ഇടത് സഹയാത്രികന്റെ കമ്പനിക്കായി നിലം നികത്താനെത്തിയ ലോറികൾ സി.പി.എം പ്രവർത്തകർ തടഞ്ഞു
text_fieldsമണ്ണുമായെത്തിയ ലോറികൾ സി.പി.എം പ്രവർത്തകർ
തടഞ്ഞപ്പോൾ
കളമശ്ശേരി: കോടതി ഉത്തരവിന്റെ ബലത്തിൽ ഇടത് സഹയാത്രികന്റെ ഉടമസ്ഥതയിലെ കമ്പനിക്കായി നിലം നികത്താൻ മണ്ണുമായെത്തിയ ടിപ്പർ ലോറികൾ സി.പി.എം പ്രവർത്തകർ വീണ്ടും തടഞ്ഞു. ഏലൂർ പുതിയ റോഡിൽ പ്രവർത്തിക്കുന്ന ഫാൽക്കൻ കമ്പനിയുടെ നിലം നികത്താൻ മണ്ണുമായെത്തിയ ടിപ്പർ ലോറികളാണ് സി.പി.എം ലോക്കൽ സെക്രട്ടറി കെ.ബി. സുലൈമാന്റെ നേതൃത്വത്തിൽ തടഞ്ഞത്.
കോടതിയുടെ താൽക്കാലിക ഉത്തരവ് മണ്ണടിക്കാൻ ഉള്ളതല്ലെന്നും ജൂൺ ആറിന് വിഷയം കോടതി പരിഗണിക്കാൻ ഇരിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ലോറികൾ തടഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ ഏലൂർ പൊലീസ് വാഹനങ്ങൾ മടക്കിയയച്ച് പ്രശ്നം അവസാനിപ്പിച്ചു. സംഘർഷ സാഹചര്യം ഒഴിവാക്കാനാണ് ശ്രമിച്ചതെന്നും വില്ലേജാഫിസറും കൃഷി വകുപ്പും നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലേ പൊലീസിന് ഇടപെടാനാകൂ എന്നും സ്റ്റേഷൻ എസ്.എച്ച്.ഒ പറഞ്ഞു.
അനധികൃതമായാണ് നിലം നികത്തുന്നതെന്ന് ആരോപിച്ച് മുമ്പ് ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിലിന്റെ നേതൃത്വത്തിൽ ലോറികൾ തടഞ്ഞിരുന്നു. പിന്നാലെ ഏലൂർ വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോയും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഫാൽക്കൺ നൽകിയ ഹരർജിയിൽ നിർബന്ധപൂർവ നടപടികൾ പാടില്ലെന്ന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. 13-ാം വാർഡ് കൗൺസിലർ കെ.എം. ഇസ്മയിൽ, എം.എസ് സുർജിത്ത്, അബ്ബാസ്, അക്ബർ എന്നിവരുടെ നേതൃത്വത്തിലാണ് ലോറികൾ തടഞ്ഞത്.