Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാദപരാമർശങ്ങളും വ്യാഖ്യാനങ്ങളുമില്ല; ജനങ്ങളെ പഴിചാരാതെ സി.പി.എം റിപ്പോർട്ട്

text_fields
bookmark_border
കോഴിക്കോട്ട് നടക്കുന്ന വിശാല സംസ്ഥാന സമിതിയിൽ ഈ റിപ്പോർട്ടാണ് അവതരിപ്പിക്കുക
വിവാദപരാമർശങ്ങളും വ്യാഖ്യാനങ്ങളുമില്ല; ജനങ്ങളെ പഴിചാരാതെ സി.പി.എം റിപ്പോർട്ട്
cancel

തിരുവനന്തപുരം: വിവാദപരാമർശങ്ങളും വ്യാഖ്യാനങ്ങളും ഒഴിവാക്കി, ജനങ്ങളെ പഴിചാരാത്ത വിധത്തിലുള്ള രാഷ്ട്രീയ റിപ്പോർട്ടായിരിക്കും സി.പി.എം വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കുക. നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിൽ വീഴ്ചപറ്റിയത് പാർട്ടിക്കാണോ ജനങ്ങൾക്കാണോ എന്നതിൽ വ്യക്തത വരുത്താതെയുള്ള റിപ്പോർട്ടിനാണ് സി.പി.എം സെക്രട്ടറിയേറ്റ് രൂപംനൽകിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ പയ്യന്നൂരിലും തളിപ്പറമ്പിലുമടക്കമുണ്ടായ സ്ഥാനാർഥിനിർണയത്തിലെ വീഴ്ച മാത്രമാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതെന്നാണ് വിവരം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുടെ വിവാദ പരാമർശങ്ങളൊന്നും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്നതാണ് ശ്രദ്ധേയം. പാർട്ടി അംഗങ്ങളടക്കം ഇടതുസ്ഥാനാർഥികൾക്ക് വോട്ടുചെയ്തില്ലെന്ന വിലയിരുത്തലും റിപ്പോർട്ടിൽ ഇടംപിടിച്ചില്ലെന്നാണ് സൂചന.

ദിവസങ്ങൾക്ക് മുമ്പ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഈ രണ്ടു മണ്ഡലങ്ങളിലും നടത്തിയ വിശദീകരണ പ്രസംഗത്തിൽ, ജനങ്ങൾക്ക് വീഴ്ചപറ്റിയെന്ന് കുറ്റപ്പെടുത്തിയിരുന്നു. അത് കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ടനുസരിച്ചാണെന്ന് ‌സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ‌ന്യായീകരിക്കുകയും ചെയ്തു. എന്നാൽ, അത്തരം പരാമർശങ്ങളൊന്നും വിശാല സംസ്ഥാന സമിതിയിലേക്കുള്ള റിപ്പോർട്ടിൽ ചേർത്തിട്ടില്ലെന്നാണ് അറിയുന്നത്. നേരത്തെ കേന്ദ്ര കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അവലോകന റിപ്പോർട്ട് തയാറാക്കിയതാണ്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ട സാഹചര്യത്തിൽ ചേരുന്ന വിശാല സംസ്ഥാന സമിതിയിലേക്ക് സെക്രട്ടറിയേറ്റ് പുതിയ റിപ്പോർട്ടിന് രൂപംനൽകുകയാണ് ചെയ്തത്.

സംസ്ഥാന കമ്മിറ്റിയുടെ കണ്ടെത്തലിനെ പലകാര്യങ്ങളിലും തിരുത്തിയും തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയത്തിലടക്കം നേതൃത്വത്തിന് വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയുമാണ് കേന്ദ്രകമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ചത്. ജനങ്ങൾ പാർട്ടിയിൽനിന്ന് അകന്നതിന്‍റെ കാരണം കണ്ടെത്തി തിരുത്തണമെന്നതിനായിരുന്നു റിപ്പോർട്ടിൽ ഊന്നൽ നൽകിയത്. സർക്കാർ പ്രവർത്തനത്തിൽ രാഷ്ട്രീയ നിയന്ത്രണവും നിരീക്ഷണവും കൊണ്ടുവരാൻ സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞില്ലെന്നാണ് കേന്ദ്രകമ്മിറ്റി റിപ്പോർട്ടിലെ വിമർശം. ജനങ്ങളെ കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറുന്ന നിലപാടിനോട് ഭൂരിപക്ഷം സെക്രട്ടറിയേറ്റ് അംഗങ്ങൾക്കും വിയോജിപ്പുണ്ട്. വിശദമായി ചർച്ചചെയ്ത് തിരുത്തൽ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഈ നേതാക്കൾ ഉന്നയിക്കുന്നു. ഇത് പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരായ നീക്കമായി വ്യാഖ്യാനിക്കപ്പെടുന്നു.

ഈ സാഹചര്യത്തിലാണ് കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ വിശദീകരണത്തിന് മുതിരാതെ ‌വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ റിപ്പോർട്ട് തയാറാക്കിയത്. ഈ മാസം 13 മുതൽ 15 വരെ കോഴിക്കോട്ട്ണ് വിശാല സംസ്ഥാന സമിതി യോഗം. എന്നാൽ, യോഗത്തിലെ ചർച്ചകൾ മാധ്യമങ്ങളിലേക്ക് ചോരാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന നേതൃത്വം നിർദേശം നൽകിയെന്നാണ് വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM report without blaming the people
Next Story