സി.പി.എം ഭരിക്കുന്ന മൈലപ്ര സഹകരണ ബാങ്കിലും കോടികളുടെ തട്ടിപ്പ്; പരസ്യ പ്രതിഷേധവുമായി സി.പി.ഐ
text_fieldsപത്തനംതിട്ട: കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പിന് പിന്നാലെ സി.പി.എം ഭരിക്കുന്ന പത്തനംതിട്ടയിലെ മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ പരാതിയുമായി സി.പി.ഐ. അനധികൃത ഫീസുകൾ ഈടാക്കി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് സി.പി.ഐ മൈലപ്ര ലോക്കൽ സെക്രട്ടറി സോമനാഥൻ നായരുടെ ആരോപണം.
കല്യാണ, വിദ്യാഭ്യാസ വായ്പകൾക്ക് മുഴുവൻ തുകയും നൽകിയിരുന്നില്ല. അഞ്ച് ലക്ഷം വായ്പ എടുക്കുന്നവർക്ക് 4.25 ലക്ഷം മാത്രമാണ് നൽകിയിരുന്നത്. 75,000 രൂപയോളം മറ്റ് കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബാങ്ക് ഈടാക്കും. മൈലപ്ര സഹകരണ ബാങ്ക് പ്രസിഡന്‍റും സെക്രട്ടറിയും തട്ടിപ്പ് നടത്തുന്നതായി വർഷങ്ങൾക്ക് മുമ്പ് ബോധ്യപ്പെട്ടിരുന്നു.
എൽ.ഡി.എഫിലെ നേതാവായിട്ടും തനിക്ക് ബാങ്കിൽ നിന്ന് മോശം അനുഭവം നേരിട്ടു. സി.പി.എം പ്രാദേശിക നേതാക്കൾക്കൊപ്പം പരാതിയുമായി മുൻ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഓഫീസിൽ പോയെങ്കിലും തങ്ങളെ പുറത്താക്കി. തട്ടിപ്പിനെതിരെ പരസ്യ പ്രതിഷേധത്തിലേക്ക് കടക്കാനാണ് സി.പി.ഐ തീരുമാനമെന്ന് സോമനാഥൻ നായർ മീഡിയവണിനോട് വ്യക്തമാക്കി.