കെ.സിക്ക് അനുകൂലമായി ഫ്ലക്സ്: പ്രാദേശിക നേതാവിന്റെ നടപടിയെ തള്ളി സി.പി.എം
text_fieldsതൃശൂർ: കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന് അനുകൂലമായി ഫ്ലക്സ് ബോർഡ് സ്ഥാപിച്ച സി.പി.എം പ്രാദേശിക നേതാവിന്റെ നടപടിയെ തള്ളി പാർട്ടി നേതൃത്വം. വാടാനപ്പള്ളിയിലെ സി.പി.എം പ്രവർത്തകൻ അരവശ്ശേരി മുഹമ്മദ് ഫ്ലക്സ് വെച്ച സംഭവത്തിലാണ് സി.പി.എം തൃശൂർ ജില്ല സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ പ്രതികരണവുമായി രംഗത്തെത്തിയത്.
നടപടി തികച്ചും തെറ്റാണെന്നും യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഈ പ്രവൃത്തി പൂർണമായും പാർട്ടി നയത്തിന് വിരുദ്ധമാണ്.
സംഭവത്തിൽ ഇയാളിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ട്. വിഷയത്തിൽ ഉചിതമായ തുടർനടപടികൾ സ്വീകരിക്കാൻ നാട്ടിക ഏരിയ കമ്മിറ്റിക്ക് കർശന നിർദേശം നൽകിയതായും ജില്ല സെക്രട്ടറി വ്യക്തമാക്കി. സേവ് കോൺഗ്രസ് എന്ന പേരിൽ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലാണ് ബോർഡ് ഉയർന്നത്. സംഭവത്തിൽ കോൺഗ്രസിന്റെ പരാതിയിൽ മുഹമ്മദിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സി.പി.എം ഗൂഢാലോചന -ഡി.സി.സി പ്രസിഡന്റ്
തൃശൂർ: വാടാനപ്പള്ളിയിൽ കെ.സി. വേണുഗോപാലിന്റെ പേരിൽ പാതിരാത്രി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് യു.ഡി.എഫിൽ ഭിന്നതയുണ്ടാക്കാനും കുഴപ്പങ്ങൾ സൃഷ്ടിക്കാനുമുള്ള സി.പി.എമ്മിന്റെ ഗൂഢാലോചനയെന്ന് തൃശൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ഇരുട്ടിന്റെ മറവിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന്റെ ശോഭ കെടുത്താനോ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണ ഇല്ലാതാക്കാനോ സാധിക്കില്ല. ഇത്തരം പ്രവൃത്തികൾ മാർക്സിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ ജീർണതയാണ് വെളിവാക്കുന്നത്. ഭരണ പരാജയം മൂലം ജനങ്ങൾ അവരെ തെരഞ്ഞെടുപ്പിലൂടെ പുറത്താക്കി. ജനമനസ്സുകളിൽ പൂർണമായും ഇടം നഷ്ടപ്പെട്ട സി.പി.എം, രാഷ്ട്രീയമായി പിടിച്ചുനിൽക്കാൻ ഇത്തരം വിലകുറഞ്ഞ മാർഗങ്ങളാണ് സ്വീകരിക്കുന്നത്.
ഫ്ലക്സ് വെച്ച മുഹമ്മദ് പിന്നീട് സി.പി.എമ്മിന്റെ വാട്സ് ആപ് ഗ്രൂപ്പിലിട്ട വോയ്സ് സന്ദേശത്തിലൂടെ പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് പുറത്തുവരുന്നത്. സി.പി.എം നേതൃത്വത്തിന്റെ അറിവോ നിർദേശമോ ഇല്ലാതെ ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവിനെപ്പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുള്ള ഒരാൾ ഇത്തരം പ്രവൃത്തികൾക്ക് മുതിരില്ലെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

