'സന്ദീപ് വാര്യർക്കായി വെള്ളം തിളക്കുംമുമ്പ് അരിയിട്ടു, മോന്തായം വളഞ്ഞാൽ കഴുക്കോലും വളയും'; എ.കെ. ബാലന് സി.പി.എം പാലക്കാട് ജില്ല സമ്മേളനത്തിൽ രൂക്ഷ വിമർശം
text_fieldsപാലക്കാട്: പാലക്കാട് ജില്ല സമ്മേളനത്തിൽ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന് വിമർശനം. ബി.ജെ.പി നേതാവായിരുന്ന സന്ദീപ് വാര്യർ ബി.ജെ.പി വിട്ടപ്പോൾ എ.കെ. ബാലൻ നടത്തിയ പുകഴ്ത്തൽ പരാമർശം ഉയർത്തിയാണ് രൂക്ഷ വിമർശനമുയർന്നത്. ‘സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ സഖാവാകും’ എന്ന പരാമർശം വെള്ളം തിളക്കുംമുമ്പ് അരിയിടുന്നതിന് തുല്യമായെന്നാണ് വിമർശനം.
ഈനാംപേച്ചി, മരപ്പട്ടി പരാമർശങ്ങളിലൂടെ ബാലൻ പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കി. സ്വന്തം പാർട്ടിയെ അണികൾക്കിടയിൽതന്നെ ഇകഴ്ത്തിക്കാട്ടുന്നതായി ഈ പരാമർശങ്ങൾ. മോന്തായം വളഞ്ഞാൽ കഴുക്കോലും വളയുമെന്ന കാര്യം മുതിർന്ന സഖാക്കൾ മറന്നുപോകരുതെന്നും ജില്ല സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ അഭിപ്രായമുയർന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച് പാര്‍ട്ടി ചിഹ്നം സംരക്ഷിക്കണമെന്നും ദേശീയപാര്‍ട്ടി പദവി നഷ്ടപ്പെട്ടാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ചിഹ്നം നഷ്ടമാകുമെന്നും ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിക്കുകയെന്നുമായിരുന്നു ബാലന്റെ പരാമർശം.
പാർട്ടി നടപടി നേരിട്ട മുൻ എം.എൽ.എ പി.കെ. ശശിയെ കെ.ടി.ഡി.സി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. ഗുരുതരമായ പിഴവുകൾ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ശശിയെ മാറ്റാത്തത് ശരിയായില്ലെന്നും പ്രതിനിധികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

