സി.പി.എമ്മിന്റെ ബ്രഹ്മഗിരി സൊസൈറ്റി നിക്ഷേപ പ്രശ്നം; പാർട്ടി ഓഫിസിൽ ജീവനൊടുക്കുമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതി സി.പി.എം അംഗം
text_fieldsകൽപറ്റ: സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള വയനാട്ടിലെ ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ 14 ലക്ഷം രൂപ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട സജീവ പാർട്ടി പ്രവർത്തകൻ ആത്മഹത്യയുടെ വക്കിൽ. നേതാക്കൾക്കടക്കം നിരവധി തവണ പരാതി നൽകിയിട്ടും പണം തിരികെ കിട്ടാത്തതിനാൽ പാർട്ടി ജില്ല ആസ്ഥാനമായ എ.കെ.ജി സെന്ററിൽ ആത്മഹത്യ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രവർത്തകൻ കത്തെഴുതി. സി.പി.എം കൽപറ്റ ടൗൺ ബ്രാഞ്ച് അംഗവും ബ്രഹ്മഗിരിയിലെ മുൻ ജീവനക്കാരനുമായ കൽപറ്റ മാട്ടിൽ വീട്ടിൽ നൗഷാദാണ് കഴിഞ്ഞ ദിവസം രജിസ്ട്രേഡ് തപാലിൽ കത്തെഴുതിയത്.
2013ലാണ് നെന്മേനി പഞ്ചായത്തിലെ മഞ്ചാടിയിൽ സൊസൈറ്റിയുടെ മലബാർ മീറ്റ് ഫാക്ടറി തുറന്നത്. കോർപറേറ്റ് സംരംഭങ്ങൾക്ക് ബദലായി കർഷകരുടെ നേതൃത്വത്തിലുള്ള സംരംഭമെന്നതായിരുന്നു പ്രത്യേകത. 10 മുതൽ 12 വരെ ശതമാനം പലിശ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അറുനൂറോളം നിക്ഷേപകരില്നിന്ന് 70 കോടിയോളം രൂപയാണ് വിവിധ കാലങ്ങളിലായി പിരിച്ചത്. മുതിർന്ന നേതാക്കളായ പി. കൃഷ്ണപ്രസാദും അന്തരിച്ച മുൻ ജില്ല സെക്രട്ടറി വേലായുധനും പാർട്ടി ഓഫിസിലേക്ക് നൗഷാദിനെ വിളിപ്പിച്ചാണ് ബ്രഹ്മഗിരിയിൽ പണം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുന്നത്.
ആദ്യ രണ്ട് വർഷം നല്ല രീതിയിൽ പ്രവർത്തിച്ച സ്ഥാപനത്തിൽ പിന്നീട് വിവിധ മേഖലകളിൽ ക്രമക്കേടുണ്ടായി. ഇത് മുൻ ജില്ല സെക്രട്ടറിയായിരുന്ന സി.കെ. ശശീന്ദ്രനെയടക്കം അറിയിച്ചു. പാർട്ടി അന്വേഷണ കമീഷനെ വെച്ചെങ്കിലും തുടർനടപടിയുണ്ടായില്ലെന്നും നൗഷാദ് കത്തിൽ പറയുന്നു. ഫാക്ടറി പ്രവർത്തനം നിലച്ച 2022ൽ നേതാക്കളായ പി.കെ. സുരേഷ്, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഫ്രാൻസിസ് എന്നിവർ നൗഷാദിനോട് സ്ഥാപനത്തിന്റെ പ്രതിസന്ധി തീർക്കാൻ രണ്ടുലക്ഷം രൂപ വായ്പ നൽകണമെന്നും ആവശ്യപ്പെട്ടു.
ഒരാഴ്ചത്തേക്കെന്ന് പറഞ്ഞ് വാങ്ങിയ ഈ തുക രണ്ടര വർഷം കഴിഞ്ഞിട്ടും പൂർണമായി തിരിച്ചുനൽകിയിട്ടില്ല. ഈ തുക തിരിച്ചുകിട്ടാത്തതിനാൽ മറ്റൊരു വ്യക്തി നൽകിയ ചെക്ക് കേസിൽ നൗഷാദിന് മൂന്നുദിവസം ജയിലിൽ കിടക്കേണ്ടിയും വന്നു. എന്നിട്ടും നേതാക്കളാരും ഇടപെട്ടില്ലെന്നും നൗഷാദ് പറയുന്നു. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ഇ-മെയിലിൽ പരാതി അയച്ചെങ്കിലും മറുപടി കിട്ടിയിരുന്നില്ല. ഇതിനാലാണ് രജിസ്ട്രേഡ് തപാലിൽ വീണ്ടും കത്തയച്ചതെന്നും നൗഷാദ് പറയുന്നു. മാസങ്ങളായി സൊസൈറ്റിയിലെ നിക്ഷേപകർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ച് സമരപാതയിലാണ്. നിലവിൽ ഫാക്ടറി പ്രവർത്തനം പൂർണമായി നിലച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

