വടി കൊടുത്തുള്ള അടിയോ സി.പി.എം തന്ത്രമോ? രാഹുൽ കേസിൽ കോൺഗ്രസിനുള്ളിൽ ഭിന്നത
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിലും എഫ്.ഐ.ആറിലും കോൺഗ്രസ് നേതാക്കൾക്കിടയിൽ രണ്ടഭിപ്രായം. രാഹുൽ മാങ്കൂട്ടത്തിൽ വടി കൊടുത്ത് അടി വാങ്ങിയതാണെന്നും ഇരയെ മുഖ്യമന്ത്രിയുടെ മുന്നിൽ എത്തിച്ചത് രാഹുലാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചപ്പോൾ ശബരിമല സ്വർണക്കൊള്ളയിലെ പ്രതികൂല വികാരം മറക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്നാണ് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്‍റെയടക്കം പ്രതികരണം. രാഹുൽ വിഷയത്തിൽ തുടക്കം മുതൽ തുടരുന്ന ഭിന്നതയാണ് വീണ്ടും മറനീക്കി പുറത്തുവരുന്നത്.
ഇതിനിടെ, തന്‍റെ നിലപാടിൽ അണുവിട മാറ്റം വന്നില്ലെന്ന് കൃത്യമായി പ്രഖ്യാപിച്ച് വി.ഡി സതീശൻ രംഗത്തെത്തി. രാഷ്ട്രീയത്തില്‍ വൈകാരികതക്ക് സ്ഥാനമില്ലെന്നും ആള്‍ക്കൂട്ടം പറഞ്ഞാല്‍ മാറുന്നതല്ല പാര്‍ട്ടി തീരുമാനമെന്നും കേരളം മുഴുവന്‍ അറബിക്കടല്‍ പോലെ ഇളകി വന്നാലും ബോധ്യങ്ങളില്‍ നിന്നെടുത്ത തീരുമാനം മാറില്ലെന്നുമായിരുന്നു സതീശന്‍റ പ്രതികരണം.
കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫും യു.ഡി.എഫ് കൺവീനറും രാഷ്ട്രീയ നീക്കമെന്ന വാദമുയർത്തി പ്രതിരോധം തീർക്കുമ്പോഴാണ് സ്വന്തം വീഴ്ചകൾക്കുള്ള തിരിച്ചടിയാണ് ഇപ്പോഴുണ്ടാകുന്നതെന്നും മറ്റാരുടെയും ഇടപെടലില്ലെന്നും അർഥശങ്കക്കിടയില്ലാത്ത വിധമുള്ള അഭിപ്രായം പാർട്ടിക്കുള്ളിൽ പരസ്യമായി ഉയർന്നത്. കഴിഞ്ഞ ദിവസം രാഹുലിനെ ന്യായീകരിച്ചെത്തിയ കെ.സുധാകരന് ഉണ്ണിത്താൻ പരസ്യമായി മറുപടി പറഞ്ഞതും ശക്തമായ ഭിന്നതക്ക് അടിവരയിടുന്നു. രാഹുൽ അറസ്റ്റിലാകുന്ന പക്ഷം പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും എം.എൽ.എ സ്ഥാനം രാജിവെപ്പിക്കണമെന്നുമുള്ള ശക്തമായ വികാരവും കോൺഗ്രസിനുള്ളിൽ ഒരു വിഭാഗത്തിനുണ്ട്. കീഴ്വഴക്കങ്ങൾ ചൂണ്ടിക്കാട്ടി നിലപാട് മയപ്പെടുത്തിയതിന്‍റെ അനന്തര ഫലമാണ് ഇപ്പോൾ പാർട്ടി ഒന്നാകെ അനുഭവിക്കേണ്ടി വരുന്നതെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ആരോപണമുയർന്ന ഘട്ടത്തിൽ തന്നെ എം.എൽ.എ സ്ഥാനം രാഹുൽ രാജിവെക്കണമെന്ന നിലപാടിലായിരുന്നു വി.ഡിസതീശൻ. അത് പരിഗണിക്കപ്പെട്ടില്ല എന്ന് മാത്രമല്ല സതീശന്‍റെ എതിർപ്പ് മറികടന്ന് രാഹുൽ നിയമസഭയിലെത്തുന്നതിനും സാക്ഷിയായി. ഇക്കാര്യങ്ങളിലെ അതൃപ്തി രണ്ട് ചേരികൾ തന്നെ കോൺഗ്രസിനുള്ളിൽ സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് ഇപ്പോഴത്തെ പുതിയ വെളിപ്പെടുത്തലും പൊലീസ് നടപടിയും.
