ശ്രുതിക്ക് വീട് വാഗ്‌ദാനം ചെയ്‌ത് ടി. സിദ്ദീഖ് എം.എൽ.എ വഞ്ചിച്ചെന്ന് സി.പി.എം; ആരോപണം പച്ചക്കള്ളം -ടി. സിദ്ദീഖ്
text_fieldsശ്രുതി, കെ. റഫീഖ്, ടി. സിദ്ധിഖ്
കൽപറ്റ: മുണ്ടക്കൈ ദുരന്തബാധിത ശ്രുതിക്ക് വീട് വാഗ്‌ദാനം ചെയ്‌ത് ടി. സിദ്ദീഖ് എം.എൽ.എ വഞ്ചിച്ചെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ്. 120 ദിവസംകൊണ്ട് നിർമിച്ചുനൽകുമെന്ന് പറഞ്ഞ് തറക്കല്ലിട്ട് 18 മാസം കഴിഞ്ഞിട്ടും വീട് നിർമിച്ചില്ല. കൽപറ്റ എം.എൽ.എയുടെ വാക്കിൽ വിശ്വസിച്ച് ടൗൺഷിപ്പിൽ വീട് വേണ്ടെന്നുവെച്ച ശ്രുതി സർക്കാറിൽനിന്ന് കൈപ്പറ്റിയ 15 ലക്ഷം രൂപ തിരികെ നൽകാമെന്നും വീട് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാറിന് അപേക്ഷ നൽകിയിരിക്കുകയാണ്. ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെല്ലാവരും തുടർന്നുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട് കേരളത്തിന്റെ നൊമ്പരമായി മാറിയ ശ്രുതിയെ റീൽസുണ്ടാക്കാനും രാഷ്‌ട്രീയ നേട്ടത്തിനായും സിദ്ദീഖ് ഉപയോഗിക്കുകയായിരുന്നു. ശ്രുതിയെ വിവിധ സഹായങ്ങൾക്കൊപ്പം റവന്യു വകുപ്പിൽ ജോലി നൽകി സംരക്ഷിച്ചു.
ജോലി വാഗ്‌ദാനം ചെയ്‌ത് ഐ.സി. ബാലകൃഷ്‌ണൻ എം.എൽ.എ 10 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് ആഴ്‌ചകൾക്ക് മുമ്പ് വാർത്തസമ്മേളനം നടത്തി കോൺഗ്രസ് കുടുംബം പറഞ്ഞിരുന്നു. പിന്നീട് പിൻമാറി. ഡി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾ ഇവരെ കൽപറ്റയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി സെറ്റിൽമെന്റ് നടത്തി. പണം തരാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞെന്ന് പരാതിക്കാർ മറ്റൊരാളുമായി സംസാരിക്കുന്ന ഓഡിയോ പുറത്തുവന്നിട്ടുണ്ട്. വീട് നിർമാണത്തിന് അഞ്ച് കോടി രൂപ വിനിയോഗിച്ചാണ് സ്ഥലം വാങ്ങിയതെന്നാണ് കഴിഞ്ഞ ദിവസം സണ്ണി ജോസഫ് പറഞ്ഞത്. എന്നാൽ, കള്ളം കൈയോടെ പിടിക്കപ്പെട്ടപ്പോൾ മലക്കം മറിഞ്ഞെന്നും റഫീഖ് ആരോപിച്ചു.
അതേസമയം ശ്രുതിക്ക് വീട് ഉണ്ടാക്കി കൊടുക്കുന്നത് 'ടൈം ന്യൂസ്' എന്ന യൂട്യൂബേഴ്സ് ആണെന്നത് മറച്ചുവെച്ച് സി.പി.എം ജില്ല സെക്രട്ടറി പച്ചക്കള്ളം പറയുകയാണെന്ന് കല്‍പറ്റ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ടി. സിദ്ദീഖ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയില്ലെന്നായിരുന്നു ആദ്യം ഉയര്‍ത്തിയ ആരോപണം. എന്നാല്‍, പണം നല്‍കിയതിന്റെ തെളിവ് സഹിതം പുറത്തുവിട്ടപ്പോള്‍ അതുവിട്ടു. രണ്ടാമത് കൂവി തോല്‍പ്പിക്കാന്‍ ശ്രമിച്ചു. മൂന്നാമത്തെ ശ്രമമാണ് ഇപ്പോഴത്തെ പച്ചക്കള്ളം.
ശ്രുതിക്ക് വീട് നല്‍കാമെന്ന് താന്‍ എവിടെയും പറഞ്ഞിരുന്നില്ല. തൃശൂരില്‍ നിന്നുള്ള ടൈം ന്യൂസ് എന്ന സ്ഥാപനം ശ്രുതിയുമായി സംസാരിച്ചാണ് വീട് നിർമിച്ചു നല്‍കാനുള്ള തീരുമാനമെടുത്തത്. തറക്കല്ലിടല്‍ ചടങ്ങിന് അവര്‍ പലരെയും ക്ഷണിച്ചിരുന്നു. ദുരന്തബാധിതരുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും താൻ പങ്കെടുക്കാറുണ്ട്. അതുപോലെ ഈ ചടങ്ങിനും പോയിട്ടുണ്ട്. എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മധ്യത്തില്‍ ശ്രുതിക്ക് വീടു കൊടുക്കാന്‍ തീരുമാനിച്ച് അതില്‍നിന്നു പിന്മാറി എന്ന രീതിയില്‍ തന്നെ ബന്ധപ്പെടുത്താനുള്ള ശ്രമമാണ്. ശ്രുതിയുടെ വീടിന്റെ പ്രവൃത്തി മുടങ്ങിയപ്പോള്‍ നിർമാണം ഏറ്റെടുത്തവരുമായി ബന്ധപ്പെട്ടിരുന്നതായും ശ്രുതി തന്നെ അവരോട് വീട് പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും സിദ്ദീഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

