സി.പി.എം പട്ടിക എട്ടോടെ; ഭാഗിക ടേം വ്യവസ്ഥ കേരള കോൺഗ്രസ് (എം), ആർ.ജെ.ഡി എന്നിവക്ക് അധികസീറ്റുണ്ടാവില്ല
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർഥി പട്ടിക വിവിധ പാർട്ടി ഘടകങ്ങളിലെ ചർച്ചകൾ പൂർത്തിയാക്കി മാർച്ച് എട്ടോടെ പ്രഖ്യാപിക്കും. ഉറപ്പായും ജയിക്കുന്ന മണ്ഡലങ്ങളിൽ രണ്ടുടേം വ്യവസ്ഥ നടപ്പാക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സ്ഥാനാർഥി നിർണയത്തിൽ വിജയത്തിനാണ് ആദ്യ പരിഗണന. അതിനൊപ്പം, സംസ്ഥാനത്തെ നയിക്കാനും നിയമസഭയിൽ ഉറച്ച ശബ്ദമാകാനും കഴിയുന്ന പ്രമുഖ നേതാക്കൾക്കും മത്സരത്തിന് അവസരം നൽകും.
14 ജില്ല സെക്രട്ടേറിയറ്റുകൾ നൽകിയ ഓരോ മണ്ഡലത്തിലെയും ജയസാധ്യതയുള്ളവരുടെ പേരുകൾ ചർച്ചചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ്, പ്രാഥമിക ധാരണയുണ്ടാക്കി. ഇതിൽതന്നെ നിരവധി മണ്ഡങ്ങളിൽ ഒന്നിലേറെ പേരുകളുണ്ട്. മാർച്ച് നാലിനകം എല്ലാ ഘടകകക്ഷികളുമായും ഉഭയകക്ഷി ചർച്ച പൂർത്തിയാക്കിയശേഷം പട്ടിക തയാറാക്കി അഞ്ചിന് ചേരുന്ന സംസ്ഥാന കമ്മിറ്റിയിലവതരിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗീകാരശേഷം പട്ടിക വീണ്ടും അതാത് ജില്ല സെക്രട്ടേറിയറ്റുകളിലേക്കയച്ച് ബന്ധപ്പെട്ട മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം കേട്ടാണ് അന്തിമ പട്ടിക മാർച്ച് എട്ടോടെ പ്രഖ്യാപിക്കുക. തുടർച്ചയായി പാർട്ടി ജയിക്കുന്ന മണ്ഡലങ്ങളിലാണ് രണ്ടു ടേം വ്യവസ്ഥ നടപ്പാക്കുക.
അതേസമയം, ചിലയിടങ്ങളിൽ നിലവിലെ എം.എൽ.എമാർ മത്സരിച്ചാൽ മാത്രമേ ജയിക്കൂ എന്ന അവസ്ഥയുണ്ട്. അവിടങ്ങളിൽ ടേം വ്യവസ്ഥ ഒഴിവാക്കാനാണ് ധാരണ. ഭാഗിക ടേം വ്യവസ്ഥയുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുന്ന സീറ്റുകളിൽ സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനമാണ് അന്തിമം. ജില്ല ഘടകങ്ങളിൽനിന്ന് വന്ന പട്ടികയിൽ തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയി, ആലപ്പുഴ ജില്ല സെക്രട്ടറി ആർ. നാസർ എന്നിവരുടെ പേരുകളുണ്ട്. ഇവർ സ്ഥാനാർഥികളാകുന്ന പക്ഷം പുതിയ സെക്രട്ടറിമാരെ ആദ്യമേ തെരഞ്ഞെടുക്കും. പാർട്ടി സ്ഥാനാർഥികൾക്ക് ഒട്ടും ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രരെ മുൻകാലങ്ങളിലെപോലെ പരിഗണിക്കും. ഇതിനകം സ്വതന്ത്രരായി മത്സരിച്ച് എം.എൽ.എമാരും മന്ത്രിമാരുമായവരെയും പുതുമുഖങ്ങളെയുമാണ് കളത്തിലിറക്കുക.
കഴിഞ്ഞ തവണ അനുവദിച്ചിട്ടും സി.പി.എം പ്രവർത്തകരുടെ പ്രതിഷേധം കാരണം കുറ്റ്യാടി സീറ്റിൽ മത്സരിക്കാൻ കഴിയാതിരുന്ന കേരള കോൺഗ്രസ്-എം പകരം സീറ്റ് ആവശ്യപ്പെടുന്നതും ആർ.ജെ.ഡി കൂടുതൽ സീറ്റുകൾ ഉന്നമിടുന്നതും സെക്രട്ടേറിയറ്റ് ചർച്ച ചെയ്തെങ്കിലും വിട്ടുവീഴ്ചചെയ്യണമെന്ന നിലപാടായിരിക്കും ഉഭയകക്ഷി ചർച്ചയിൽ സി.പി.എം മുന്നോട്ടുവെക്കുക. തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരള കോൺഗ്രസിൽനിന്നും വിഴിഞ്ഞം അന്താരാഷ്ട്ര തുറമഖം യാഥാർഥ്യമായ പശ്ചാത്തലത്തിൽ കോവളം ജെ.ഡി.എസിൽ (ഇപ്പോൾ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ) നിന്നും ഏറ്റെടുക്കാൻ സി.പി.എം ഗൗരവപൂർവം ശ്രമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

