സി.പി.എമ്മുകാർ നന്നാകുന്ന ലക്ഷണമില്ല -ജി. സുധാകരൻ
text_fieldsആലപ്പുഴ: സി.പി.എമ്മുകാർ നന്നാകുന്ന ലക്ഷണമില്ലെന്ന് നിയുക്ത എം.എൽ.എ ജി. സുധാകരൻ. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ കഷായംകൊണ്ട് സി.പി.എം നന്നാകില്ല. എങ്ങനെ നന്നാക്കണമെന്ന് പറയേണ്ട കാര്യം ഇനി തനിക്കില്ല. ജി. സുധാകരനെ രണ്ടുവർഷം മുമ്പുതന്നെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടതാണെന്ന് സി.പി.എം ജില്ല സെക്രട്ടറിയേറ്റ് യോഗത്തിൽ അഭിപ്രായം പറഞ്ഞവരും സ്ഥാനമോഹികളുമാണ് പാർട്ടിയെ നശിപ്പിക്കുന്നത്.
മോഷ്ടിക്കുന്നവരും വെള്ളമടിക്കുന്നവരും മാത്രംമതി പാർട്ടിക്കുള്ളിൽ. തനിക്ക് ചെയ്യാവുന്ന സേവനമൊക്കെ 61 വർഷംകൊണ്ട് ചെയ്തു. ലോക്കൽ കമ്മറ്റി അംഗത്തെകൊണ്ട് തന്റെ അച്ഛനെവരെ ചീത്ത വിളിപ്പിച്ചു. സ്വന്തം അച്ഛനെ ബഹുമാനിക്കുന്ന ആരും പിന്നെ പാർട്ടിയിൽ നിൽക്കില്ല. സി.പി.എം ജില്ല സെക്രട്ടറി പറയുന്നത് കേൾക്കാത്ത ശുംഭനാണ് ചാരുംമൂട് ഏരിയ സെക്രട്ടറി. അനുജന്റെ രക്തസാക്ഷി മണ്ഡപത്തിൽ പോകാൻ എനിക്ക് അവകാശമുണ്ട്. അനുജന്റെ രക്തസാക്ഷി ദിനത്തിലും സ്മാരകത്തിലെത്തും. തടയുമോയെന്നത് നോക്കട്ടെ.
ജില്ല സെക്രട്ടറി ആർ. നാസർ എന്നെ തടയുന്നത് ശരിയല്ലെന്നു പറഞ്ഞു. അത് കേൾക്കാത്ത ശുംഭനാണ് അവിടെയുള്ളത്. ഏരിയ സെക്രട്ടറി രക്തസാക്ഷിയെയും കുടുംബത്തെയും അപമാനിക്കുകയാണ് ചെയ്തത്. നിർഭയമായും സ്വതന്ത്രമായും രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്നാണ് ആഗ്രഹം -സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

