സി.പി.എം വിശാല സംസ്ഥാന കമ്മിറ്റി യോഗം നാളെ; പാർട്ടി നേതൃത്വത്തിൽ അഴിച്ചുപണിക്ക് സാധ്യത
text_fieldsഎം.വി. ഗോവിന്ദൻ, പിണറായി വിജയൻ
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടികൾ വിലയിരുത്തുന്നതിനും ജനവിശ്വാസം തിരിച്ചുപിടിക്കുന്നതിനുമുള്ള തിരുത്തൽ നടപടികൾ ചർച്ച ചെയ്യാനും ആവശ്യമെങ്കിൽ നേതൃത്വത്തിൽ മാറ്റം വരുത്താനുമായി സി.പി.എമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം നാളെ കോഴിക്കോട് ആരംഭിക്കും. സെപ്റ്റംബർ 13 മുതൽ 15 വരെ മൂന്ന് ദിവസങ്ങളിലായാണ് യോഗം ചേരുന്നത്. ബ്രാഞ്ച് തലം മുതൽ പോളിറ്റ് ബ്യൂറോ വരെയുള്ള അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് ബ്രാഞ്ച് തലത്തിൽ നടന്ന ചർച്ചകളിലൂടെ പരാജയത്തിന്റെ അഭിപ്രായം ആരാഞ്ഞ് ലഭിച്ച ഇരുപതിനായിരത്തിലധികം അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സമഗ്ര റിപ്പോർട്ടും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യും. ജനങ്ങളിൽ നിന്ന് നേരിട്ട് ലഭിച്ച അഭിപ്രായങ്ങൾ ആയതിനാൽ സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിച്ച് രാഷ്ട്രീയ പ്രതിസന്ധികളെ മറികടക്കുക എന്നതാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
യോഗത്തിന്റെ ഔദ്യോഗിക അജണ്ടയിൽ സംസ്ഥാന നേതൃമാറ്റത്തെക്കുറിച്ച് പരാമർശിക്കുന്നില്ലെങ്കിലും ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയേറെയാണ്. നിലവിലെ നേതൃത്വവുമായി മുന്നോട്ടുപോയാൽ പാർട്ടിക്ക് അതിജീവനം പ്രയാസകരമാകുമെന്ന് കരുതുന്ന ഒരു വിഭാഗം സംസ്ഥാന സമിതി അംഗങ്ങൾ ഇതിനായി ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. എന്നാൽ ഈ നീക്കങ്ങളെ പ്രതിരോധിക്കാൻ എതിർ ചേരിയും കരുക്കൾ നീക്കി തുടങ്ങി.
നേതൃമാറ്റത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്ന ചേരിയിലെ അംഗങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില പ്രധാന യോഗങ്ങളിൽ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നയപരമായ വിശദീകരണങ്ങൾ നൽകിയിരുന്നു. ഇത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഒരു വിഭാഗം ശക്തമായി നേതൃമാറ്റം ആവശ്യപ്പെടുമ്പോൾ അത് അംഗീകരിക്കാതെ മുന്നോട്ട് പോകുന്നത് പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലും നേതൃത്വം നടത്തുന്നുണ്ട്. കേരളത്തിലെ സി.പി.എം ചരിത്രത്തിൽ ഇത്തരത്തിൽ ഒരു വിപുലീകൃത സംസ്ഥാന സമിതി വിളിച്ചുചേർക്കുന്നത് ഇതാദ്യമായാണ്.
സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങൾ, വർഗ്ഗ-ബഹുജന സംഘടനകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഉൾപ്പെടെ ആകെ 307 പേരാണ് നിർണ്ണായക യോഗത്തിൽ പങ്കെടുക്കുന്നത്. യോഗത്തിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ജനറൽ സെക്രട്ടറി എം.എ. ബേബി ഉൾപ്പെടെ അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങളും കോഴിക്കോട്ടേക്കെത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് ശേഷം സി.പി.എം ദേശീയതലത്തിൽ സമാനമായ വിശാല യോഗങ്ങൾ ചേർന്നിട്ടുണ്ടെങ്കിലും, കേരളത്തിൽ ആദ്യമായി നടക്കുന്ന ഈ വിശാല സംസ്ഥാന സമിതി യോഗം പാർട്ടിയുടെ ഭാവി രാഷ്ട്രീയ ഗതിയിൽ നിർണ്ണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

