സി.പി.എം തെറ്റുതിരുത്തലിൽ വൈരുധ്യം: വീഴ്ച പാർട്ടിക്കെന്ന് റിപ്പോർട്ട്; തെറ്റുപറ്റിയത് പാർട്ടിവിട്ടവർക്കെന്ന് സെക്രട്ടറി
text_fieldsതിരുവനന്തപുരം: പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിലടക്കം തങ്ങൾക്ക് വീഴ്ചപറ്റിയെന്ന് സി.പി.എം അവലോകന റിപ്പോർട്ടിൽ സമ്മതിച്ചിരിക്കേ, തെറ്റുതിരുത്തേണ്ടത് പാർട്ടിവിട്ടവരാണെന്ന നേതൃത്വത്തിന്റെ ആവശ്യം വെളിവാക്കുന്നത് നിലപാടുകളിലെ വൈരുധ്യം. പാർട്ടിയെ വഞ്ചിച്ചവരാണെങ്കിലും തെറ്റുതിരുത്തിയാൽ തിരിച്ചുവരാമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പരാമർശം, തെറ്റുപറ്റിയത് പാർട്ടിക്കോ പുറത്തുപോയവർക്കോ എന്ന ചോദ്യം ഉയർത്തുന്നു.
രണ്ടിടത്തെയും സ്ഥാനാർഥിനിർണയത്തിൽ ജില്ല കമ്മിറ്റിക്കും സംസ്ഥാന നേതൃത്വത്തിനും വീഴ്ചപറ്റിയെന്നാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോർട്ടിലുള്ളത്. റിപ്പോർട്ടിലെ ‘ചർച്ചകളിൽ ഉയർന്ന പ്രശ്നങ്ങളും എടുക്കേണ്ട നിലപാടുകളും’ എന്ന ഭാഗത്താണ് ഇക്കാര്യങ്ങളുള്ളത്.‘പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയത്തിലുണ്ടായ വീഴ്ച ജില്ല കമ്മിറ്റി സ്വയംവിമർശനപരമായി അംഗീകരിച്ചിട്ടുണ്ട്.
ജില്ല കമ്മിറ്റി ശിപാർശ ചെയ്ത പേരുകൾക്ക് അനുമതി നൽകിയപ്പോൾ സംസ്ഥാന സെക്രട്ടേറിയറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ചസംഭവിച്ചിട്ടുണ്ട്’ എന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.
ജില്ല, സംസ്ഥാന നേതൃത്വങ്ങൾക്ക് വീഴ്ചയുണ്ടായെന്ന് വിലയിരുത്തുമ്പോൾതന്നെ ആ വീഴ്ച ചോദ്യംചെയ്ത് പുറത്തുപോയവർക്ക് തെറ്റുപറ്റിയെന്ന് സെക്രട്ടറി പറയുന്നത്, പരാജയത്തിന്‍റെ അടിസ്ഥാന കാരണങ്ങളിൽ പാർട്ടിയിൽ തർക്കം നിലനിൽക്കുന്നെന്നാണ് വെളിവാക്കുന്നത്.
ടി.കെ. ഗോവിന്ദനോടും വി. കുഞ്ഞികൃഷ്ണനോടും സ്വീകരിക്കേണ്ട സമീപനത്തിലും പാർട്ടിയിൽ അവ്യക്തതയുണ്ട്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും സെക്രട്ടേറിയറ്റംഗം എം.വി. ജയരാജന്റെയും വ്യത്യസ്ത അഭിപ്രായങ്ങൾ ഇക്കാര്യം അടിവരയിടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ പാർട്ടിയോടുള്ള വഞ്ചനയെന്ന് വിശേഷിപ്പിച്ചെങ്കിലും ജനവികാരം എതിരാണെന്ന ബോധ്യത്തിൽ ജനവിധിയുടെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ഇത്തരം പ്രയോഗങ്ങൾക്ക് നേതൃത്വം മടിച്ചു.
ഇരുവരും വർഗവഞ്ചകരാണെന്ന് ഇപ്പോൾ പറയാൻ പറ്റില്ലെന്നായിരുന്നു മേയ് ഏഴിന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പ്രതികരിച്ചത്. പാർട്ടി തീരുമാനം ലംഘിച്ച് തൊഴിലാളിവർഗ താൽപര്യത്തിനെതിരായ നിലപാട് സ്വീകരിക്കുന്നവരെയാണ് വർഗവഞ്ചകരെന്ന് പറയുന്നത്.
‘ഇത് അങ്ങനെയൊരു തെറ്റാണെ’ന്ന് ഇപ്പോൾ പറയാനാവില്ല. അവരുടെ നിലപാടാണോ തങ്ങളുടെ നിലപാടാണോ ശരിയെന്ന് സാവകാശം ആലോചിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു. സമാന നിലപാടാണ് കഴിഞ്ഞദിവസം എം.വി. ജയരാജൻ ആവർത്തിച്ചത്.
എന്നാൽ, അവർ പാർട്ടിയെ വഞ്ചിച്ചു, വർഗവഞ്ചന തന്നെ എന്നീ പരാമർശങ്ങളോടെയാണ് സംസ്ഥാന സെക്രട്ടറി ജയരാജനെ തിരുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

