയാൻ സമ്മർദം മുറുക്കാത്ത ‘കരുതലിൽ’ സി.പി.എം
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ദുരനുഭവമുണ്ടായെന്ന യുവ നടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിൽ, എം.എൽ.എ പദവി ഒഴിയണമെന്ന കടുംപിടിത്തത്തിലേക്ക് സി.പി.എമ്മില്ല.
കൂടുതൽ യുവതികൾ വെളിപ്പെടുത്തലുകൾ നടത്തി തെളിവുകൾ പുറത്തുവിടുന്ന സാഹചര്യത്തിൽ ‘രാഹുൽ പതനം’ പാർട്ടി സജീവ ചർച്ചയാക്കി നിലനിർത്തും. അതേസമയം, സി.പി.എം നേതാക്കൾക്കെതിരെ എന്നും കൂരമ്പുകളെയ്ത രാഹുലിന്റെ വീഴ്ചയെ ഇടതു സൈബർ പോരാളികൾ സമൂഹ മാധ്യമങ്ങളിൽ ‘ആഘോഷ’മാക്കുകയാണ്.
രാഹുൽ എം.എൽ.എ സ്ഥാനത്ത് തുടരണോ എന്നത് കോൺഗ്രസ് തീരുമാനിക്കട്ടെയെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആദ്യം പറഞ്ഞത്. ആരോപണ വിധേയൻ രാജിവെക്കണമെന്ന ആവശ്യം പാർട്ടിക്കില്ലേ എന്ന ചോദ്യത്തിന് രാഹുൽ എം.എൽ.എ സ്ഥാനം ഒഴിയണമെന്ന ആവശ്യം പൊതുസമൂഹത്തിൽ നിന്നുയരുന്നുണ്ടെന്ന് പറഞ്ഞൊഴിയുകയായിരുന്നു അദ്ദേഹം.
ഇതോടെ പാലക്കാട്ടെയുൾപ്പെടെ സി.പി.എം നേതാക്കൾ പൊതുവിൽ രാഹുൽ രാജിവെക്കണമെന്ന ആവശ്യത്തിൽ നിന്ന് എം.എൽ.എ സ്ഥാനത്ത് തുടരാൻ രാഹുൽ അർഹനല്ല എന്ന് മയംവരുത്തി. രാജി ആവശ്യം ശക്തമാക്കുന്നതിനുപകരം രാഹുൽ രാജിവെക്കണമെന്ന പൊതുവികാരം ശക്തമാണെന്ന പ്രതികരണമാണ് വെള്ളിയാഴ്ചയും എം.വി. ഗോവിന്ദൻ നടത്തിയത്.
രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് സ്ത്രീ സമൂഹത്തിൽ നിന്നടക്കം മുറവിളി ഉയരുമ്പോഴാണ് സി.പി.എമ്മിന്റെ കരുതൽ പ്രതികരണം എന്നതാണ് ശ്രദ്ധേയം. രാജിക്കായി പിടിമുറുക്കുന്നത് തിരിഞ്ഞുകൊത്തുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്. സി.പി.എം എം.എൽ.എ എം. മുകേഷിനെതിരെ നടിമാരുടെ ലൈംഗികാതിക്രമണ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തപ്പോൾ, അദ്ദേഹം പാർട്ടി അംഗമല്ലെന്നും കോടതി കുറ്റവിമുക്തനാക്കിയാൽ രാജവെപ്പിച്ച എം.എൽ.എ സ്ഥാനം തിരിച്ചു നൽകാനാവില്ലല്ലോ എന്നുമായിരുന്നു അന്ന് സി.പി.എം പറഞ്ഞത്.
കഴിഞ്ഞ സർക്കാർ കാലത്ത് സമാന ആരോപണ മുയർന്നപ്പോൾ എ.കെ. ശശീന്ദ്രനും ബന്ധുനിയമന വിവാദത്തിൽ ഇ.പി. ജയരാജനും മന്ത്രിസ്ഥാനം മാത്രമാണ് ഒഴിഞ്ഞിരുന്നത്. രാഹുൽ 18,715 വോട്ടിന് ജയിച്ച പാലക്കാട്ട് രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ പാലക്കാട് സീറ്റ് ബി.ജെ.പി പിടിക്കാനുള്ള കളമൊരുക്കൽ സാഹചര്യം ഇതുമായി ബന്ധപ്പെട്ട് ഒരുങ്ങരുതെന്നും സി.പി.എമ്മിന് നിർബന്ധമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

