തെരഞ്ഞെടുപ്പ് തോൽവി: എം.വി ഗോവിന്ദന്റെ ശരീരഭാഷക്കെതിരെ കണ്ണൂർ ജില്ല കമ്മിറ്റിയിൽ രൂക്ഷവിമർശനം; വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തതിൽ എറണാകുളത്തും പുകച്ചിൽ
text_fieldsകണ്ണൂർ/കൊച്ചി: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സി.പി.എം ജില്ല കമ്മിറ്റി യോഗങ്ങളിൽ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനം.
പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളെ കാണുമ്പോൾ പുലർത്തുന്ന ധാർഷ്ട്യവും ശരീരഭാഷയും ജനങ്ങളിൽ വലിയ അവമതിപ്പുണ്ടാക്കിയെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു. യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് വസ്തുനിഷ്ഠമായ വിശകലനം നടത്താൻ നേതാക്കൾ തയാറാകണമെന്നും ആവശ്യമുയർന്നു.
മലബാറിലെ പാർട്ടി കോട്ടകളിലുണ്ടായ തിരിച്ചടിയും യോഗത്തിൽ ചർച്ചയായി. തളിപ്പറമ്പിൽ പി.കെ. ശ്യാമളക്കെതിരെ അണികൾക്കിടയിലുണ്ടായ എതിർപ്പ് നേതൃത്വം അവഗണിച്ചത് വലിയ തിരിച്ചടിയായി.
തളിപ്പറമ്പിലും പയ്യന്നൂരിലുമുണ്ടായ ആഭ്യന്തര പ്രതിസന്ധികൾ മലബാറിലാകെ പാർട്ടിക്ക് വിപരീത വികാരമുണ്ടാക്കാൻ കാരണമായെന്നും കണ്ണൂരിൽ വിലയിരുത്തലുണ്ടായി.
അതേസമയം, എറണാകുളം ജില്ല കമ്മിറ്റി യോഗത്തിലും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ കടുത്ത അതൃപ്തിയാണ് ഉയർന്നത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗീയ പ്രസ്താവനകളെ പാർട്ടി കൃത്യമായ സമയത്ത് തള്ളിപ്പറയാതിരുന്നത് തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്ന് എറണാകുളത്ത് വിമർശനമുയർന്നു. ഇത് പരമ്പരാഗതമായി പാർപ്പിയെ പിന്തുണച്ചിരുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ ശത്രുപക്ഷത്താകാൻ ഇടയാക്കി.
സ്ഥാനാർഥി നിർണയത്തിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചിട്ടുണ്ട്. പാർട്ടിയിൽ പുതിയ കേഡർമാരെ വളർത്തിക്കൊണ്ടുവരുന്നതിന് ചില മുതിർന്ന നേതാക്കൾ തടസ്സം നിൽക്കുകയാണെന്നും വിമർശനമുയർന്നു. തോൽവിക്ക് പിന്നാലെ താഴേത്തട്ടിൽ ഉൾപ്പെടെ പാർട്ടി നേരിടുന്ന പ്രതിസന്ധികൾ വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വത്തിന് വലിയ തലവേദനയാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

