വിശാല സംസ്ഥാന കമ്മിറ്റി; കരട് ‘തെറ്റുതിരുത്തൽ’ രേഖ തയാറാക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കുന്നതിന് ‘തെറ്റുതിരുത്തൽ’ സംബന്ധിച്ച് കരട് രേഖ തയാറാക്കാൻ സി.പി.എം സംസ്ഥാന നേതൃത്വം. ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെ പ്രധാന അജണ്ട ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച കരട് രേഖ തയാറാക്കലാണ്. തുടർന്ന് സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം രേഖ അന്തിമമാക്കും.
കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ഈ രാഷ്ട്രീയ രേഖ പാർട്ടിയുടെ ഭാവി പ്രവർത്തന ശൈലി, കേഡർ നയം, നേതൃത്വത്തിന്റെ ഉത്തരവാദിത്തം എന്നിവയിലെ തിരുത്തലിനുള്ള തുടക്കമായിരിക്കും.
തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത രാഷ്ട്രീയ തിരിച്ചടികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് സമഗ്രമായ തെറ്റ് തിരുത്തലാണ് വിശാല സംസ്ഥാന കമ്മിറ്റിയുടെ പ്രധാന അജണ്ട. സി.പി.എമ്മിനെ സംബന്ധിച്ച് നിലവിലെ പ്രതിസന്ധി കേവലം തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഫലം മാത്രമല്ല, മറിച്ച് ഭരണത്തുടർച്ച സമ്മാനിച്ച സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ വീഴ്ചകളുടെ കൂടി പ്രതിഫലനമാണ്.
കമ്മ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ചിടത്തോളം പാർലമെന്ററി പ്രവർത്തനങ്ങൾ വിപ്ലവ ലക്ഷ്യത്തിലേക്കുള്ള ഉപാധി മാത്രമാണ്. എന്നാൽ കേരളത്തിലെ ഭരണത്തുടർച്ച സംഘടനക്കുള്ളിൽ പാർലമെന്ററി വ്യാമോഹം ശക്തമാക്കിയെന്നും ജനങ്ങളിൽ നിന്ന് അകന്നുവെന്നുമാണ് പാർട്ടിക്കുള്ളിലെ വിമർശനം. വിദ്യാഭ്യാസം, നഗരവത്കരണം, കുടിയേറ്റം, ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വാധീനം എന്നിവയിലൂടെ സാമൂഹിക ഘടനയിലുണ്ടായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നതും പാർട്ടിക്കുള്ളിൽ സ്വയംവിമർശനമായി ഉയരുന്നുണ്ട്. പുതിയ മധ്യവർഗത്തിന്റെയും യുവതലമുറയുടെയും രാഷ്ട്രീയ കാഴ്ചപ്പാടുകളെ അഭിസംബോധന ചെയ്യുന്നതിൽ വന്ന വീഴ്ച പരമ്പരാഗത വോട്ട് ബാങ്കുകൾക്ക് പുറത്തേക്ക് പാർട്ടിയെ വളർത്തുന്നതിന് വലിയ തടസമായി. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ സ്വാധീനം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രകമ്മിറ്റി ആവർത്തിച്ചിരുന്നെങ്കിലും പ്രായോഗിക തലത്തിൽ അത് നടപ്പിലാക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടിരുന്നു. ഇതടക്കം പരിഹരിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് തെറ്റുതിരുത്തൽ രേഖ തയാറാക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും റിപ്പോർട്ടുകൾക്ക് പുറമേ, പൊതുജനങ്ങളിൽ നിന്ന് സാമൂഹ്യമാധ്യമങ്ങൾ വഴി പാർട്ടി സമാഹരിച്ച നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് കരട് രേഖക്ക് രൂപം നൽകുക. പുതിയ തലമുറയെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള പരിപാടികളും രേഖയിലുണ്ടാകും.
നേതൃമാറ്റം വേണ്ടതില്ലെന്ന വാദത്തിന് ആധിപത്യമുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് തയാറാക്കുന്ന രേഖയിൽ സ്വാഭാവികമായും ഈ അഭിപ്രായങ്ങൾക്കാകും മേൽക്കൈയുണ്ടാവുക. ഈ രേഖ സംസ്ഥാന കമ്മിറ്റിയിലെത്തുമ്പോൾ എത്രമാത്രം ഭേദഗതികളുണ്ടാകുമെന്നതും കണ്ടറിയണം. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന ജില്ല കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനങ്ങൾ സെക്രട്ടേറിയറ്റ് ക്രോഡീകരിച്ചപ്പോൾ വ്യാപകമായി വെട്ടിനിരത്തപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

