സി.പി.എം കൊടി കീറിയവനെ കീറാൻ അറിയാമെന്ന് ജില്ലാ സെക്രട്ടറി ഗഗാറിൻ
text_fieldsകൽപറ്റ: സി.പി.എം കൽപറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ കൊലവിളിയുമായി നേതാക്കൾ. സി.പി.എം കൊടി കീറിയതിന് പകരം കിറാനും, കീറിയവനെ കീറാനും അറിയാത്തവരല്ല ഞങ്ങളെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിൻ പറഞ്ഞു. കൽപറ്റയിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലാണ് അങ്ങേയറ്റം പ്രകോപനപരമായ പ്രസ്താവനകളുമായി നേതാക്കൾ കളംനിറഞ്ഞത്.
70 വയസ് കഴിഞ്ഞ സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗം ഒന്ന് തള്ളിയപ്പോൾ താഴെ വീണവരാണ് കെ. സുധാകരന്റെ സെമി കേഡറെന്ന് ഗഗാറിൻ പരിഹസിച്ചു. പാർട്ടിക്കെതിരെ വന്നാൽ ഓരോ സി.പി.എമ്മുകാരനും നേരിടും.
അതിന് ജില്ലാ കമ്മിറ്റിയാണ്, സംസ്ഥാന കമ്മിറ്റിയാണ് എന്നുപറഞ്ഞ് മാറിനിൽക്കില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റാണെന്ന് പാർട്ടി നേതൃത്വവും മുഖ്യമന്ത്രിയും വ്യക്തമാക്കിയതാണ്. അപ്പോൾ മുഖ്യമന്ത്രി ആലോചിച്ചാണ് ഇത് നടന്നതെന്നാണ് പറയുന്നത്.
മുഖ്യമന്ത്രിക്ക് ഇവരുടെ ഓഫീസിൽ കയറുന്ന കാര്യം ആലോചിക്കലല്ലേ പണിയെന്നും ഗഗാറിൻ പരിഹസിച്ചു. പരിപാടിയിൽ പങ്കെടുത്ത മറ്റ് നേതാക്കളും അതിരൂക്ഷമായാണ് യു.ഡി.എഫിനും കോൺഗ്രസിനും എതിരെ പ്രസംഗിച്ചത്.