സി.പി.എം നേതാക്കൾക്ക് അനുവദിച്ച ഗൺമാൻമാരെ സർക്കാർ തിരിച്ചുവിളിക്കുമെന്ന് സൂചന
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് സി.പി.എം നേതാക്കൾക്ക് അനുവദിച്ച ഗൺമാൻമാരെ സർക്കാർ തിരിച്ചുവിളിക്കുമെന്ന് സൂചന. ഗൺമാൻമാരുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പൊലീസ് ആസ്ഥാനത്ത് ശേഖരിക്കുകയാണ്. സുരക്ഷ ഭീഷണിയുടെ പേരിൽ സി.പി.എം നേതാക്കൾക്ക് വാരിക്കോരി ഗൺമാൻമാരെ അനുവദിച്ചിരുന്നു.
സി.പി.എം നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും കടകംപള്ളി സുരേന്ദ്രനും നിലവിൽ രണ്ട് ഗൺമാൻമാർ വീതമുണ്ട്. ഇതിൽ പി. ജയരാജന് മാത്രമാണു സുരക്ഷാ ഭീഷണിയുള്ളത്. തിരുവനന്തപുരം കോർപറേഷനിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു സി.പി.എം കൗൺസിലർക്കും വ്യക്തമായ കാരണങ്ങളില്ലാതെ ഗൺമാനെ അനുവദിച്ചിരുന്നു. പലർക്കായി അഞ്ഞൂറോളം ഗൺമാൻമാരെ അനുവദിച്ചിട്ടുണ്ടെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള പ്രാഥമിക കണക്ക്.
മുഖ്യമന്ത്രി പിണറായി വിജയന് സെഡ് കാറ്റഗറി സുരക്ഷയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഉപയോഗിക്കുന്നില്ല. എന്നാൽ, അദ്ദേഹത്തിന്റെ സുരക്ഷാ ഡ്യൂട്ടിയുള്ളവർ തിരികെ പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിശ്ചയിക്കുന്നതിന് മുമ്പു തന്നെ അവരുടെ ഗൺമാൻമാരായി പൊലീസിലെ അടുപ്പക്കാർക്ക് നിയമനം തേടി വിവിധ കോൺഗ്രസ് നേതാക്കൾ സമ്മർദം തുടങ്ങിയിട്ടുണ്ട്.
പുതിയ സർക്കാർ അധികാരമേൽക്കും മുമ്പ് വി.ഡി. സതീശനും രമേശ് ചെന്നിത്തലക്കും പൈലറ്റും എസ്കോർട്ടും പൊലീസ് അനുവദിച്ചിരുന്നു. എന്നാൽ, ഇരുവരും പൊലീസ് എസ്കോർട്ട് തിരിച്ചയച്ചു. ആരു മുഖ്യമന്ത്രിയാകുമെന്ന് പൊലീസിനും വ്യക്തതയില്ലാത്തതിനാലാണ് ഇരുവർക്കും പൈലറ്റും എസ്കോർട്ടും അനുവദിക്കാൻ തീരുമാനിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഭരണമാറ്റത്തിന് പിന്നാലെ പൊലീസിലും സ്ഥാനചലനങ്ങൾക്ക് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെത്തുമെന്നതിന്റെ അടിസ്ഥാനത്തിൽ പൊലീസ് തലപ്പത്തെ നിയമനങ്ങളിലും മാറ്റമുണ്ടാകും. നിലവിലെ പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖറിന് 15 മാസത്തേക്കു കൂടി സർവിസുണ്ട്. പുതിയ സർക്കാർ വരുന്നതോടെ എ.ഡി.ജി.പി മുതൽ എസ്.ഐമാർ വരെ സമഗ്ര അഴിച്ചുപണിയുണ്ടാകും. പിണറായി സർക്കാർ അവസാനഘട്ടത്തിൽ മാറ്റിനിർത്തിയ യോഗേഷ് ഗുപ്തയെ പ്രധാന ചുമതലയിലേക്ക് എത്താനാണ് സാധ്യത. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എച്ച്. വെങ്കടേഷിന് സ്ഥാനചലനമുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്. പി. വിജയനോ ദിനേന്ദ്ര കശ്യപിനോ പകരം ചുമതല നൽകും. പി. വിജയൻ പരിഗണിക്കപ്പെട്ടാൽ ദിനേന്ദ്ര കശ്യപ് ഇന്റലിജൻസ് മേധാവി സ്ഥാനത്ത് എത്തിയേക്കും. ജയിൽമേധാവി ബൽറാം കുമാർ ഉപാധ്യായക്കും സ്ഥാനമാറ്റമുണ്ടാകാൻ സാധ്യതയുണ്ട്.
ഇടത് അനുകൂല ഉദ്യോഗസ്ഥരെ സ്ഥലം മാറ്റണമെന്ന് കോൺഗ്രസ് അനുകൂല പൊലീസ് സംഘടനകൾ ശക്തമായ സമ്മർദം ആരംഭിച്ചിട്ടുണ്ട്. സ്ഥലം മാറ്റേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ചകൾ ആരംഭിച്ചുവെന്നാണ് വിവരം. മുൻ ഭരണകാലത്ത് മറ്റു ജില്ലകളിലേക്ക് അകാരണമായി മാറ്റിയ ഉദ്യോഗസ്ഥരെ തിരികെ നിയമിക്കണമെന്നും വലത് സംഘടന നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. 10 വർഷമായി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്പെഷൽ ബ്രാഞ്ചിലും ക്രൈം റെക്കോർഡ്സ് ബ്യൂറോയിലും ക്യാംപുകളിലും മറ്റുമായി ജോലി ചെയ്യുന്ന ഇടത് അനുകൂല ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയാറാക്കിയത്. ഇവരെ കൂട്ടത്തോടെ ലോക്കൽ സ്റ്റേഷനുകളിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ പ്രധാന ഇടങ്ങളിലെ റൈറ്റർ, അസിസ്റ്റന്റ് റൈറ്റർ എന്നീ തസ്തികയിലുള്ളവരെ മാറ്റി. എ.ആർ ക്യാംപ്, കൺട്രോൾ റൂം, ട്രാഫിക്, കമീഷണർ ഓഫിസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പ്രധാനമായും ഇടത് അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പകരം വലത് അനുകൂല ഉദ്യോഗസ്ഥരെ നിയമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

