‘പറഞ്ഞത് വാസ്തവവിരുദ്ധം, തെറ്റായ കാര്യം പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല...’; വി. കുഞ്ഞികൃഷ്ണനെ തള്ളി സി.പി.എം; നടപടിയുണ്ടാകും
text_fieldsകണ്ണൂർ: സി.പി.എം ശക്തികേന്ദ്രമായ പയ്യന്നൂരിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ച കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ തള്ളി സി.പി.എം. പാർട്ടിയുടെ നിലപാടിന് യോജിക്കാത്ത കാര്യങ്ങൾ ചെയ്യുന്നവരെ ഒരു രീതിയിലും വെച്ചുപൊറുപ്പിക്കില്ലെന്ന് കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ. രാഗേഷും മുൻ ജില്ല സെക്രട്ടറി എം.വി. ജയരാജനും അറിയിച്ചു.
കുഞ്ഞികൃഷ്ണന്‍ പറഞ്ഞത് വാസ്തവ വിരുദ്ധമാണ്. പാർട്ടി അന്വേഷിച്ച് ക്രമക്കേടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് പിരിവിന്‍റെ പേരില്‍ ധനാപഹരണം നടത്തിയിട്ടില്ല. പ്രസ്താവന പാർട്ടിയെ തകർക്കാനെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. കോടിയേരിക്കെതിരെ അടക്കം ആക്ഷേപം ഉന്നയിച്ചു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് അടക്കമാണ് ആരോപിച്ചത്. കുഞ്ഞികൃഷ്ണൻ പറഞ്ഞ കാര്യങ്ങളിൽ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ആരും വ്യക്തിപരമായി ധനാപഹരണം നടത്തിയിട്ടില്ല എന്നാണ് പാർട്ടി കണ്ടെത്തൽ. വരവ് ചെലവ് കണക്ക് പാർട്ടിയിൽ അവതരിപ്പിച്ച അംഗീകാരം വാങ്ങുന്നതിൽ ചില വീഴ്ച സംഭവിച്ചിട്ടുണ്ട്. ആ വീഴ്ച കണക്കിലെടുത്താണ് നടപടികൾ സ്വീകരിച്ചതെന്നും ജയരാജൻ വ്യക്തമാക്കി.
കുഞ്ഞികൃഷ്ണനെതിരെ നടപടിയുണ്ടാകുമെന്ന് രാഗേഷ് സൂചന നൽകി. തെറ്റായ കാര്യം പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ലെന്നും പാർട്ടിക്ക് പാർട്ടിയുടേതായ രീതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധനരാജ് രക്തസാക്ഷി ഫണ്ട് ഉൾപ്പെടെ ലക്ഷങ്ങളുടെ ക്രമക്കേട് നടത്തിയെന്ന, പാർട്ടിയിൽ മുമ്പ് ഉന്നയിച്ച ആരോപണമാണ് കുഞ്ഞികൃഷ്ണൻ പരസ്യമായി ഉന്നയിച്ചത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗുരുതരമായ ആരോപണവുമായി വീണ്ടും രംഗത്തെത്തിയത്. പാർട്ടിയിൽ ഉന്നയിച്ചെങ്കിലും നടപടി ഇല്ലാത്തതിനാലാണ് ജനങ്ങളോട് തുറന്നുപറയുന്നതെന്ന് പറഞ്ഞാണ് ലക്ഷങ്ങൾ തിരിമറി നടത്തിയതായി ആരോപിക്കുന്നത്.
ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ ഒരുകോടിയോളം രൂപ പിരിച്ചെടുത്ത് ഇതിൽനിന്ന് വലിയ തുക വകമാറ്റിയതായും ഏരിയ കമ്മിറ്റി ഓഫിസ് നിർമാണത്തിൽ വന്ന കടം വീട്ടിയതായും കുഞ്ഞികൃഷ്ണൻ പറഞ്ഞു. ഫണ്ട് തിരിമറി അന്വേഷിക്കാൻ നിയോഗിച്ച ടി.വി. രാജേഷ്, പി.വി. ഗോപിനാഥ് എന്നിവർ അംഗങ്ങളായ കമീഷൻ പാർട്ടിക്ക് നഷ്ടം വരുത്തിയില്ല എന്നാണ് പറഞ്ഞത്. കണക്ക് അവതരിപ്പിക്കാൻ വൈകിയതിനു മാത്രമാണ് നടപടി ഉണ്ടായത്. ഇ.പി. ജയരാജനെക്കുറിച്ച് ആരോപണമുന്നയിച്ചപ്പോഴും കമീഷന്റെ നടപടി ഏകപക്ഷീയമായിരുന്നു. തെറ്റ് ചെയ്തവരെ വെള്ളപൂശാനും തെറ്റു ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കാനുമാണ് കമീഷൻ. ഏരിയ കമ്മിറ്റിയിലെ 17 പേർ എതിർത്തിട്ടും തന്നെ ഏരിയ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി. പാർട്ടിക്കുള്ളിൽ പോരാടാനായിരുന്നു നേതാക്കൾ വിളിച്ചപ്പോൾ പാർട്ടിയിലേക്ക് തിരിച്ചുപോയത്. എന്നാൽ, ആ പ്രതീക്ഷ അസ്തമിച്ചതിനാലാണ് ജനങ്ങളോട് തുറന്നുപറയുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.
കാരയിൽ വിമത സ്ഥാനാർഥി ജയിക്കുകയും 25ഓളം അംഗങ്ങൾ ഉൾപ്പെടെ വിഘടിച്ച് നിൽക്കുകയും ചെയ്യുന്ന പ്രശ്നം പരിഹരിക്കാൻ നേതൃത്വം ശ്രമം നടത്തുമ്പോൾ പഴയ ആരോപണം പരസ്യമാക്കി ജില്ല കമ്മിറ്റി അംഗം രംഗത്തെത്തിയത് പാർട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

