കെ.കെ. ശൈലജയും കെ. രാധാകൃഷ്ണനും തോമസ് ഐസക്കും പരിഗണനയിൽ; ലോക്സഭ തെരഞ്ഞെടുപ്പിന് ജനകീയ മുഖങ്ങളുമായി സി.പി.എം
text_fieldsതിരുവനന്തപുരം: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയം മറികടക്കാൻ ഇക്കുറി ജനകീയ സ്ഥാനാർഥികളെ രംഗത്തിറക്കാൻ സി.പി.എം ആലോചിക്കുന്നതായി റിപ്പോർട്ട്. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങാൻ കീഴ്ഘടകങ്ങൾക്ക് പാർട്ടി നിർദേശം നൽകിയിട്ടുണ്ട്.മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മന്ത്രി കെ. രാധാകൃഷ്ണനും മുൻ മന്ത്രി തോമസ് ഐസക്കും കെ.ടി.ജലീലും ഉൾപ്പെടെയുള്ള നേതാക്കളെ ആണ് സി.പിഎം പരിഗണിക്കുന്നത്. പരിചയസമ്പന്നരായ ജനകീയ മുഖങ്ങൾക്കൊപ്പം വി. വസീഫ്, ചിന്താ ജെറോം തുടങ്ങിയ യുവനേതാക്കൾക്ക് ഇടം നൽകുന്നതും പരിഗണനയിലുണ്ട്.
കണ്ണൂരിലോ വടകരയിലോ കെ.കെ. ശൈലജയെ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. ആലത്തൂരിൽ കെ. രാധാകൃഷ്ണനെയും പൊന്നാനിയിൽ കെ.ടി. ജലീലിനെയും പത്തനംതിട്ടയിൽ തോമസ് ഐസക്കിനെയും കൊല്ലത്ത് ചിന്ത ജെറോമിനെയും കോഴിക്കോട്ട് വി. വസീഫിനെയുമാണ് പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് തോമസ് ഐസക്കിനെയും കാസർകോഡ് മുൻ എം.എൽ.എ ടി.വി. രാജേഷിനെയും വി.പി.പി മുസ്തഫയെയും ആലപ്പുഴയിൽ സിറ്റിങ് എം.പിയായ എ.എം. ആരിഫിനെയും രംഗത്തിറക്കാൻ സി.പി.എം ആലോചിക്കുന്നുണ്ട്.
സി.പി.ഐയിലും സ്ഥാനാർഥി ചർച്ച സജീവമായിട്ടുണ്ട്. മികച്ച പാർലമെന്റേിയൻ എന്നറിയപ്പെടുന്ന ബിനോയ് വിശ്വത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് സി.പി.ഐയുടെ നീക്കം. തൃശൂരിൽ വി.എസ്. സുനിൽ കുമാറും പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

