വ്യക്തി വിമർശനങ്ങളും വിവാദങ്ങളും ഒഴിവാക്കി, പ്രധാന തിരുത്തലുകളോടെ സി.പി.എം അവലോകന റിപ്പോർട്ട്
text_fieldsതിരുവനന്തപുരം: വ്യക്തിഗത വിമർശനങ്ങളും വിവാദങ്ങളും പരമാവധി ഒഴിവാക്കിയും സംസ്ഥാന സമിതിയുടെ ആവശ്യമനുസരിച്ച് ചില പ്രധാന തിരുത്തലുകൾ വരുത്തിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്.
മൂന്ന് പ്രധാന തിരുത്തലുകളാണ് സംസ്ഥാന സമിതിയുടെ ശാഠ്യം കാരണം റിപ്പോർട്ടിൽ വരുത്തിയത്. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെതിരായ നടപടി, തളിപ്പറമ്പിൽ പി.കെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ വീഴ്ച ഏറ്റുപറഞ്ഞു, വെള്ളാപ്പള്ളി നടേശനെതിരെ പ്രസ്താവന നടത്തേണ്ടതായിരുന്നു എന്ന് സമ്മതിച്ചു തുടങ്ങിയ മൂന്ന് പ്രധാന തിരുത്തലുകളാണ് റിപ്പോർട്ടിൽ വരുത്തിയത്. ഈ റിപ്പോർട്ടാകും ജില്ല കമ്മിറ്റികളിലുൾപ്പെടെ അവതരിപ്പിക്കുക.
അതേസമയം, വീഴ്ചകൾ ഏറ്റുപറയുമ്പോഴും വ്യക്തിഗത വിമർശനങ്ങൾ അവലോകന റിപ്പോർട്ടിലില്ലെന്നതാണ് സത്യം. വീഴ്ചകൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാക്കാൽ ഏറ്റുപറയുകയാണ് ചെയ്തത്. ശൈലീ വിമർശനം ഉൾക്കൊള്ളുന്നെന്നും സ്ഥാനാർഥി നിർണയം പിഴച്ചപ്പോൾ ഇടപെടാനായില്ലെന്നും സെക്രട്ടറി യോഗത്തിൽ പറഞ്ഞു. ജില്ല കമ്മിറ്റിക്ക് സംഭവിച്ച വലിയ വീഴ്ച സംസ്ഥാന നേതൃത്വം തിരുത്തിയില്ലെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് തോൽവിയിൽ ‘നിർഭയമായ’ അഭിപ്രായ പ്രകടനത്തിന് അവസരം നൽകിയെന്ന് സി.പി.എം നേതൃത്വം അവകാശപ്പെടുമ്പോഴും ജില്ല കമ്മിറ്റികളിൽ ഉയർന്ന പ്രധാന വിമർശനങ്ങൾക്ക് പോലും റിപ്പോർട്ടിൽ ഇടമില്ല.
തളിപ്പറമ്പിൽ പി.കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പേരെടുത്ത് പറഞ്ഞുള്ള വിമർശനം ജില്ല കമ്മിറ്റികളിൽ ഉയർന്നെങ്കിലും അവലോകന റിപ്പോർട്ടിൽ ഇത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ തെറ്റായാണ് ചിത്രീകരിച്ചത്.
പിണറായി വിജയന്റെയും എം.വി ഗോവിന്ദന്റെയും ശരീരഭാഷയും ശൈലിയും സംബന്ധിച്ച് വിവിധ ജില്ലകളിൽ നിന്നും വിമർശനമുയർന്നെങ്കിലും നേതാക്കളെ കേന്ദ്രീകരിച്ചുള്ള വിമർശനങ്ങളൊന്നും റിപ്പോർട്ടിന്റെ ഭാഗമാക്കിയിട്ടില്ല. വെള്ളാപ്പള്ളി നടേശനെ പിന്തുണച്ചതും ശബരിമല സ്വർണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ നടപടി വൈകിയതും ആഗോള അയ്യപ്പസംഗമത്തിന്റെ നടത്തിപ്പും ഉൾപ്പെടെയുള്ള ഏതാനും പിഴവുകൾ മാത്രമാണ് താഴെയുണ്ടായ വിമർശനങ്ങളിൽനിന്ന് സംസ്ഥാന നേതൃത്വം അംഗീകരിച്ചതെന്ന് വ്യക്തം.
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിനെതിരെ ഉയർന്ന വിമർശനത്തിന് ‘സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായെടുത്ത തീരുമാനം’ എന്നാണ് റിപ്പോർട്ടിലുള്ളത്. കെ.കെ ശൈലജയെ ഉറപ്പില്ലാത്ത മണ്ഡലത്തിൽ നിർത്തി തോൽപിച്ചുവെന്ന വിമർശനം ജില്ല കമ്മിറ്റികളിൽ ഉൾപ്പെടെയുണ്ടായെങ്കിലും ഇക്കാര്യത്തിലെ വ്യക്തമായ വിശദീകരണവും റിപ്പോർട്ടിലില്ല.
തളിപ്പറമ്പിലും പയ്യന്നൂരിലും മാത്രമല്ല, പല മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്ന വിമർശനം ഉയർന്നിരുന്നു. സ്ഥിരമായി മത്സരിച്ച് തോൽക്കുന്നവരെ വീണ്ടും പരീക്ഷിക്കുന്നെന്നും സിറ്റിങ് എം.എൽ.എമാരെ കൂട്ടത്തോടെ മത്സരത്തിനിറക്കിയത് തെറ്റായിപ്പോയെന്നും പാർട്ടി ഘടകങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, മണ്ഡലങ്ങളിൽ എം.എൽ.എമാരുടെ സ്വീകാര്യത കണക്കിലെടുത്തുള്ള തീരുമാനമായിരുന്നു ഇതെന്നാണ് റിപ്പോർട്ടിലുള്ളത്. ഭരണവിരുദ്ധ വികാരമുണ്ടായെന്ന വിലയിരുത്തലാണ് ചില ജില്ല കമ്മിറ്റി യോഗങ്ങളിലുണ്ടായത്. എന്നാൽ ഭരണവിരുദ്ധ വികാരമേയില്ലെന്ന കണ്ടെത്തലാണ് അവലോകന റിപ്പോർട്ടിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

