പാലക്കാട് നഗരസഭയിൽ സി.പി.എം പിന്തുണയോടെ കോൺഗ്രസ് അവിശ്വാസം പാസായി
text_fieldsപാലക്കാട്: പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്കെതിരായി യു.ഡി.എഫ് രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്കെതിരായ അവിശ്വാസ പ്രമേയമാണ് പാസായത്. ആകെയുള്ള ഒമ്പത് അംഗങ്ങളിൽ മൂന്ന് യു.ഡി.എഫ് അംഗങ്ങളും രണ്ട് എൽ.ഡി.എഫ് അംഗങ്ങളും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു. നേരത്തെ സി.പി.എം അംഗത്തിെൻറ വോട്ട് അസാധുവായതിനെ തുടർന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനെതിരായ അവിശ്വാസപ്രമേയം പാസായിരുന്നില്ല. നേരത്തെ നഗരസഭയിൽ കോൺഗ്രസ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണക്കാൻ സി.പി.എം തീരുമാനിച്ചിരുന്നു.
ബി.ജെ.പി സ്ഥിരം സമിതി അധ്യക്ഷൻമാർക്കെതിരെയാണ് യു.ഡി.എഫ് അവിശ്വാസം പ്രമേയം. നഗരസഭയിൽ എട്ട് സ്ഥിരം സമിതി അംഗങ്ങളാണ് ഉള്ളത്. ഇതിൽ മൂന്ന് വീതം അംഗങ്ങൾ കോൺഗ്രസിനും ബി.ജെ.പിക്കുമാണ് ഉള്ളത്. രണ്ടംഗങ്ങൾ സി.പി.എമ്മിനും ഉണ്ട്. സി.പി.എം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിെൻറ ആദ്യ പരീക്ഷണശാലയായി പാലക്കാട് നഗരസഭ മാറുമെന്നുള്ള വാർത്തകൾ നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് കോൺഗ്രസിന് പിന്തുണ നൽകാൻ സി.പി.എം തീരുമാനിച്ചത്.
ബി.ജെ.പിയെ താഴെയിറക്കാൻ കോൺഗ്രസിനെ പിന്തുണക്കില്ലെന്നായിരുന്നു സി.പി.എമ്മിെൻറ നേരത്തെയുള്ള നിലപാട്. എന്നാൽ, വെള്ളിയാഴ്ച ചേർന്ന പാർട്ടി ജില്ല സെൻറർ യോഗത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതായി വാർത്തകളുണ്ടായിരുന്നു. ഇക്കാര്യത്തിൽ ഒൗദ്യോഗിക തീരുമാനം ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് സി.പി.എം അറിയിച്ചിരുന്നത്.
ബി.ജെ.പിക്കെതിരെ കോൺഗ്രസുമായി നീക്കുപോക്കാകാമെന്നാണ് ഹൈദരാബാദിൽ സി.പി.എം പ്രമേയത്തിലെ ശ്രദ്ധേയ തീരുമാനം. നേരേത്ത, സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി അവതരിപ്പിച്ച ഈ പ്രമേയത്തെ സി.പി.എമ്മിലെ ഒരു വിഭാഗം നഖശിഖാന്തം എതിർത്തിരുന്നു. കോൺഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് പ്രമേയത്തിനാണ് കേന്ദ്രകമ്മിറ്റിയിൽ ഭൂരിപക്ഷം ലഭിച്ചത്. എന്നാൽ, ത്രിപുരയിൽ ഭരണം നഷ്ടമായതിനെ തുടർന്നും ബി.ജെ.പിയുടെ ഫാഷിസ്റ്റ് നയം രൂക്ഷമായതിനെ തുടർന്നും കോൺഗ്രസുമായി ധാരണയാകാമെന്ന യെച്ചൂരി ലൈൻ അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
