Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.ഡി റെയ്ഡിൽ...

ഇ.ഡി റെയ്ഡിൽ പ്രതിഷേധവുമായി സി.പി.എം; പിണറായി വിജയന്റെ വീടിന് മുന്നിൽ നേതാക്കളുടെ കുത്തിയിരിപ്പ് സമരം

text_fields
bookmark_border
ഇ.ഡി റെയ്ഡിൽ പ്രതിഷേധവുമായി സി.പി.എം; പിണറായി വിജയന്റെ വീടിന് മുന്നിൽ നേതാക്കളുടെ കുത്തിയിരിപ്പ് സമരം
cancel
camera_alt

ഇ.ഡി റെയ്‌ഡിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീടിന് മുന്നിൽ സി.പി.എം പ്രവർത്തകർ കുത്തിയിരിക്കുന്നു       - പി.ബി. ബിജു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് മുന്നിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിനെതിരെ സി.പി.എം മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം. ബേക്കറി ജംക്‌ഷനിലുള്ള അദ്ദേഹത്തിന്റെ വാടക വീടിന് മുന്നിൽ കെ.കെ ജയചന്ദ്രൻ, മുൻ മന്ത്രി വി. ശിവൻകുട്ടി, വി. ജോയ് എം.എൽ.എ ആനാവൂർ നാഗപ്പൻ തുടങ്ങിയ പ്രമുഖ നേതാക്കൾ ഒത്തുകൂടി കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. തലസ്ഥാന നഗരിയെ പിടിച്ചുകുലുക്കുന്ന രീതിയിൽ വലിയ മുദ്രാവാക്യം വിളികളോടെയാണ് ഇ.ഡി നടപടിക്കെതിരെ സി.പി.എം പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്.

ഇതിനിടെ സി.എം.ആർ.എൽ സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയും ഉൾപ്പെട്ടിട്ടുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡുകൾക്ക് പിന്നാലെ പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇ.ഡി ഈ നിർണായക വിവരങ്ങൾ വ്യക്തമാക്കിയത്. കമ്പനിയിൽനിന്ന് വ്യാജ ചെലവുകളുടെ മറവിൽ വകമാറ്റിയ ഫണ്ടിന്റെ പ്രധാന ഗുണഭോക്താക്കളിൽ ഒരാൾ വീണയാണെന്നും കേന്ദ്ര അന്വേഷണ ഏജൻസി പരസ്യപ്പെടുത്തി.


സി.എം.ആർ.എൽ കമ്പനിയിൽനിന്ന് യാതൊരുവിധ സേവനങ്ങളും നൽകാതെ വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കമ്പനിയുടെ നിയമപരമായ ചെലവുകൾ എന്ന വ്യാജേനയാണ് ഈ തുക വകമാറ്റിയത്. ഇത്തരത്തിൽ പണം കൈപ്പറ്റിയവരിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണയും ഉൾപ്പെടുന്നുവെന്നും, പരിശോധനകളുടെയും അന്വേഷണത്തിന്റെയും പരിധിയിൽ മുൻ മുഖ്യമന്ത്രിയും മകളും കൃത്യമായി ഉൾപ്പെട്ടിട്ടുണ്ടെന്നും ഇ.ഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

ഇ.ഡി വാർത്താക്കുറിപ്പ് പുറത്തുവിടുന്നതിന് മുന്നോടിയായി ഇന്ന് പുലർച്ചെ മുതൽ കേരളത്തിലും ബംഗളൂരുവിലുമായി പത്ത് കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്, കണ്ണൂർ പിണറായി പണ്ട്യാലമുക്കിലെ വസതി, മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് എന്നിവിടങ്ങളിൽ കേന്ദ്രസേനയുടെ കനത്ത സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്. കൂടാതെ കൊച്ചിയിലെ സി.എം.ആർ.എൽ ഓഫിസ്, ബംഗളൂരുവിലെ എക്സാലോജിക് കമ്പനിയുടെ ഓഫിസ് എന്നിവയും ഇ.ഡി റെയ്ഡിന്റെ പരിധിയിലുണ്ട്.

മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിനെതിരെ സി.എം.ആർ.എൽ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികൾ കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി തള്ളിയിരുന്നു. ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകമാണ് ഇ.ഡിയുടെ ഭാഗത്തുനിന്നും ഇത്രയും ശക്തമായ നീക്കമുണ്ടായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinaray vijanED raidCPM
News Summary - CPM Provoked by ED Raids; Leaders Stage Sit-In Protest in Front of Pinarayi Vijayan's Residence
Next Story