കണ്ണൂർ: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ പിണറായി സർക്കാറിന് പ്രതിരോധം തീർക്കാൻ പാർട്ടി അണികൾക്ക് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജെൻറ നിർദേശം.
നിയമനം ലഭിക്കാത്തതിെൻറ പേരില്‍ തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണിത്. സമൂഹമാധ്യമങ്ങളിൽ ഇടേണ്ട കമൻറുകള്‍ പാര്‍ട്ടി തയാറാക്കി നല്‍കുമെന്നും ഒരു ലോക്കല്‍ കമ്മിറ്റി 300 മുതല്‍ 400 വരെ കമൻറുകള്‍ ഇടണമെന്നും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന എം.വി. ജയരാജെൻറ ശബ്ദ സന്ദേശത്തിൽ പറയുന്നു.
എതിരാളികള്‍ നല്ലതുപോലെ ആസൂത്രിതമായുള്ള കമൻറുകള്‍ രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നമ്മളും ആസൂത്രിതമായ രീതി ഉണ്ടാക്കണം. ഒരാള്‍തന്നെ പത്തും പതിനഞ്ചും കമൻറ് ചെയ്തിട്ട് കാര്യമില്ല. കൂടുതല്‍ പേര് കമൻറ് ചെയ്യുക എന്നിടത്ത് എത്തണം. ബ്രാഞ്ച് സെക്രട്ടറിമാര്‍ വരെയുള്ള സഖാക്കള്‍ക്ക് ഈ നിര്‍ദേശം പോകേണ്ടതുണ്ടെന്നും ജയരാജെൻറ സന്ദേശത്തിൽ പറയുന്നു.