സി.പി.എം വാഹന പ്രചാരണജാഥക്ക്; ജാഥ ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെ
text_fieldsതിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സജീവമാക്കി സംസ്ഥാനതല വാഹന പ്രചാരണ ജാഥയുമായി സി.പി.എം. വെള്ളിയാഴ്ച ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. സംഘ്പരിവാറിന്‍റെ വർഗീയ നിലപാടുകൾ, കേന്ദ്രസർക്കാറിന്‍റെ തെറ്റായ നയങ്ങൾ എന്നിവക്കെതിരെയും സംസ്ഥാന സർക്കാറിന്‍റെ ബദൽ നയങ്ങൾ ഉയർത്തിക്കാട്ടിയുമാണ് ജാഥ. ഫെബ്രുവരി 20 മുതൽ മാർച്ച് 18 വരെ നടക്കുന്ന ജാഥക്ക് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേതൃത്വം നൽകും. കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന പ്രചാരണ ജാഥയുടെ പേരും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കുമെന്ന് എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പി.കെ. ബിജുവാണ് ജാഥാ മാനേജർ. സി.എസ്. സുജാത, എം. സ്വരാജ്, ജെയ്ക് സി. തോമസ്, കെ.ടി. ജലീൽ എന്നിവർ ജാഥാംഗങ്ങളായിരിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലൂടെയും ജാഥ കടന്നുപോകും. 2025ൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുകയാണ് ആർ.എസ്.എസ് അജണ്ടയെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
വിദേശ സർവകലാശാലകൾ ആരംഭിക്കുമ്പോൾ അനന്തരഫലം സംബന്ധിച്ച് ഗൗരവമായ ആലോചനയും ചർച്ചകളും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

