'ഉണങ്ങാത്ത മുറിവുമായി 17 വർഷം വീട്ടിൽ കഴിഞ്ഞു'; ആർ.എസ്.എസുകാർ വെട്ടിനുറുക്കിയ സി.പി.എം പ്രവർത്തകൻ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ
text_fieldsജ്യോതിരാജ്
പാനൂർ (കണ്ണൂർ): ആർ.എസ്.എസ് അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.എം പ്രവർത്തകനെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുതര പരിക്കേറ്റ് 17 വർഷമായി ചികിത്സയിലുള്ള പാനൂരിനടുത്ത വിളക്കോട്ടൂരിലെ കല്ലിങ്ങേന്റവിട ജ്യോതിരാജിനെയാണ് (43) തിങ്കളാഴ്ച പുലർച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
2008 മാർച്ച് ആറിന് രാത്രി എട്ടരയോടെ വിളക്കോട്ടൂർ എൽ.പി സ്കൂളിന് സമീപത്തുവെച്ചായിരുന്നു അക്രമം. ഇരുകാലുകളും കൈകളുമുൾപ്പെടെ ശരീരമാസകലം വെട്ടേറ്റ ഇയാൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ മാസങ്ങളോളം നീണ്ട ചികിത്സക്കുശേഷം, കാലിലെ വ്രണം ഉണങ്ങാത്തതിനാൽ വീട്ടിൽ തുടരുകയായിരുന്നു.
അക്രമം നടന്ന 2008ൽ ജ്യോതിരാജ് സി.പി.എം വിളക്കോട്ടൂർ ബ്രാഞ്ചംഗവും ഡി.വൈ.എഫ്.ഐ വിളക്കോട്ടൂർ യൂനിറ്റ് സെക്രട്ടറിയുമായിരുന്നു.
പിതാവ്: പരേതനായ കുമാരൻ. മാതാവ്: പരേതയായ ലക്ഷ്മി. സഹോദരങ്ങൾ: വത്സരാജ്, സഹദേവൻ (മുത്തു), സത്യരാജ്, ഭരതരാജ്. സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് വീട്ടിലെത്തി മൃതദേഹത്തിൽ പുഷ്പചക്രമർപ്പിച്ചു. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
2018 നവംബർ 18ന് രാത്രി 10 മണിയോടെ തൂവക്കുന്ന് അയ്യപ്പ മഠത്തിന് സമീപത്തുവെച്ച് ആർ.എസ്.എസ് അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സി.പി.എം പ്രവർത്തകൻ തൂവക്കുന്നിലെ കൂട്ടക്കെട്ടിൽ വിനീഷ് (40) ഏതാനും ദിവസം മുമ്പ് മരണപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

