രാഹുലിന്‍റെ സസ്പെൻഷനിൽ നേതാക്കൾ ഒത്തുകളിച്ചു; രാജിക്കായി സി.പി.എം ഒറ്റക്ക് സമരം നടത്താനില്ലെന്നും എം.വി. ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: ലൈംഗികാരോപണങ്ങളെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തതിൽ നേതാക്കളുടെ ഒത്തുകളി നടന്നെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരാളെ സസ്പെൻഡ് ചെയ്താൽ അയാൾ പാർട്ടി വഴി ആർജിച്ച സ്ഥാനമാനങ്ങൾ രാജിവെക്കണമെന്നാണ് കോൺഗ്രസ് ഭരണഘടന പറയുന്നത്.
എന്നാൽ, രാഹുൽ എം.എൽ.എ സ്ഥാനം രാജിവെച്ചിട്ടില്ല. മാത്രമല്ല, കാലാവധി പറയാതെ സസ്പെൻഡ് ചെയ്തതിനാൽ രാഹുലിന് 30 ദിവസത്തിനുശേഷം പാർട്ടിയിൽ തിരിച്ചെത്താനുമാകും. ഇതിന് നിയമ തടമുണ്ടാവുമുണ്ടാകില്ല. ഇത് ഒത്തുകളിയാണ്. മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തുവന്നത്. രാഹുലിന്‍റെ രാജിക്കായി സി.പി.എം ഒറ്റക്ക് സമരം നടത്താൻ ആലോചിക്കുന്നില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
അതിക്രൂരമായ രാഹുലിന്‍റെ നടപടികൾ ജനങ്ങളുടെ മനസിൽ നിന്ന് മായ്ച്ചുകളയാൻ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തുവരികയാണ്. നാണക്കേടുണ്ടാക്കിയ പ്രശ്നത്തിൽ ലജ്ജിച്ച് തലതാഴ്ത്തുന്നതിനുപകരം കോൺഗ്രസ് അക്രമ പാതയിലാണ്. അതാണ് ക്ലിഫ് ഹൗസിലേക്ക് തീപന്തമടക്കം എറിയുന്ന നിലയുണ്ടായത്. ശക്തമായ കടന്നാക്രമണവും ഭീകരതയും കോൺഗ്രസ് നടത്തുന്നതിനാലാണ് ഷാഫി പറമ്പിൽ എം.പിക്കെതിരെ പ്രതിഷേധമുണ്ടായത്. അതിനെ പ്രകോപനത്തിനെതിരായ വികാര പ്രകടനമായി കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിന്‍റെ രാജിക്കായി ‘മാസ് മെയിൽ’ കാമ്പയിനുമായി എസ്.എഫ്.ഐ
തിരുവനന്തപുരം: ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ‘മാസ് മെയിൽ’ കാമ്പയിനുമായി എസ്.എഫ്.ഐ. നിരവധി യുവതികളെ ലൈംഗികമായി ചൂഷണം ചെയ്ത രാഹുൽ നിയമസഭ അംഗമായി തുടരുന്നത് കേരളീയ പൊതുസമൂഹത്തിന് അപമാനമാണെന്ന് ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ വിദ്യാർഥിനി സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു ലക്ഷം ഇ മെയിൽ സോണിയ ഗാന്ധിക്ക് അയക്കും. സംസ്ഥാനത്തെ വിവിധ കാമ്പസുകൾ കേന്ദ്രീകരിച്ചാണ് മാസ് മെയിൽ കാമ്പയിൻ സംഘടിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

