അന്തസുണ്ടെങ്കിൽ കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയണം- രമേശ് ചെന്നിത്തല
text_fieldsകാസർകോട്: അന്തസുണ്ടെങ്കിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കരുത്. ബിനീഷ് കേസിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എല്ലാം അദ്ദേഹത്തിനറിയാമായിരുന്നു എന്നതിന്റെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു. കാസർകോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയക്കുമരുന്ന് കച്ചവടത്തിലൂടെ മകൻ കോടികൾ സമ്പാദിച്ചിട്ടും കോടിയേരിയോ സർക്കാരോ അറിഞ്ഞില്ലെന്ന വാദം കള്ളമാണ്. ബിനീഷ് കോടിയേരിയുടെ വസതിയിൽ നടക്കുന്ന റെയ്ഡ് സി.പി.എമ്മിന്റെ ജീർണതയുടെ തെളിവാണ്. ആദർശം പ്രസംഗിക്കുകയും അധോലോക പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന പാർട്ടിയാണ് സി.പി.എമ്മെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
വയനാട്ടിലെ മാവോയിസ്റ്റ് എറ്റുമുട്ടലിലും ചെന്നിത്തല സംശയം പ്രകടിപ്പിച്ചു. കേസിൽ സത്യാവസ്ഥ പുറത്ത് വരണം. ഇതിന് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. മാവോയിസ്റ്റായാൽ കൊല്ലണമെന്നുണ്ടോ? ഈ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.