സി.പി.എം മൃദുഹിന്ദുത്വ പ്രവർത്തനം അവസാനിപ്പിക്കണം -പി. മുജീബ് റഹ്മാൻ
text_fieldsപി മുജീബ് റഹ്മാൻ
കോഴിക്കോട്: സമൂഹത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കി, ഭൂരിപക്ഷ വോട്ട് ഏകീകരണം ലക്ഷ്യമാക്കിയുള്ള മൃദുഹിന്ദുത്വ പ്രവർത്തനം സി.പി.എം അവസാനിപ്പിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയെ മുൻനിർത്തിയുള്ള ചർച്ചയാണ് സി.പി.എം നടത്തിയത്. മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും നേതൃത്വത്തിൽ ജമാഅത്തിനെ മറയാക്കി കടുത്ത വർഗീയ ധ്രുവീകരണത്തിനാണ് ശ്രമം നടന്നത്.
നേരത്തേ പാലക്കാട് തെരഞ്ഞെടുപ്പിലും പിന്നീട്, നിലമ്പൂരിലും പയറ്റി പരാജയപ്പെട്ട അജണ്ട തന്നെയാണ് തദ്ദേശ തെരഞ്ഞെടുപ്പിലും പാർട്ടി പുറത്തെടുത്തത്. മറ്റു രണ്ട് തെരഞ്ഞെടുപ്പുകളിലെന്ന പോലെ ഇത്തവണയും സി.പി.എമ്മിന്‍റെ നുണപ്രചാരണം ജനം തള്ളിയെന്നും മുജീബ് റഹ്മാൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ വിധിയെഴുത്ത് വസ്തുനിഷ്ഠമായി സി.പി.എം വിലയിരുത്തുകയും ധ്രുവീകരണ രാഷ്ട്രീയത്തെക്കുറിച്ച് പുനരാലോചന നടത്തുകയും വേണം. ഇല്ലെങ്കിൽ അത് സി.പി.എമ്മിനും കേരളത്തിനും അപകടം ചെയ്യും. ഇടത്, വലത് മുന്നണികളുള്ള കേരളമാണ് ജമാഅത്ത് താൽപര്യപ്പെടുന്നത്.
മലപ്പുറത്തെക്കുറിച്ചും മുസ്ലിം സമുദായത്തെക്കുറിച്ചും വിഷം തുപ്പുന്ന വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പുകഴ്ത്തിയെന്ന് മാത്രമല്ല, ഡൽഹിയിൽ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി തന്നെ മലപ്പുറത്തെ മോശമായി ചിത്രീകരിക്കുകയും ചെയ്തു. ഏതെങ്കിലും ജനകീയ സമരത്തിൽ തട്ടമിട്ട പെണ്ണിനെ കണ്ടാൽ അവരെ തീവ്രവാദികളാക്കി. അയ്യപ്പ സംഗമത്തിൽ അതിഥിയായി ക്ഷണിച്ചത് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയാണ്. സ്വന്തം ഘടകകക്ഷിയോട് പോലും ആലോചിക്കാതെയാണ് പി.എം ശ്രീയിൽ ഒപ്പിട്ടത് -അദ്ദേഹം പറഞ്ഞു.
കേരളത്തിന് പുറത്ത് സി.പി.എമ്മിന്‍റെ മൂന്ന് എം.പിമാരും ജമാഅത്ത് പിന്തുണ നേടി ജയിച്ചവരാണ്. കേരളത്തിൽ മാത്രം എന്തിനാണ് ജമാഅത്തിനെ ഭീകരവത്കരിക്കുന്നത്? ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെയോ ഭരണകൂടത്തിന്‍റെയോ ‘ഗുഡ് സർട്ടിഫിക്കറ്റ്’ ജമാഅത്തിന് ആവശ്യമില്ല. മുഖ്യമന്ത്രിയുമായി എ.കെ.ജി സെന്‍ററിൽ ചർച്ച നടത്തിയിട്ടില്ലെന്ന് ചോദ്യത്തിന് മറുപടിയായി മുജീബ് റഹ്മാൻ പ്രതികരിച്ചു. കോടിയേരി ബാലകൃഷ്ണനുമായി എ.കെ.ജി സെന്‍ററിൽ ജമാഅത്ത് നേതാക്കൾ ചർച്ച നടത്തിയിട്ടുണ്ട്. 2011 മാർച്ചിൽ ആലപ്പുഴ ഗെസ്റ്റ് ഹൗസിലാണ് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായിയുമായി ചർച്ച നടത്തിയത്. തെരഞ്ഞെടുപ്പിൽ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ച നടന്നത്. അദ്ദേഹം നേരെചൊവ്വെ തങ്ങളോട് എന്തോ കാര്യം പറഞ്ഞെന്നാണ് പറഞ്ഞത്. അങ്ങനെ ഒരു കാര്യവും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല.
ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ സംഘടനകളുമായി തുലനം ചെയ്യുന്നതിന്‍റെ അടിസ്ഥാനമെന്താണെന്ന് സി.പി.എം വ്യക്തമാക്കണമെന്നും മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിമാരാരായ ശിഹാബ് പൂക്കോട്ടൂർ, അബ്ദുൽ ഹക്കീം നദ്വി, അസി. സെക്രട്ടറി സമദ് കുന്നക്കാവ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

