കേന്ദ്രാനുമതി ശ്രീധരന്റെ പദ്ധതിക്കായാലും അംഗീകരിക്കുമെന്ന് സി.പി.എം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിന് അതിവേഗ റെയില് അനിവാര്യമാണെന്നും ഇ. ശ്രീധരന്റെ പദ്ധതിക്കാണ് കേന്ദ്രാനുമതിയെങ്കിൽ അത് സർക്കാർ അംഗീകരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്രസർക്കാറിന്റെ കൂടി ഉറപ്പിലാണ് കെ റെയിലുമായി ആദ്യം മുന്നോട്ടുപോയത്. എന്നാൽ, രാഷ്ട്രീയ കാരണങ്ങളാൽ അനുമതി നിഷേധിച്ചതിനാലാണ് ആ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നതെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ പോവുകയാണെന്ന് പറഞ്ഞ് മത്സരിച്ച ഇ. ശ്രീധരന്റെ പദ്ധതി സംസ്ഥാന സർക്കാറുമായി ആലോചിച്ചുള്ളതല്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നവകേരളത്തിലേക്കുള്ള ചവിട്ടുപടിയാണ് ബജറ്റ്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും കേരളം മുന്നേറുമെന്ന സാക്ഷ്യപത്രമാണിത്. എന്നാൽ, ബജറ്റ് പ്രായോഗികമല്ലെന്ന ചർച്ചയാണ് പ്രതിപക്ഷം ഉയർത്തുന്നത്. മുൻ സർക്കാറിന്റെ അവസാന ബജറ്റ് ഡോ. തോമസ് ഐസക് അവതരിപ്പിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ബഡായി ബജറ്റെന്നാണ്.
എന്നാൽ, അതിലെ കാര്യങ്ങൾ നടപ്പാക്കി. ആ ആക്ഷേപത്തിന് സമാനമായാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രായോഗിമല്ലെന്ന് പറയുന്നത്. ബജറ്റിലെ അഷ്യേർഡ് പെൻഷൻ പദ്ധതിയിൽ അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതിയാണ് ലഭിക്കുക. പേരെന്ത് എന്നത് പ്രധാനമല്ല, ഏത് പദ്ധതി തെരഞ്ഞെടുക്കണമെന്ന് ജീവനക്കാർക്ക് തീരുമാനിക്കാം. ജീവനക്കാരുടെ ഡി.എ കുടിശ്ശിക നൽകുമെന്നും വരാനിരിക്കുന്നതും ഇടതുസർക്കാരാണെന്നതിനാൽ ഇക്കാര്യത്തിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ പദ്ധതികളെയെല്ലാം രാഷ്ട്രീയ ലക്ഷ്യംവെച്ച് എതിർക്കുകയും അഴിമതിയാരോപണം ഉന്നയിക്കുകയുമാണ് പ്രതിപക്ഷം. എന്നാൽ, ഒരു അഴിമതിയാരോപണവും സഭയിൽ ചർച്ചചെയ്യാൻ എഴുതിക്കൊടുക്കുന്നില്ല. കെ-ഫോൺ, ബ്രൂവറി, ഡാമുകൾ തുറന്നത്, ബന്ധു നിയമനം എന്നിവയിലെല്ലാം പ്രതിപക്ഷം കേസിന് പോയി തോറ്റു. അവസാനം സ്പ്രിംഗ്ലർ വിധിയും സർക്കാറിന് അനുകൂലമായി. ഇതിൽ കേസിന് പോയ രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ. സുരേന്ദ്രനും ജനങ്ങളോട് മാപ്പുപറയണം.
പൗരത്വ രജിസ്റ്റർ തയാറാക്കുക കൂടിയാണ് എസ്.ഐ.ആറിന്റെ ഉന്നം. പല മണ്ഡലങ്ങളിലും പതിനായിരക്കണക്കിന് വോട്ടാണ് ചേർത്തത്. ഇതിന്റെ പട്ടിക പ്രസിദ്ധീകരിച്ചാൽ അപാകത ചൂണ്ടിക്കാണിക്കാൻ രണ്ടാഴ്ച സമയം വേണം. ഈ ആവശ്യമടക്കം ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ (സി.ഇ.ഒ) ഓഫിലേക്ക് തിങ്കളാഴ്ച എൽ.ഡി.എഫ് മാർച്ച് നടത്തും. ലോക കേരളസഭയിൽ പ്രതിപക്ഷം പങ്കെടുക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

