Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ആശയപ്രചാരണത്തിൽ അടിതെറ്റി’; പ്രത്യയശാസ്ത്ര വെല്ലുവിളികളിൽ പാളിച്ചയെന്ന് പാർട്ടി രേഖയിൽ വിമർശനം

text_fields
bookmark_border
‘ആശയപ്രചാരണത്തിൽ അടിതെറ്റി’; പ്രത്യയശാസ്ത്ര വെല്ലുവിളികളിൽ പാളിച്ചയെന്ന് പാർട്ടി രേഖയിൽ വിമർശനം
cancel

കോഴിക്കോട്: വലതുപക്ഷ പ്രത്യയശാസ്ത്രത്തെ തുറന്നുകാട്ടുന്നതിലും ഇടതു കാഴ്ചപ്പാട് പ്രചരിപ്പിക്കുന്നതിലും വലിയതോതിലുള്ള പോരായ്മകൾ നിലനിൽക്കുന്നുവെന്ന് സി.പി.എം വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിച്ച പാർട്ടി രേഖയിൽ വിമർശനം. മാർക്സിസ്റ്റ് സമീപനം കാലഹരണപ്പെട്ടതാണെന്ന ആശയഗതികൾ പ്രചരിക്കുകയാണ്. ഓരോ വിഭാഗവും സ്വത്വപരമായ കാഴ്ചപ്പാടോടെ സംഘടിച്ച് തങ്ങളുടെ അവകാശങ്ങൾ നേടുകയാണ് വേണ്ടതെന്ന ആശയങ്ങളും പ്രചരിപ്പിക്കപ്പെടുന്നു.

അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ ജാതീയമായും വർഗീയമായും സംഘടിപ്പിക്കുന്നതാണ് പുരോഗമനപരമെന്ന ആശയവും ചില കേന്ദ്രങ്ങൾ അവതരിപ്പിക്കുകയാണ്. ഈ സാഹചര്യത്തിൽ, സർവകലാശാലകളിലും ഗവേഷണ മേഖലകളിലും മാർക്സിസ്റ്റ് ആശയങ്ങൾ നല്ല നിലയിൽ പ്രചരിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇടത്തരം വിഭാഗങ്ങളെ പാർട്ടിയോട് അടുപ്പിക്കാൻ ഏറ്റവും സജീവമായി ഇടപെടേണ്ടത് ബുദ്ധിജീവി വിഭാഗങ്ങൾ കൂടിയാണ്. പാർട്ടി പരിപാടിയിൽ ഇക്കാര്യം എടുത്തുപറയുന്നുണ്ടെങ്കിലും ഇതിൽ വലിയ പോരായ്മയുണ്ട്.

പാർട്ടിയുടെ ശക്തമായ അടിത്തറ നിലനിന്നത് കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകളിലാണ്. എന്നാൽ, ആധുനിക യന്ത്ര സംവിധാനങ്ങളും മറ്റും ആരംഭിച്ചതോടെ ഈ മേഖലയെ പഴയരീതിയിൽ നിലനിർത്തുക പ്രയാസകരമായി. ഈ ദൗർബല്യം പാർട്ടിയുടെ വർഗപരമായ അടിത്തറ ദുർബലപ്പെടുത്തി. ഇത് തെരഞ്ഞെടുപ്പിലും സ്വാധീനം ചെലുത്തി.

വർഗസമരം എന്നത് സാമ്പത്തിക സമത്വത്തിനു വേണ്ടിയുള്ള സമരത്തോടൊപ്പംതന്നെ സാമൂഹികനീതിക്ക് വേണ്ടിയുള്ള സമരം കൂടിയാണെന്ന് തിരിച്ചറിഞ്ഞുള്ള ഇടപെടലുകളുണ്ടാകണം. ഇടതുപക്ഷത്തിന്റെ ഇടപെടലിൽ സാമൂഹികമായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ മുന്നോട്ടു വന്നിട്ടുണ്ട്. എന്നാൽ, ഈ മേഖലയിലെ വിദ്യാസമ്പന്നരിൽ സ്വത്വ രാഷ്ട്രീയത്തിന്‍റെ കാഴ്ചപ്പാടുകൾ സജീവമായി വളർന്നുവരുന്നത് കാണാതിരിക്കാനാവില്ല.

