സി.പി.എം അധ്യാപക സംഘടനാ നേതാവിന്റെ സ്ഥാനക്കയറ്റം; ‘കേരള’ക്ക് ഗവർണറുടെ ഷോക്കോസ്
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ സി.പി.എം അധ്യാപക സംഘടനാ നേതാവായ സിൻഡിക്കേറ്റംഗത്തിന് നിയമവിരുദ്ധമായി സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനത്തിൽ ചാൻസലറായ ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്. സർവകലാശാല അധ്യാപകനും സിൻഡിക്കേറ്റംഗവുമായ ഡോ.എസ്. നസീബിന് അസോസിയറ്റ് പ്രഫസറായി സ്ഥാനക്കയറ്റം നൽകാൻ സിൻഡിക്കേറ്റെടുത്ത തീരുമാനത്തിലാണ് ഗവർണർ സർവകലാശാല രജിസ്ട്രാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
ഗവർണറുടെ നോട്ടീസിന് മറുപടി നൽകുന്നതിന്റെ മുന്നോടിയായി ‘കേരള’യിൽ തിങ്കളാഴ്ച അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഗവർണറുടെ നോട്ടീസിന് മറുപടി നൽകൽ മാത്രമാണ് യോഗത്തിന്റെ അജണ്ട. അധ്യാപകന് സ്ഥാനക്കയറ്റം നൽകാനുള്ള സിൻഡിക്കേറ്റ് തീരുമാനം ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി നടപ്പാക്കുന്നത് തടഞ്ഞ വൈസ്ചാൻസലർ, വിഷയം ഗവർണറുടെ പരിഗണനക്ക് വിടുകയായിരുന്നു. ഇതിനെ തുടർന്നാണ് ഗവർണർ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്.
അജണ്ടയില്ലാതെ രജിസ്ട്രാർ യോഗത്തിനുള്ള അറിയിപ്പ് നൽകിയത് വിവാദമായതോടെ, ഞായറാഴ്ച വൈകീട്ട് അജണ്ട അംഗങ്ങൾക്ക് നൽകി. സംസ്കൃത സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ച കാലയളവ് കൂടി പരിഗണിച്ച് നസീബിനെ അസോസിയറ്റ് പ്രഫസറായി നിയമിക്കാനായിരുന്നു സിൻഡിക്കേറ്റ് തീരുമാനം.
ഇത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വി.സി ഗവർണർക്ക് വിട്ടത്. സിൻഡിക്കേറ്റ് തീരുമാനം നടപ്പാക്കാത്ത വി.സിയുടെ നിലപാട് ചോദ്യംചെയ്ത് ഡോ. നസീബ് ഹൈകോടതിയെ സമീപിച്ചെങ്കിലും ഗവർണറോട് തീരുമാനമെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. കരാർ അധ്യാപന നിയമന കാലയളവ് അസോസിയറ്റ് പ്രഫസർ പ്രമോഷന് കണക്കാക്കുന്നത് യു.ജി.സി ചട്ടങ്ങൾക്ക് എതിരാണെന്നും, നസീബിന്റെ പ്രമോഷൻ തടയണമെന്നുമാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും വി.സിക്കും നിവേദനം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

