പി.എംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് സി.പി.എം; 'സി.പി.ഐയുമായി വിശദ ചർച്ചക്ക് തയാർ, നയം മാറ്റില്ല'
text_fieldsതിരുവനന്തപുരം: കടുത്ത എതിർപ്പിനിടയിലും പി.എംശ്രീ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ആവർത്തിച്ച് സി.പിഎം. എന്നാൽ വിഷയത്തിൽ സി.പി.ഐ ആശങ്ക പരിഹരിക്കുന്നതിനായി വിശദമായ ചർച്ചക്ക് തയാറാണെന്നും സി.പി.എം നേതൃത്വം അറിയിച്ചു. നയംമാറ്റുന്ന പ്രശ്നമില്ലെന്നും പി.എംശ്രീയിൽ ഒപ്പിടാനുള്ള സാഹചര്യം വ്യക്തമാക്കുമെന്നുമാണ് സി.പി.എം നേതൃത്വം സൂചിപ്പിക്കുന്നത്.
വിയോജിപ്പ് പരസ്യമാക്കിയും രാഷ്ട്രീയ സമ്മർദം കടുപ്പിച്ചും നിലപാടിൽ ഉറച്ചുനിന്ന സി.പി.ഐയെ ഞെട്ടിച്ചാണ് പി.എം ശ്രീയിൽ സർക്കാർ ധാരണാപത്രം ഒപ്പിട്ടത്.
പദ്ധതിയിലെ വിയോജിപ്പ് സി.പി.എമ്മിനെ അറിയിച്ചെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സംസ്ഥാന കൗൺസിൽ യോഗത്തിൽ അറിയിച്ചതിന് പിന്നാലെയാണ് കരാറിൽ ഒപ്പിട്ട വാർത്ത പുറത്തുവന്നത്. രൂക്ഷവിമർശനവുമായി സി.പി.ഐ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളും രംഗത്തുവന്നു.
സർക്കാർ നിർദേശപ്രകാരം വ്യാഴാഴ്ച ഡൽഹിയിലെത്തിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ. വാസുകിയാണ് സംസ്ഥാനത്തിനുവേണ്ടി ധാരണാപത്രത്തിൽ ഒപ്പിട്ടത്. പി.എം ശ്രീയിൽ ഒപ്പിടാത്തതിന്‍റെ പേരിൽ ഫണ്ട് തടയപ്പെട്ട സമഗ്രശിക്ഷ കേരളത്തിന്‍റെ (എസ്.എസ്.കെ) ഡയറക്ടർ ഡോ. എ.ആർ. സുപ്രിയയും സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. മൂന്നുതവണ മന്ത്രിസഭ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ പദ്ധതിയിൽ ഒപ്പിടുന്നതിലെ ആശങ്ക അറിയിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയിലെ മന്ത്രിസഭ യോഗത്തിലും മന്ത്രി കെ. രാജൻ സി.പി.ഐയുടെ പ്രതിഷേധവും ആശങ്കയും അറിയിച്ചു.
പദ്ധതിയിൽ ഒപ്പിട്ടതോടെ സമഗ്രശിക്ഷ പദ്ധതിയിൽ തടഞ്ഞുവെച്ച കേന്ദ്രവിഹിതം ഉടൻ അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം പൊതുവിദ്യാഭ്യാസ സെക്രട്ടറിയെ അറിയിച്ചതായാണ് വിവരം. വിവിധ വർഷങ്ങളിലെ കേന്ദ്രവിഹിതമായ 1148 കോടി രൂപയാണ് തടഞ്ഞുവെച്ചത്.
2022ൽ കേന്ദ്ര സർക്കാർ തുടങ്ങിയ പദ്ധതിയുടെ നിഗൂഢ ചരട് മുൻനിർത്തിയാണ് കേരളം ഒപ്പിടുന്നതിൽനിന്ന് പിന്തിരിഞ്ഞുനിന്നത്. ആർ.എസ്.എസ് താൽപര്യപ്രകാരം കാവിവത്കരണ അജണ്ടയിൽ തയാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി -2020) പൂർണാർഥത്തിൽ നടപ്പാക്കണമെന്നാണ് പദ്ധതിക്കായുള്ള ധാരണാപത്രത്തിലെ ഒന്നാമത്തെ വ്യവസ്ഥ. ഈ വ്യവസ്ഥക്ക് കീഴിലാണ് പി.എം ശ്രീക്കായി കേരളം ഒപ്പിട്ടത്. േബ്ലാക്കുകളിൽ രണ്ട് സ്കൂളുകളെ വീതം തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യവികസനം ഉൾപ്പെടെയുള്ളവക്ക് പി.എം ശ്രീ പദ്ധതി വഴി ഫണ്ട് അനുവദിക്കും.
എന്നാൽ, ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനപ്പെടുത്തിയുള്ള പാഠ്യപദ്ധതിയും ബോധനരീതിയും വിലയിരുത്തലുമായിരിക്കണം ഈ സ്കൂളുകൾ പിന്തുടരേണ്ടത്. പി.എം ശ്രീ എന്ന് ചേർത്ത് സ്കൂളിന്‍റെ പേര് മാറ്റുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കുകയും വേണം. പദ്ധതിയുടെ ഭാഗമാകുന്ന സ്കൂളുകളുടെ പേര് പിന്നീട് മാറ്റാൻ പാടില്ലെന്നതടക്കം വ്യവസ്ഥകളും ധാരണാപത്രത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

