ആർ.എസ്.എസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവർത്തകൻ മരിച്ചു
text_fieldsമുഴപ്പിലങ്ങാട് (കണ്ണൂർ) : ആർ.എസ്.എസ് പ്രവർത്തകരുടെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റ് ദീർഘകാലമായി ചികിത്സയിലായിരുന്ന മുഴപ്പിലങ്ങാട്ടെ കണ്ടോത്ത് സുരേശൻ (66) മരിച്ചു. വ്യാഴാഴ്ച രാവിലെ എട്ട് മുതൽ ഒമ്പത് മണിവരെ കൂടക്കടവ് കൃഷ്ണപ്പിള്ള സ്മാരക മന്ദിരത്തിലും, തുടർന്ന് 11 മണിവരെ എളവനയിലെ വസതിയിലും മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷം മുഴപ്പിലങ്ങാട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.
2004 ഒക്ടോബർ 31ന് തലശ്ശേരിയിലെ മൊയ്തു പാലത്തിനടുത്ത് വെച്ചാണ് സുരേശൻ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സുരേശൻ ദീർഘകാലമായി ചികിത്സയിലായിരുന്നു. കടക്കടവ് ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചു വരവെയാണ് അന്ത്യം. ആക്രമണത്തിൽ പരിക്കേറ്റ് നെഞ്ചിനുതാഴെ ചലനമറ്റെങ്കിലും, ശാരീരിക അവശതകൾക്ക് കീഴടങ്ങാതെ പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നു. ആക്രമണത്തെ തുടർന്നുണ്ടായ ശാരീരിക വൈകല്യം കാരണം പ്രത്യേകമായി രൂപകൽപ്പന ചെയ്ത കാറിലായിരുന്നു യാത്ര ചെയ്തത്.
ആക്രമണം നടക്കുന്ന സമയത്ത് മുഴപ്പിലങ്ങാട് ലോക്കൽ കമ്മിറ്റി അംഗവും കൂടക്കടവ് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു സുരേശൻ. തലശ്ശേരി പച്ചക്കറി മാർക്കറ്റിൽ തന്റെ ഗുഡ്സ് ഓട്ടോറിക്ഷയിലെത്തി ജോലി നിർവഹിച്ച് വരികെയാണ് സുരേശൻ ആക്രമണത്തിനിരയായത്. ദീർഘ കാലത്തെ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കെയാണ് അന്ത്യം.
പരേതരായ ഗോവിന്ദൻ - കൗസല്യ ദമ്പതികളുടെ മകനാണ്. ഭാര്യ: ശൈലജ. മക്കൾ: ജിഷ്ണ (മുഴപ്പിലങ്ങാട് സർവീസ് സഹകരണ ബാങ്ക് ) ജിതേഷ് (ഗൾഫ്) സഹോദരങ്ങൾ: സുജാത, സുഭാഷിണി, സുലോചന, സുനിൽകുമാർ, സുശീൽ കുമാർ, പരേതനായ സുഭാഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