യുവതിയുമായി സൗഹൃദം; പരാതിയിൽ രാഷ്ട്രീയ താൽപര്യമെന്ന് രാഹുൽ
തിരുവനന്തപുരം: യുവതിയുമായി സൗഹൃദമുണ്ടായിരുന്നെന്നും പരാതിക്ക് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്നും ബലാത്സംഗ കേസിൽ നൽകിയ മുൻകൂർജാമ്യ ഹരജിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍. സി.പി.എമ്മും ബി.ജെ.പിയുമാണ് പരാതിക്ക് പിന്നിലെന്ന് തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ സമർപ്പിച്ച ഹരജിയില്‍ പറയുന്നു.
യുവതിയെ ബലാത്സംഗം ചെയ്യുകയോ ഗർഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ല. യുവതിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ്. ഭര്‍ത്താവിനൊപ്പം കഴിയുന്ന സ്ത്രീയാണ് പരാതിക്കാരി. ഗര്‍ഭധാരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനാണ്. ഗര്‍ഭഛിദ്രത്തിന് യുവതി മരുന്ന് കഴിച്ചത് സ്വന്തം തീരുമാനപ്രകാരമാണ്.
പരാതിക്കാരി ഫേസ്ബുക്കിലൂടെ തന്നെയാണ് ആദ്യം ബന്ധപ്പെട്ടത്. ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നെന്ന് തന്നോട് പറഞ്ഞു. തനിക്ക് അവരോട് സഹതാപം തോന്നി. തുടര്‍ന്ന് ആ ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധത്തിലേക്ക് വളര്‍ന്നു. ബന്ധത്തിലെ ശരിയും തെറ്റും തിരിച്ചറിയുന്നയാളാണ് പരാതിക്കാരി. അവർ ഗര്‍ഭിണിയായെന്ന വാദം തെറ്റാണ്.
താനുമായുള്ള ചാറ്റ് റെക്കോഡ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. റെക്കോഡ് ചെയ്ത ചാറ്റുകളടക്കം തെളിവുകള്‍ പിന്നീട് മാധ്യമങ്ങൾക്ക് കൈമാറുകയായിരുന്നു. തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. പരാതിക്കാരി ജോലി ചെയ്യുന്ന സ്ഥാപനം തനിക്കെതിരെ പരാതി നൽകാൻ നിർബന്ധിച്ചു. പരാതിക്കാരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതിന് തെളിവുമുണ്ട്.
മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയത് രാഷ്ട്രീയ താൽപര്യത്തിന്റെ ഭാഗമാണ്. ശബരിമല വിവാദത്തിൽനിന്ന് സര്‍ക്കാറിനെ രക്ഷിക്കാനാണ് പരാതി നല്‍കിയതെന്നും ഹരജിയിൽ രാഹുൽ വാദിക്കുന്നു.
ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം; രാഹുലിനെതിരെ ഗുരുതര ആരോപണങ്ങള്‍
തിരുവനന്തപുരം: അതിജീവിതയുടെ പരാതിയിലെ എഫ്.ഐ.ആറിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര പരാമർശങ്ങള്‍. പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷമാണെന്നും നിലമ്പൂരില്‍ പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തതെന്നും എഫ്ഐ.ആറിലുണ്ട്. രണ്ടുതവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും രണ്ടുതവണ പാലക്കാട്ടെ രാഹുലിന്‍റെ ഫ്ലാറ്റിലും വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
2025 മാർച്ച് നാലിനാണ് രാഹുൽ യുവതിയെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽവെച്ച് ആദ്യം ബലാത്സംഗം ചെയ്തത്. മാർച്ച് 17ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഗർഭിണി ആണെന്ന് അറിഞ്ഞിട്ടും ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിലെത്തി സ്വകാര്യ ദൃശ്യങ്ങൾ കാട്ടി വീണ്ടും ബലാത്സംഗം ചെയ്തു. മേയ് അവസാന ആഴ്ച രണ്ടുതവണ പാലക്കാട്ടെ ഫ്ലാറ്റിൽവെച്ചും ബലാത്സംഗം ചെയ്തു.
പത്തനംതിട്ടയിലെ സുഹൃത്ത് ജോബി ജോസഫ് വഴി മേയ് 30നാണ് ഗർഭച്ഛിദ്ര മരുന്ന് തിരുവനന്തപുരത്ത് എത്തിച്ച് നൽകിയത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയമായിരുന്നു അത്. കൈമനത്ത് ജോബി ജോസഫിന്‍റെ കാറിൽവെച്ച് നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുകയും പ്രചാരണത്തിലായിരുന്ന രാഹുൽ വിഡിയോ കോൾ വഴി യുവതി മരുന്ന് കഴിച്ചത് ഉറപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, അതിക്രമിച്ച് കടക്കൽ, ഐ.ടി നിയമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
കേസിൽ രണ്ട് പ്രതികള്‍ ഉള്ളതിനാൽ പ്രതികള്‍ പരസ്പരം സഹായിച്ച് കുറ്റകൃത്യം നടത്തിയതിനുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

