അനുമതിയില്ലാതെ ഒരു സി.പി.എം പ്രതിനിധി കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കുമോ? -വി.ഡി. സതീശൻ
text_fieldsകോട്ടയം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ബി.ജെ.പിയെ സഹായിക്കാനുള്ള ചര്‍ച്ചകളാണ് കണ്ണൂരിലെ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു കാരണവശാലും കോണ്‍ഗ്രസുമായി സന്ധി ചെയ്യില്ലെന്ന നിലപാട് സ്വീകരിക്കാന്‍ കേരളത്തിലെ സി.പി.എം ഘടകം കേന്ദ്ര നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കാമെന്ന നിലപാടെടുത്താല്‍ കെ റെയിലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നല്‍കില്ല. അതിനാല്‍ കോണ്‍ഗ്രസുമായി സന്ധി ചെയ്യില്ലെന്ന ധാരണ കേരളത്തിലെ സി.പി.എം നേതൃത്വവും കേന്ദ്രത്തിലെ ബി.ജെ.പി- സംഘ്പരിവാര്‍ നേതൃത്വവും തമ്മില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
കേരളത്തില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയതലത്തില്‍ ബി.ജെ.പിയെ ഒറ്റപ്പെടുത്തി കോണ്‍ഗ്രസും ഇടതുപക്ഷ കക്ഷികളും ഒന്നിച്ചു നില്‍ക്കണമെന്ന തീരുമാനം ഉണ്ടാകില്ലെന്ന് പിണറായി വിജയന്‍ കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഏത് ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തോല്‍പ്പിക്കണമെന്ന നിലപാടെടുത്ത പഴയ കാല സി.പി.എം നേതാക്കളുടെ പിന്‍മുറക്കാര്‍ കോണ്‍ഗ്രസ് തകര്‍ന്നാലും കുഴുപ്പമില്ല ബി.ജെ.പി ജയിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമായി മാത്രം പാര്‍ട്ടി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്.
മന്ത്രിയും മുഖ്യമന്ത്രിമാരും കണ്ണൂരില്‍ കൂടിയിരിക്കുകയാണ്. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയുന്നുണ്ടോയെന്ന് സംശയമാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ അതിക്രമങ്ങള്‍ നടക്കുകയാണ്. വ്യാഴാഴ്ച തിരുവനന്തപുരത്ത് ബോംബേറില്‍ ഒരാളുടെ കാലുതകര്‍ന്നു. ഇന്ന് മറ്റൊരാളുടെ മുഖം തകര്‍ന്നു. കേരളത്തില്‍ മയക്കുമരുന്ന് മാഫിയകള്‍ അഴിഞ്ഞാടുന്നു. മയക്കുമരുന്ന് മാഫിയകളുടെ കൈയ്യിലാണ് കേരളം. അവര്‍ക്ക് പിന്തുണ നല്‍കുന്നത് സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും പ്രാദേശിക നേതൃത്വങ്ങളാണ്. അവരുടെ സമ്മതത്തോടും അനുവാദത്തോടും കൂടിയാണ് മയക്കുമരുന്ന് സംഘം അഴിഞ്ഞാടുന്നത്.
ഇവിടെ എന്ത് ഭരണമാണ് നടക്കുന്നത്? കെ.എസ്.ഇ.ബിയില്‍ സി.പി.എം സംഘടനാ നേതാക്കള്‍ ചെയര്‍മാന്റെ മുറിയിലേക്ക് ഇരച്ചു കയറുകയാണ്. ഭരണകക്ഷി സംഘടനാ നേതാക്കള്‍ തന്നെ കെ.എസ്.ഇ.ബിയെ തകര്‍ക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. സി.പി.എം ജില്ലാ സെക്രട്ടറിമാരും ഏരിയാ സെക്രട്ടറിമാരുമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഇത്രയും പരിതാപകരമായ സ്ഥിതി കേരളത്തില്‍ ഉണ്ടായിട്ടില്ല. കണ്ണൂരില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുമ്പോള്‍ കേരളത്തില്‍ ഒരു ഭരണമുണ്ടോയെന്ന ചോദ്യമാണ് സാധാരണക്കാര്‍ ചോദിക്കുന്നത്. അപകടകരമായ നിലയിലേക്ക് കേരളം കൂപ്പുകുത്തുകയാണ്. ജനങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധമുണ്ടാക്കാന്‍ മാത്രമാണ് സര്‍ക്കാറിന് കഴിഞ്ഞത്.
കെ.വി തോമസിനെതിരായ നടപടി സംബന്ധിച്ച് ഉചിതമായ തീരുമാനം കെ.പി.സി.സി കൈക്കൊള്ളും. പാര്‍ട്ടിയുടെ അനുമതിയില്ലാതെ സി.പി.എമ്മിന്റെ ഏതെങ്കിലും ഒരു പ്രതിനിധി കോണ്‍ഗ്രസിന്റെ പരിപാടികളില്‍ പങ്കെടുക്കുമോ? പാര്‍ട്ടി തീരുമാനം അനുസരിക്കാന്‍ കെ.വി തോമസിന് ബാധ്യതയുണ്ടെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

