കണ്ണൂരിൽ സി.പി.എമ്മിന് ഒരുലക്ഷത്തോളം വോട്ട് കുറഞ്ഞു
text_fieldsകണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ സി.പി.എമ്മിന് വൻ വോട്ട് ചോർച്ച. 2021ലെ വോട്ടുകണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഒരുലക്ഷത്തോളം വോട്ടിന്റെ കുറവാണ് സി.പി.എമ്മിനുണ്ടായത്. ജില്ലയിലെ 11 മണ്ഡലങ്ങളിൽ കല്യാശ്ശേരി, തലശ്ശേരി, ധർമടം, മട്ടന്നൂർ, പേരാവൂർ, അഴീക്കോട്, പയ്യന്നൂർ, തളിപ്പറമ്പ് എന്നീ എട്ടു മണ്ഡലങ്ങളിലാണ് സി.പി.എം സ്ഥാനാർഥികൾ മത്സരിച്ചത്. ഇരിക്കൂറിലും കൂത്തുപറമ്പിലും ഘടകകക്ഷികളുമാണ് മത്സരിച്ചത്.
സി.പി.എം മത്സരിച്ച ഈ എട്ട് മണ്ഡലങ്ങളിലായി 6,77,606 വോട്ടാണ് 2021ൽ ലഭിച്ചത്. ഇതേ മണ്ഡലങ്ങളിലായി ഇക്കുറി 5,92,820 വോട്ടാണ് ലഭിച്ചത്. അതായത് 84,786 വോട്ടിന്റെ കുറവ്. മത്സരിച്ചത് ആർ.ജെ.ഡിയെങ്കിലും പാർട്ടിശക്തികേന്ദ്രമായ കൂത്തുപറമ്പിലേത് കൂട്ടുമ്പോൾ ഇതിലധികം വരും. ഈ എട്ട് മണ്ഡലങ്ങളിൽ യു.ഡി.എഫിന് കഴിഞ്ഞതവണ 4,09,888 വോട്ടുണ്ടായിരുന്നത് ഇക്കുറി 5,54,591 ആയി വർധിച്ചു. യു.ഡി.എഫിന് 1,44,703 വോട്ടിന്റെ വർധനയുണ്ടായി. സി.പി.എമ്മിന്റെ വോട്ടുകൾ ഒഴുകിയത് യു.ഡി.എഫിലേക്ക് എന്നർഥം.
സി.പി.എം വിമതർ യു.ഡി.എഫ് സ്വതന്ത്രസ്ഥാനാർഥികളായി വിജയിച്ച തളിപ്പറമ്പിലും പയ്യന്നൂരിലുമാണ് ഏറ്റവും കൂടുതൽ വോട്ടുചോർച്ച. തളിപ്പറമ്പിൽ കഴിഞ്ഞതവണ എം.വി. ഗോവിന്ദന് 92,870 വോട്ടാണ് ലഭിച്ചത് -ഭൂരിപക്ഷം 22,689. ഇത്തവണ പി.കെ. ശ്യാമളക്ക് 78,788 വോട്ടാണ് കിട്ടിയത്. അരലക്ഷം വോട്ടിന് പയ്യന്നൂരിൽ കഴിഞ്ഞതവണ വിജയിച്ച ടി.ഐ. മധുസൂദനന് 93,695 വോട്ടാണ് ലഭിച്ചത്. ഇത്തവണ 69,153 ആയി. അരലക്ഷത്തിലേറെ ഭൂരിപക്ഷത്തോടെ ജയിച്ച പിണറായി വിജയന് ധർമടത്ത് കഴിഞ്ഞതവണ 95,522 വോട്ട് ലഭിച്ചിരുന്നിടത്ത് ഇക്കുറി 85,614 ആണ്. മട്ടന്നൂരിൽ 2021ൽ കെ.കെ. ശൈലജക്ക് 96,129 വോട്ട് കിട്ടിയ സ്ഥാനത്ത് വി.കെ. സനോജിന് 81,456 വോട്ടാണ് ലഭിച്ചത്. കല്യാശ്ശേരി 88252-81428, അഴീക്കോട് 65794- 64951, പേരാവൂർ 63534-61687, തലശ്ശേരി 81810-69743 എന്നിങ്ങനെയാണ് 2021ലെയും ഈവർഷത്തെയും കണക്കുകൾ. ഇതിൽ തലശ്ശേരിയിൽ പത്രിക തള്ളിയതിനാൽ കഴിഞ്ഞതവണ ബി.ജെ.പി സ്ഥാനാർഥി ഇല്ലായിരുന്നു. ഇത്തവണ ബി.ജെ.പി 22,754 വോട്ട് നേടി. അഞ്ചുവർഷത്തിനിടെ കൂടിയ വോട്ടർമാരുടെ എണ്ണത്തിന് ആനുപാതിക നേട്ടവും സി.പി.എമ്മിന് ലഭിച്ചില്ല എന്നത് വോട്ടുവോർച്ചയുടെ ആഴം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

