സ്വയംവിമർശനത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി; തെറ്റുകൾ തിരുത്തും
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് തെറ്റുതിരുത്തുന്നതിനൊപ്പം വർഗീയവിരുദ്ധ നിലപാട് ശക്തമാക്കാനും സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം. തെറ്റുതിരുത്തൽ നടപടികൾക്കായി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെ പങ്കെടുപ്പിച്ച് ആഗസ്റ്റിൽ വിപുലമായ സംസ്ഥാന കമ്മിറ്റി ചേരും. തെറ്റുതിരുത്തൽ എങ്ങനെ വേണമെന്നതിൽ ഈ യോഗത്തിലാകും ചർച്ച ചെയ്ത് അന്തിമ രൂപരേഖ തയാറാക്കുക. ഇതിനായി പ്രത്യേകം പ്ലീനം ചേരണമെന്ന് അഭിപ്രായമുയർന്നെങ്കിലും വേണ്ടതില്ലെന്ന നിലപാടിലായിരുന്നു സെക്രട്ടേറിയറ്റ്.
ജില്ലകളിലടക്കം ഉയർന്ന വിമർശനങ്ങളും പരാമർശങ്ങളും ക്രോഡീകരിച്ച് സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോർട്ടിലാണ് രണ്ടു ദിവസം നീണ്ട സംസ്ഥാന കമ്മിറ്റിയിലെ പ്രധാന ചർച്ച. കണ്ണൂരിൽ പാർട്ടിക്കുണ്ടായത് വൻ വീഴ്ചയെന്നും സ്ഥാനാർഥി നിർണയത്തിൽ പിശക് പറ്റിയെന്നും സംസ്ഥാന കമ്മിറ്റിയിൽ വിമർശനമുണ്ടായി. ജില്ലാ കമ്മിറ്റിയും സംസ്ഥാന നേതൃത്വവും ഒരുപോലെ പരാജയമാണെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോടുള്ള നിലപാട് സംഘടന റിപ്പോർട്ടിന് പിന്നാലെ സംസ്ഥാന കമ്മിറ്റിയിലും വിമർശന വിധേയമായി. വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമർശങ്ങൾ തള്ളിപ്പറയാത്തത് തെറ്റായെന്ന് സി.പി.എം റിപ്പോർട്ട് അടിവരയിടുന്നു. ന്യൂനപക്ഷ വോട്ടുകൾ കൂട്ടത്തോടെ ചോരാൻ വെള്ളാപ്പള്ളിയെ തള്ളാതിരുന്ന നിലപാട് വഴിവെച്ചുവെന്നാണ് റിപ്പോർട്ടിലെ പരാമർശം.
അതേസമയം വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം വേണമെന്നും വെള്ളാപ്പള്ളിയെ ശക്തമായി തള്ളിപ്പറയണമെന്നും സംസ്ഥാന കമ്മിറ്റിയിൽ ആവശ്യമുയർന്നു. എല്ലാത്തരം വർഗീയതയെയും ശക്തമായി എതിർക്കണം. വർഗീയതയോട് സ്വീകരിച്ച വ്യക്തതയില്ലാത്ത സമീപനം ഇനി പാടില്ല. സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ തിരുത്തൽ വേണമെന്നും ആവശ്യമുണ്ടായി. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ തെറ്റായ പ്രവണതകളെ തിരുത്തുന്നതിൽ പാർട്ടി നേതൃത്വം പൂർണമായി പരാജയപ്പെട്ടു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം കേന്ദ്ര കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പുകൾ യഥാസമയം ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ സ്വീകരിക്കാത്തതിന്റെ പരിണതഫലമാണ് ഇപ്പോഴത്തെ വലിയ തിരിച്ചടി.
പാർട്ടിയുടെ ഏറ്റവും വിശ്വസ്ത വോട്ട് ബാങ്കായിരുന്ന പിന്നാക്ക വിഭാഗങ്ങളിൽ, പ്രത്യേകിച്ച് ഈഴവ സമുദായത്തിൽ നിന്നുള്ള വോട്ടുകളിൽ വലിയ തോതിലുള്ള ചോർച്ചയുണ്ടായി. ന്യൂനപക്ഷ വോട്ടുകളും കൈവിട്ടു. ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ സി.പി.എം നിലപാടുകൾക്ക് പോരായ്മ സംഭവിക്കുകയോ അല്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്കും മതേതര വോട്ടർമാർക്കിടയിലും വിശ്വാസ്യത നഷ്ടപ്പെടുകയോ ചെയ്തുവെന്നും ചർച്ചകളിൽ ചൂണ്ടിക്കാട്ടപ്പെട്ടു. അയ്യപ്പ സംഗമ നടത്തിപ്പിൽ വീഴ്ച പറ്റിയെന്നും സംഗമത്തിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ശോഭകെടുത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

