Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം നേരിട്ടത് അങ്ങേയറ്റം നാണംകെട്ട തോൽവിയെന്ന് പി.കെ. ശ്രീമതി; ‘ആശമാരുടെ വേതന വർധനയും സൗജന്യ യാത്രയും സ്വാഗതാർഹം’

text_fields
bookmark_border
സി.പി.എം നേരിട്ടത് അങ്ങേയറ്റം നാണംകെട്ട തോൽവിയെന്ന് പി.കെ. ശ്രീമതി; ‘ആശമാരുടെ വേതന വർധനയും സൗജന്യ യാത്രയും സ്വാഗതാർഹം’
cancel

ന്യൂഡൽഹി: ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എം നേരിട്ടത് അങ്ങേയറ്റം നാണംകെട്ട തോൽവിയാണെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി. തോൽവിയെ കുറിച്ച് പഠിക്കുമെന്നും പരിശോധിക്കുമെന്നും ഒരു നേതാവിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അവർ പറഞ്ഞു.

‘ലജ്ജാകരമായ, അങ്ങേയറ്റം നാണംകെട്ട ഒരു തോൽവി ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്. ഞങ്ങൾ അത് സ്വയം വിമർശനപരമായിട്ട് തന്നെ കാണുന്നു. അതിനെ സംബന്ധിച്ച സൂക്ഷ്മമായ, ആഴത്തിലുള്ള പരിശോധന എല്ലാ തലങ്ങളിലും നടന്നുകൊണ്ടിരിക്കുകയാണ്.

ഇതിനുമുമ്പും ഞങ്ങൾക്ക് ഇതിന് സമാനമായ ുതോൽവി ഉണ്ടായിട്ടുണ്ട്. പുത്തനായ തോൽവി ആണെന്ന് നിങ്ങൾ ധരിക്കരുത്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു വ്യക്തിയിൽ നമുക്ക് അടിച്ചേൽപ്പിക്കാൻ പാടില്ല. ഞാനും എന്റെ ഒന്നിച്ചുള്ള പ്രവർത്തകരും ഞങ്ങളുടെ ഏറ്റവും താഴെ തട്ടിൽ നമ്മുടെ ബ്രാഞ്ചിൽ പ്രവർത്തിക്കുന്നവരെല്ലാം തെര​ഞ്ഞെടുപ്പിൽ പ്രവർത്തിച്ചിട്ടുണ്ട്. എവിടെയാണ് പിശക് എന്ന് കണ്ടെത്തി പരിഹരിക്കും’ -ശ്രീമതി പറഞ്ഞു.

യു.ഡി.എഫ് സർക്കാർ ആശാ വർക്കർമാരുടെ ഓണറേറിയം കൂട്ടിയതും സൗജന്യ ബസ് യാത്ര നടപ്പാക്കുന്നതും സ്വാഗതം ചെയ്യുന്നു. നല്ലത് ആര് ചെയ്താലും അംഗീകരിക്കുമെന്നും അവർ പറഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എം ജില്ല കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളെ കാണുമ്പോൾ പുലർത്തുന്ന ധാർഷ്ട്യവും ശരീരഭാഷയും ജനങ്ങളിൽ വലിയ അവമതിപ്പുണ്ടാക്കിയെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് വസ്തുനിഷ്ഠമായ വിശകലനം നടത്താൻ നേതാക്കൾ തയാറാകണമെന്നും ആവശ്യമുയർന്നു.

മലബാറിലെ പാർട്ടി കോട്ടകളിലുണ്ടായ തിരിച്ചടിയും യോഗത്തിൽ ചർച്ചയായി. തളിപ്പറമ്പിൽ പി.കെ. ശ്യാമളക്കെതിരെ അണികൾക്കിടയിലുണ്ടായ എതിർപ്പ് നേതൃത്വം അവഗണിച്ചത് വലിയ തിരിച്ചടിയായി. തളിപ്പറമ്പിലും പയ്യന്നൂരിലുമുണ്ടായ ആഭ്യന്തര പ്രതിസന്ധികൾ മലബാറിലാകെ പാർട്ടിക്ക് വിപരീത വികാരമുണ്ടാക്കാൻ കാരണമായെന്നും കണ്ണൂരിൽ വിലയിരുത്തലുണ്ടായി.

അതേസമയം, എറണാകുളം ജില്ല കമ്മിറ്റി യോഗത്തിലും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ കടുത്ത അതൃപ്തിയാണ് ഉയർന്നത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പ്രസ്താവനകളെ പാർട്ടി കൃത്യസമയത്ത് തള്ളിപ്പറയാതിരുന്നത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്ന് എറണാകുളത്ത് വിമർശനമുയർന്നു. ഇത് പരമ്പരാഗതമായി പാർട്ടിയെ പിന്തുണച്ചിരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ ശത്രുപക്ഷത്താകാൻ ഇടയാക്കി.

സ്ഥാനാർഥി നിർണയത്തിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ട്. പാർട്ടിയിൽ പുതിയ കേഡർമാരെ വളർത്തിക്കൊണ്ടുവരുന്നതിന് ചില മുതിർന്ന നേതാക്കൾ തടസ്സം നിൽക്കുകയാണെന്നും വിമർശനമുയർന്നു. തോൽവിക്ക് പിന്നാലെ താഴേത്തട്ടിൽ ഉൾപ്പെടെ പാർട്ടി നേരിടുന്ന പ്രതിസന്ധികൾ വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദനയാകുമെന്നാണ് സൂചന.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM Suffered Humiliating Defeat, Says PK Sreemathy; Welcomes asha worker Wage Hike, KSRTC Free Travel
Next Story