ആർ.എസ്.എസ്. പരിപാടിയിൽ സി.പി.എം എം.എൽ.എ പങ്കെടുത്തത് വിവാദമായി
text_fieldsതൃശൂർ: ആർ.എസ്.എസ്. സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത സി.പി.എം എം.എൽ.എയുടെ നടപടി വിവാദത്തിലേക്ക്. ബുധനാഴ്ച രാവിലെ ഊരകത്ത് നടന്ന പരിപാടിയിൽ ഇരിങ്ങാലക്കുട എം.എൽ.എ പ്രഫ.കെ.യു. അരുണൻ പങ്കെടുത്തതാണ് വിവാദമായത്.
ആർ.എസ്.എസ് സേവാപ്രമുഖ് ആയിരുന്ന കുഞ്ഞിക്കണ്ണന്റെ സ്മരണക്കായി ഊരകം ശാഖ വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ പുസ്തക വിതരണ പരിപാടിയാണ് എം.എൽ.എ ഉദ്ഘാടനം ചെയ്തത്. കോൺഗ്രസ് എം.എൽ.എ വി.ടി. ബൽറാം ഇതിനെതിരായ ആക്ഷേപം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘പകൽ സി.പി.എം, പകൽ തന്നെ ആർ.എസ്.എസ്’ എന്ന ഹാഷ് ടാഗോടെയാണ് ബൽറാമിെൻറ കമൻറ്. ആർ.എസ്.എസ് പരിപാടിയിൽ എം.എൽ.എ പങ്കെടുക്കുന്ന പടം പ്രചരിച്ചതോടെ സി.പി.എം ജില്ല നേതൃത്വം വിശദീകരണം തേടിയതായാണ് സൂചന. എന്നാൽ പാർട്ടി നേതാക്കളാരും ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല.
ഇക്കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ ചർച്ചയിൽ പങ്കെടുക്കവെ, 1983ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ യുവരാജ്സിങ്ങ് ഉണ്ടായിരുന്നുവെന്ന കെ.യു. അരുണൻ എം.എൽ.എയുടെ പരാമർശം ട്രോളർമാർക്ക് ചാകരയായിരുന്നു.
