കത്ത് വിവാദത്തെ ‘തെരഞ്ഞെടുപ്പ് പ്രചാരണ’മായി കണ്ട് അവഗണിക്കാൻ സി.പി.എം
text_fieldsതിരുവനന്തപുരം: പോളിറ്റ് ബ്യൂറോ, സംസ്ഥാന സെക്രട്ടറി, മന്ത്രിമാർ അടക്കം നേതാക്കളെ ചുറ്റിപ്പറ്റി ഉയർന്ന് പാർട്ടിയെയും സർക്കാറിനെയും വെട്ടിലാക്കിയ കത്ത് വിവാദത്തിൽ വിശദീകരണത്തിന് മുതിരാതെ വിവാദം അവസാനിപ്പിക്കാൻ സി.പി.എം. മാസങ്ങൾക്കകം നടക്കാനിരിക്കുന്ന തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രചാരണമെന്ന് പറഞ്ഞാണ് വിവാദത്തെ പാർട്ടി തള്ളുന്നത്. രണ്ട് വ്യവസായികൾ തമ്മിലെ തർക്കത്തിൽ പാർട്ടിയെ കരുവാക്കാൻ പ്രതിപക്ഷം ശ്രമിച്ചു. നേതൃത്വം മൗനം പാലിക്കുമ്പോഴും ആ നിലക്കാണ് ‘സൈബർ പോരാളി’കളുടെ പ്രതിരോധം.
പാർട്ടിക്ക് നൽകിയ പരാതി മുഹമ്മദ് ഷർഷാദ് തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചെന്നാണ് കത്ത് കോടതിയിൽ ഹാജരാക്കിയ രാജേഷ് കൃഷ്ണന്റെ വാദം. വിവാദത്തിന് പിന്നിൽ കുടുംബവഴക്കെന്നും ഷർഷാദ് തട്ടിപ്പുകാരനെന്നും അദ്ദേഹത്തിന്റെ മുൻ ഭാര്യ രത്തീന വെളിപ്പെടുത്തി. വിവാദ കത്തിൽ മന്ത്രിക്കും നേതാക്കൾക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളിലും മകൻ ശ്യാംജിത്തുമായി ബന്ധമുണ്ടെന്ന ഭീഷണിസ്വരത്തിലും കൂടുതൽ തെളിവുകൾ പുറത്തുവരാതിരിക്കാനുള്ള പാർട്ടിയുടെ കരുതലാണ് ഷർഷാദിനെതിരായ സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിയമനടപടി നീക്കം.
പി.ബിക്ക് നൽകിയ കത്ത് ചോർത്തിയത് ശ്യാംജിത്താണെന്നായിരുന്നു ഷർഷാദിന്റെ ആരോപണം. ഇത് നിഷേധിച്ച് കാര്യങ്ങൾ വിശദീകരിക്കുന്നതിനുപകരം അസംബന്ധമെന്ന ഒറ്റവാക്കിൽ പ്രതികരണം അവസാനിപ്പിക്കുകയാണ് ഗോവിന്ദൻ ചെയ്തത്. ഷർഷാദിനെ തള്ളി മുഖംരക്ഷിക്കാനുള്ള വഴിയാണ് സി.പി.എം തേടുന്നത്. ജനറൽ സെക്രട്ടറി എം.എ. ബേബിയടക്കം പ്രതികരിക്കാത്തത് അതിനാലാണ്.
മകന്റെ പേരിൽ ഉയർന്ന ആരോപണത്തിൽ സെക്രട്ടറി നിലപാട് വ്യക്തമാക്കണമെന്ന് പാർട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെടുന്നുണ്ട്. ലോട്ടറി, ചന്ദന മാഫിയയിൽനിന്ന് പണം കൈപ്പറ്റിയെന്ന് മകൻ അരുൺകുമാറിനെതിരെ ഉയർന്ന ആരോപണത്തിൽ വി.എസ്. അച്യുതാനന്ദൻ അന്വേഷണത്തിന് നിർദേശിച്ചതും ഹവാല ഇടപാടുമായി ബന്ധപ്പെട്ട് മകൻ ബിനീഷിനെതിരെ ആരോപണമുയർന്നപ്പോൾ എല്ലാ അന്വേഷണവും നടക്കട്ടെ എന്ന് കോടിയേരി ബാലകൃഷ്ണൻ പരസ്യനിലപാട് സ്വീകരിച്ചതും ചൂണ്ടിക്കാട്ടിയാണിത്.
എന്നാൽ, മകൾ വീണയുമായി ബന്ധപ്പെട്ട വിവാദത്തിൽ കാര്യമായി പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് വിവാദത്തിൽ ഗോവിന്ദന് അനുകൂലമായി നിലകൊള്ളുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവരുടെ പ്രതീക്ഷ. ഹവാല, റിവേഴ്സ് ഹവാല അടക്കം ആരോപണത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ എത്താനുള്ള സാധ്യതയും മുന്നിൽകണ്ടാണ് വിവാദം വേഗം ഷവസാനിപ്പിക്കാൻ പാർട്ടി നീക്കംനടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

