അമ്രകോർബോ ജോയ്...
text_fieldsകണ്ണൂർ: അമ്രകോർബോ ജോയ്.... അമ്രാ കോർബോ ജോയ്.... നിഷ്ചോയ്.... സ്വാതന്ത്ര്യത്തിന്‍റെയും സർഗാത്മകതയുടെയും പുതിയ ആകാശത്തിനുകീഴിൽ അവർ പാടുകയാണ്. കണ്ണൂരിന്‍റെ ചുവന്ന മണ്ണിൽ അങ്ങനെ വംഗനാട്ടിലെ വിപ്ലവ ഗാനങ്ങളും മുദ്രാവാക്യങ്ങളും ഉയർന്നു. ബര്‍ണശ്ശേരി നായനാര്‍ അക്കാദമിയിലെ ഇ.കെ. നായനാര്‍ നഗരിയില്‍ ഇന്നലെ രാവിലെ മുതല്‍ ബംഗാള്‍ സഖാക്കളുടെ ആവേശം അലയടിക്കുകയായിരുന്നു. മുദ്രാവാക്യം വിളിപോലും നിഷേധിച്ച പശ്ചിമ ബംഗാളില്‍ നിന്നെത്തിയ 18 അംഗ സംഘം സമ്മേളന നഗരിയില്‍ വിപ്ലവഗാനങ്ങളാലപിച്ചും മുദ്രാവാക്യം വിളിച്ചും ഏവരെയും കൈയിലെടുത്തു. രാവിലെ സമ്മേളന നഗരയിലെത്തിയ ബംഗാള്‍ സഖാക്കള്‍ ഇനി പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞേ നാട്ടിലേക്ക് മടങ്ങൂ.
പശ്ചിമ ബംഗാളിലെ ബിരാത്തി ബിഷാർപാര വെസ്റ്റ് ഏരിയ കമ്മിറ്റിയിലെ 18 അംഗങ്ങളാണ് പാര്‍ട്ടി കോണ്‍ഗ്രസിനായി കഴിഞ്ഞ ദിവസം രാവിലെ കണ്ണൂരിലെത്തിയത്. മോഹിത്ത് ഘോഷ്, പ്രാമാണിക്, നിത്യയ്ത്, മനോരഞ്ജന്‍, ഷാഹി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അവര്‍ കണ്ണൂരിലെത്തിയത്.
ഇന്നലെ നായനാര്‍ നഗറിലെത്തിയ അവര്‍ മുദ്രാവാക്യം വിളിയും വിപ്ലവഗാനങ്ങളുമായി സമ്മേളന നഗരിയെ കൊഴുപ്പിച്ചു. ഇടക്ക് സമ്മേളനത്തില്‍നിന്നിറങ്ങി എം.വി. ജയരാജനെ കണ്ടപ്പോള്‍ ബംഗാള്‍ സഖാക്കളുടെ ആവേശം ഇരട്ടിച്ചു. സെല്‍ഫിയെടുപ്പും മുദ്രാവാക്യം വിളിയുമായി അവര്‍ ജയരാജനു ചുറ്റുമായി. കണ്ണൂരിന്റെ വിപ്ലവച്ചൂട് നേരിട്ടറിഞ്ഞ് പാര്‍ട്ടി കോണ്‍ഗ്രസ് പൊതുസമ്മേളനത്തിലും പങ്കെടുത്തുമാത്രമേ ഇവര്‍ നാട്ടിലേക്ക് മടങ്ങു. ബംഗാളിലെ പാര്‍ട്ടിയുടെ അവസ്ഥ ചോദിച്ചപ്പോള്‍, മമതയുടെ നേതൃത്വത്തില്‍ ഫാഷിസ്റ്റ് ഭരണമാണ് നടക്കുന്നതെന്നും ബി.ജെ.പിയുടെയും തൃണമൂലിന്റെയും അക്രമം നേരിടേണ്ട അവസ്ഥയാണ് നിലവിലെന്നുമായിരുന്നു മറുപടി. കണ്ണൂരിന്‍റെ അന്തരീക്ഷത്തിനും വിപ്ലവത്തിനും ഒരുപോലെ ചൂടാണെന്ന് സംഘം പറഞ്ഞു. ബംഗാളിലിപ്പോൾ കമ്യൂണിസ്റ്റ് ചിഹ്നങ്ങളും വിപ്ലവ ചിഹ്നങ്ങളും നിറഞ്ഞ തെരുവുകൾ അന്യമാണ്. സി.പി.എമ്മിന്റെ സംഘടന പ്രവർത്തനവും കേരളത്തിൽ കൈവരിച്ച പുരോഗതിയും തങ്ങളെ അത്ഭുതപ്പെടുത്തിയതായും സംഘം പറഞ്ഞു.