Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിണറായിയെയും വീണയെയും പ്രതിരോധിച്ച് സി.പി.എം ലഘുലേഖ

text_fields
bookmark_border
മുഖ്യമന്ത്രിയുടെ മകളാണ് എന്നതുകൊണ്ട് മാത്രമാണ് ദുരാരോപണമെന്ന് ലഘുലേഖ
പിണറായിയെയും വീണയെയും പ്രതിരോധിച്ച് സി.പി.എം ലഘുലേഖ
cancel

തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മകൾ വീണക്കും പ്രതിരോധം തീർത്തും വിവാദങ്ങൾ വിശദീകരിച്ചും ലഘുലേഖയുമായി സി.പി.എം. ഇ.ഡി നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് അടിവരയിടുന്ന ലഘുലേഖ കേന്ദ്രനീക്കം പിണറായിയെയും സി.പി.എമ്മിനെയുമാണ് ഉന്നമിടുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. മാസപ്പടി കേസും ഇ.ഡിയുടെ തുടർവെളിപ്പെടുത്തലുകളും വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ലഘുലേഖ പുറത്തിറക്കുന്നത്. മുതിർന്ന നേതാവിന്‍റെ പാർട്ടി അംഗമല്ലാത്ത കുടുംബാംഗവുമായി ബന്ധപ്പെട്ട കേസിൽ ആദ്യമായിട്ടാവും പാർട്ടി ലഘുലേഖ പുറത്തിറങ്ങുന്നത്.

എക്സാലോജിക് കമ്പനിക്കെതിരെ ആരോപണം ഉയർന്നുവന്നതെങ്ങനെ, ആദായ നികുതി തർക്ക പരിഹാര ബോർഡ് പറഞ്ഞതെന്ത്, എന്തിനാണ് ഇ.ഡി കേസെടുത്തത്, എക്സാലോജിക് കമ്പനിക്ക് പണം നൽകിയത് എന്തിന് വേണ്ടി...എന്നിങ്ങനെ ചോദ്യോത്തര സ്വഭാവത്തിലാണ് ലഘുലേഖ. ഒരു വസ്തുതയും വ്യക്തതയുമില്ലാത്ത കേസാണിതെന്നും ഇ.ഡി ഉദ്യോഗസ്ഥർ നിയമവിരുദ്ധ മാർഗങ്ങളിലൂടെയാണ് കേസിനാധാരമായ മൊഴി തയാറാക്കിയതെന്നും ലഘുലേഖയിൽ പറയുന്നു.

എസ്.എഫ്.ഐ.ഒ യുടെ പ്രധാന കണ്ടെത്തലായി പറയുന്ന 182 കോടി രൂപ വാങ്ങിയവരിൽ യു.ഡി.എഫ് നേതാക്കളായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടി, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവരുണ്ടെന്നതാണ് രേഖയിലെ വാദങ്ങളിലൊന്ന്. നിയമാനുസൃതം കരാറിലേർപ്പെട്ടവരുടെ പേരിൽ കേസെടുക്കുകയും ചെയ്യുന്നതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമാണെന്നും, മുൻ മുഖ്യമന്ത്രിയെ വലിച്ചിഴക്കാനുള്ള രാഷ്ട്രീയ പദ്ധതിയാണ് ഇതിന് പിന്നിലെന്നും ലഘുലേഖയിൽ പറയുന്നു.

ഇ.ഡി കത്ത് അവഗണിക്കാനാകില്ലെന്ന് നിയമോപദേശം -ചെന്നിത്തല

തിരുവനന്തപുരം: സി.എം.ആർ.എൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ ഇ.ഡി നൽകിയ കത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇ.ഡിയുടെ കത്ത് അവഗണിക്കാനാകില്ലെന്ന് നിയമോപദേശത്തിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇ.ഡിയുടെ കത്തിൽ ആഭ്യന്തരവകുപ്പ് അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം തേടിയിരുന്നു. രണ്ട് ദിവസം മുമ്പ് എ.ജിയുടെ നിയമോപദേശം ലഭിച്ചു. തുടർന്ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയാണ് അന്വേഷണത്തിന് ഡി.ജി.പിക്ക് നിർദേശം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമോപദേശത്തിലെ സുപ്രധാന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണത്തിന് വഴിയൊരുങ്ങിയത്. ഇ.ഡി ഡി.ജി.പിക്ക് നൽകുന്ന കത്തോ റിപ്പോർട്ടോ അവഗണിക്കാൻ പാടില്ലെന്ന് വിജയമണ്ഡല കേസ് വിധി പ്രത്യേകമായി ചൂണ്ടിക്കാണിക്കുന്നതായി എ.ജി വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ, നിയമത്തിന്‍റെയും നിലനിൽക്കുന്ന സുപ്രീംകോടതി വിധികളുടെയും അടിസ്ഥാനത്തിൽ സർക്കാറിന് വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടതുണ്ട്.

പൊലീസ് മേധാവിക്ക് ലഭിച്ച കത്തിന്മേൽ തുടർനടപടികൾ ആവശ്യമാണെന്ന നിലപാടാണ് നിയമോപദേശത്തിലുള്ളത്. ഈ ഉപദേശം മുൻനിർത്തിയാണ് ഇ.ഡി കത്തിൽ അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അന്വേഷണം തള്ളി ഗോവിന്ദൻ

തിരുവനന്തപുരം: മടിയിൽ കനമില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പിന്നെ എന്തിനാണ് അന്വേഷണത്തെ ഭയപ്പെടുന്നത് എന്ന വാർത്തസമ്മേളനത്തിലെ ചോദ്യത്തോട് കള്ളത്തിന്‍റ പുറത്ത് എന്ത് അന്വേഷണമാണ് നടത്തേണ്ടതെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ മറുപടി.

അന്വേഷണത്തിന്റെ പ്രസക്തി ഇല്ലെന്ന് എന്നതാണ് പാർട്ടി സമീപനം. ഈ കേസെല്ലാം ചില മൊഴിയുടെ അടിസ്ഥാനത്തിലാണ്. ആ മൊഴിയെല്ലാം ഭീഷണിപ്പെടുത്തി എഴുതിയതാണെന്ന് ഇതിനോടകം വെളിപ്പെടുത്തൽ ഉണ്ടായിട്ടുണ്ട്. കോൺഗ്രസും ബി.ജെ.പിയും ചേർന്നുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നത്.

അന്വേഷിക്കുന്നതുകൊണ്ട് സി.പി.എമ്മിന് ഒരു ഭയവുമില്ല. ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ കഥയാണെന്നും ഗോവിന്ദൻ പറഞ്ഞു.

സർക്കാർ തീരുമാനത്തിന് അനുസaരിച്ച് അന്വേഷണം -ഡി.ജി.പി

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടി സംബന്ധിച്ച ഇ.ഡി കത്തിൽ സർക്കാർ തീരുമാനത്തിനനുസരിച്ച് അന്വേഷണം നടത്തുമെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിന്‍റെ തുടർനടപടികളും കാര്യങ്ങളും സർക്കാറുമായുള്ള ചർച്ചകളെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ലഭിച്ചിട്ടില്ലെന്നും മറ്റ് കാര്യങ്ങൾ സംസാരിക്കാനാണ് ആഭ്യന്തര മന്ത്രിയെ കണ്ടതെന്നും ഡി.ജി.പി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CPM pamphlet defending Pinarayi and Veena
Next Story