പുതുതലമുറയെ വർഗീയവാദികളും അരാഷ്ട്രീയവാദികളുമാക്കാൻ വൻതോതിൽ ഇടപെടൽ നടക്കുന്നു. സ്വത്വരാഷ്ട്രീയത്തിന്‍റെ വക്താക്കളെ സ്ഥാനാർഥികളായി കൊണ്ടുവരാനുള്ള പരിശ്രമങ്ങൾ ഇതിന്‍റെ ഭാഗമാണ്. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇടത്തരക്കാരെയും കൂടെ കൂട്ടണം

പാവപ്പെട്ടവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടിയാണെന്ന കാഴ്ചപ്പാട് മുറുകെ പിടിച്ചുതന്നെ, ഇടത്തരക്കാരെ കൂടി ആകർഷിക്കാൻ കഴിയുന്ന പരിപാടികൾ ആസൂത്രണം ചെയ്യണമെന്ന് പാർട്ടി രേഖയിൽ നിർദേശിച്ചു. എസ്.ഐ.ആർ വന്നശേഷം ഓരോ മണ്ഡലത്തിലെയും വോട്ടർ പട്ടികയിലുണ്ടായ മാറ്റങ്ങൾ ഗൗരവമായി പഠനവിഷയമാക്കണം.

പലയിടങ്ങളിലും വൻതോതിൽ വോട്ടു കുറയുകയും ചിലയിടങ്ങളിൽ വർധിക്കുകയും ചെയ്തിട്ടുണ്ട്. 88 മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞപ്പോൾ 52 മണ്ഡലങ്ങളിൽ വർധിച്ചു. വോട്ട് കൂടിയ മണ്ഡലങ്ങളിൽ ഭൂരിപക്ഷവും വടക്കൻ ജില്ലകളിലാണ്. മണ്ഡല ബലാബലത്തിൽ ഇത് വലിയ സ്വാധീനം ചെലുത്തും. ഇക്കാര്യം ഗൗരവമായി പഠിച്ചു, അത് മറികടക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ സജീവ ശ്രദ്ധ വേണമെന്നും പാർട്ടി രേഖ നിർദേശിച്ചു.

‘ബി.ജെ.പി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് സ്ത്രീകളെ സംഘടിപ്പിക്കുന്നു’

ബി.ജെ.പി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രീതി സജീവമാണെന്ന് സി.പി.എം. ഈ സാഹചര്യം ഉപയോഗപ്പെടുത്തി സ്ത്രീകളെ സംഘടിപ്പിക്കുകയും അവരെ സംഘ്പരിവാറിന്‍റെ രാഷ്ട്രീയ പിന്തുണക്കാരാക്കി മാറ്റുകയുമാണെന്നും വിശാലസമിതിയിൽ അവതരിപ്പിച്ച പാർട്ടി രേഖയിൽ പറഞ്ഞു. സ്ത്രീകൾക്കിടയിലെ സംഘ്പരിവാർ പ്രവർത്തനത്തെ പ്രതിരോധിക്കാൻ പ്രത്യേക ഇടപെടലുകൾ വേണം. ക്ഷേത്ര കമ്മിറ്റികളിൽ ഇടപെടാനും വർഗീയ വിദ്വേഷത്തെ പ്രതിരോധിക്കാനും കഴിഞ്ഞ സംസ്ഥാന സമ്മേളനം തീരുമാനിച്ചിരുന്നെങ്കിലും അത് വേണ്ടത്ര ഫലപ്രദമായി നടപ്പാക്കാനായില്ല. ഉത്സവങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും ഇടപെട്ടുകൊണ്ട് അവ വർഗീയവത്കരിക്കപ്പെടുന്നത് തടയണമെന്നും രേഖ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM State Committee: criticism in party document over failures in ideological challenges
Next Story