സി.പി.എമ്മിന്‍റെ മലപ്പുറം പരാമർശങ്ങൾ: പരോക്ഷ വിമർശനവുമായി സമസ്തവേദിയിൽ വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: മലപ്പുറത്തെ കുറിച്ച് സി.പി.എം നേതാക്കളുടെ പരാമർശങ്ങളെ പരോക്ഷമായി വിമർശിച്ച് സമസ്ത വേദിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മലപ്പുറത്തെയും മലബാറിനെ കുറിച്ചും പലരെയും തൃപ്തിപ്പെടുത്തുന്നതിന് ഓരോരുത്തരും ഇഷ്ടാനുസരണം ഓരോ കാലത്തിനനുസരിച്ച് പല പരാമർശങ്ങളും നടത്തിയിട്ടുണ്ടെന്നും അതൊന്നുമല്ല, മലപ്പുറവും മലബാറും എന്നും സതീശൻ വ്യക്തമാക്കി.
സമസ്ത മതപഠന രംഗത്ത് മാത്രമല്ല, മറ്റ് പൊതുവിദ്യാഭ്യാസ രംഗത്തും വലിയ മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. പലരും പല രീതിയിലും ഇതിനെ വ്യഖ്യാനിച്ചിട്ടുണ്ട്. അതൊന്നും പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും സതീശൻ പറഞ്ഞു.
സമസ്തയുടെ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം പ്രതിപാദിക്കുന്ന ‘കോൺഫ്ലുവൻസ്’ കോഫി ടേബിൾ ബുക്കിന്‍റെ പ്രകാശന വേദിയിൽ മന്ത്രി വി. അബ്ദുറഹിമാന്റെ സാന്നിധ്യത്തിൽ കൂടിയായിരുന്നു പരാമർശം. പച്ചവെള്ളത്തിനു പോലും തീപിടിപ്പിക്കുന്ന കാലത്ത് സമസ്തയുടെ സാന്നിധ്യം നാടിന് ആശ്വാസകരമാണ്. അവസരം മുതലാക്കാൻ ചിലർ തക്കം പാർത്തു നിൽക്കുകയാണ്.
എരിതീയിൽ എണ്ണയൊഴിക്കാൻ പ്രവർത്തിക്കുന്ന സംഘടനകളുണ്ട്. ചിലർ ചില സമുദായത്തിലെ വരേണ്യ വിഭാഗത്തിനു വേണ്ടി പ്രവർത്തിക്കുന്നവരാണ്. എന്നാൽ, എല്ലാവരെയും ചേർത്തു നിർത്തുക എന്ന പ്രവാചക സന്ദേശം പകരുന്ന സമസ്തയുടെ സാന്നിധ്യം ആശ്വാസകരമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

