ആശ സമരം, പ്രതിപക്ഷ നേതൃനിർണയം: സി.പി.ഐയെ തള്ളി സി.പി.എം
text_fieldsതിരുവനന്തപുരം: ആശ വർക്കർമാരുടെ സമരത്തിലും പ്രതിപക്ഷ നേതൃനിർണയത്തിലുമടക്കം സി.പി.ഐ നിലപാടുകൾ തള്ളി സി.പി.എം. പ്രതിപക്ഷ നേതാവായി പിണറായി വിജയൻ വരേണ്ടതില്ലെന്ന സി.പി.ഐ നിലപാടിനെ കുറിച്ച വാർത്തസമ്മേളനത്തിലെ ചോദ്യത്തിന്, ‘പ്രതിപക്ഷ നേതാവ് ആരാണ് എന്നത് സി.പി.എമ്മാണ് തീരുമാനിക്കേണ്ടത്’ എന്നായിരുന്നു സി.പി.എം നേതാവും മുന്നണി കൺവീനറുമായ ടി.പി. രാമകൃഷ്ണന്റെ മറുപടി.
‘‘ആശാസമരത്തോട് സർക്കാർ കൈകൊണ്ട നിലപാട് തെറ്റായിരുന്നുവെന്ന് ഇടതുമുന്നണിക്ക് അഭിപ്രായമില്ല. അങ്ങനെ അഭിപ്രായമുണ്ടെങ്കിൽ സി.പി.ഐ വിശദീകരിക്കട്ടെ.
അത് ഇടതുമുന്നണിയുടെ നിലപാടെന്ന നിലയിൽ തന്റെ തലയിൽ വെയ്ക്കേണ്ട. ആശാസമരത്തിന് ലക്ഷ്യം പ്രശ്നം പരിഹരിക്കലായിരുന്നില്ല. രാഷ്ട്രീയമായി വേറെ വഴി തിരിച്ചുവിടാനാണ് ശ്രമമുണ്ടായത്’’-ടി.പി പറഞ്ഞു. ആശാസമരത്തിൽ കുറ്റസമ്മതവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തിയതിന് പിന്നാലെയാണ് സി.പി.എം നിലപാട് വ്യക്തമാക്കിയത്.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സി.പി.ഐ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് അവരോട് അന്വേഷിച്ചാൽ മതിയെന്നായിരുന്നു ടി.പി. രാമകൃഷ്ണന്റെ പ്രതികരണം. ‘‘സി.പി.ഐ ജനറൽ സെക്രട്ടറിയുടെ പ്രസ്താവന ‘ജനയുഗ’ത്തിൽ പൂർണരൂപത്തിൽ വന്നിട്ടുണ്ട്.
അതിലൊന്നും പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ടതായി താൻ കണ്ടില്ല. പിണറായി വിജയൻ പ്രതിപക്ഷ നേതാവാകാൻ പാടില്ലെന്ന നിലപാട് സി.പി.ഐ എടുത്തതായി തനിക്കറിയില്ല. ഉപനേതൃസ്ഥാനം വേണമെന്നത് സി.പി.ഐ അവരുടെ അഭിപ്രായമായി പറഞ്ഞു. അത്ര കണ്ടാൽ മതി. പാർട്ടി എന്ന നിലക്ക് അവർക്ക് അത് പറയാം.
പക്ഷേ, അത് തീരുമാനമല്ല. ഇടതുമുന്നണി യോഗത്തിൽ സി.പി.ഐ പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. പുറത്ത് ചിലപ്പോൾ പറഞ്ഞിട്ടുണ്ടാകും’’-ടി.പി. വിശദീകരിച്ചു. ഇടതുമുന്നണി ഒരുതവണയാണ് യോഗം ചേർന്നത്. പ്രാഥമിക അവലോകനത്തിൽ പരാജയത്തിന് ഉത്തരവാദികൾ പിണറായി വിജയനും പാർട്ടി സെക്രട്ടറിയുമാണെന്ന നിഗമനത്തിലെത്തിയില്ലന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി വരട്ടെ, എന്നിട്ട് പ്രതിപക്ഷ നേതാവ് -ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം: മുഖ്യമന്ത്രി വരട്ടെ, എന്നിട്ടാകാം പ്രതിപക്ഷ നേതാവെന്ന് ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് മുന്നണിയിൽ ആലോചനയുണ്ടായിട്ടില്ല. ഇക്കാര്യത്തിൽ തർക്കത്തിന്റെ പ്രശ്നമില്ല. ജനവിധി യു.ഡി.എഫിന് അനുകൂലമാണ്. ആ തീരുമാനത്തോട് നീതിപുലർത്താനുള്ള ബാധ്യത കോൺഗ്രസിനും യു.ഡി.എഫിനുമുണ്ട്. എന്നാൽ, ബാധ്യത അവർ നിറവേറ്റുന്നില്ല-ടി.പി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

