അതിദരിദ്രരില്ലാത്ത സംസ്ഥാന പ്രഖ്യാപനം ആഘോഷമാക്കാൻ സി.പി.എം; റാലികൾക്കും യോഗങ്ങൾക്കും പുറമേ പായസ വിതരണവും
text_fieldsഎം.വി. ഗോവിന്ദൻ
തിരുവനന്തപുരം: അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളം മാറുന്നതിന്റെ പ്രഖ്യാപനം ആഘോഷമാക്കാൻ സി.പി.എം തീരുമാനം. നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയുടെ ഭാഗമായി എല്ലാ വാർഡുകളിലും പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിനൊപ്പം പായസവിതരണവുമുണ്ടാകും. നവംബർ ഒന്നിന് സംസ്ഥാനതല പരിപാടി നടക്കുന്നതിനാൽ തിരുവനന്തപുരം ജില്ലയിലെ വാർഡ്തല പ്രകടനവും യോഗവും ഒക്ടോബർ 31നായിരിക്കും.
ഇക്കൊല്ലം കേരളപ്പിറവി ദിനം നവകേരളപ്പിറവി ദിനമായി മാറുകയാണ്. അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി മാറുന്നതുവഴി കേരളം പുതുചരിത്രം കുറിക്കുകയാണെന്നും ഗോവിന്ദൻ പറഞ്ഞു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നടന്മാരായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ പങ്കെടുക്കും. കേരളപ്പിറവി ദിനത്തിൽ പ്രത്യേക നിയമസഭ സമ്മേളനവും ചേരുന്നുണ്ട്.
പി.എം ശ്രീ നിലപാടിൽ മാറ്റമില്ല. പി.എം ശ്രീയിലെ പണം കേരളത്തിന് ലഭിക്കണം. കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട പണം സംസ്ഥാനത്തിന് കിട്ടണം. അന്നും ഇന്നും പി.എം ശ്രീയിലെ നിബന്ധനകൾക്ക് എതിരാണ് സംസ്ഥാന സർക്കാർ. ഇടതുപക്ഷത്തെ അടിക്കാനുള്ള വടിയായാണ് വിഷയത്തെ കോൺഗ്രസ് കാണുന്നത്. രാജ്യത്ത് ആദ്യമായി പി.എം ശ്രീയിൽ ഒപ്പിട്ടത് കോൺഗ്രസ് ഭരിക്കുന്ന അന്നത്തെ രാജസ്ഥാനാണ്. സി.പി.ഐയുമായി വിഷയം ചർച്ച ചെയ്യും. സി.പി.ഐ മുന്നണിയിലെ പ്രബലമായ ശക്തിയാണ്. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
ഇടതുപക്ഷ നയം മുഴുവൻ സർക്കാറിന് നടപ്പാക്കാനാകില്ല. സി.പി.ഐയുടെ വിമർശനം മുഖവിലക്കെടുക്കും. വിവിധ പദ്ധതികളിൽ 8000 കോടി കേന്ദ്രം കേരളത്തിന് കിട്ടാനുണ്ട്. ഇത് സർക്കാറിന് കിട്ടേണ്ട പണമാണ്. നിബന്ധനകളോട് എതിർപ്പുണ്ടെങ്കിലും പണം സംസ്ഥാനത്ത് കിട്ടണം. സി.പി.ഐയെ അപമാനിച്ചിട്ടില്ല. വളച്ചൊടിച്ചത് മാധ്യമങ്ങളാണ്. ഒന്നും പ്രതികരിക്കാനില്ല എന്നാണ് ഉദ്ദേശിച്ചത്. എന്ത് സി.പി.ഐ എന്ന് ചോദിച്ചത് മാധ്യമങ്ങളാണ് വലിയ പ്രശ്നമാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

